Friday, December 23, 2011

ചെയുടെ ആഫ്രിക്കന്‍ ഡയറി പുറത്തിറങ്ങി

ഹവാന: ഐതിഹാസിക വിപ്ലവപോരാളി ചെ ഗുവേരയുടെ ആഫ്രിക്കന്‍ ഡയറിയുടെ ആധികാരികമായ ഇംഗ്ലീഷ് പരിഭാഷ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ അവതാരികയോടെ പുറത്തിറങ്ങി. ബൊളിവിയന്‍ വനാന്തരങ്ങളില്‍ വധിക്കപ്പെടുന്നതിനുമുമ്പ് ചെ 1965ല്‍ ആഫ്രിക്കയിലെ കോംഗോയില്‍ അന്നത്തെ ബല്‍ജിയന്‍ കോളോണിയല്‍ ഭരണകൂടത്തിനെതിരെ നടത്തിയ ഒളിപ്പോരിന്റെ ഓര്‍മക്കുറിപ്പുകളാണ് ഡയറിയുടെ ഉള്ളടക്കം. പതിറ്റാണ്ടുകള്‍ക്കുശേഷം ചെയുടെ ഭാര്യ അലൈഡ പരിശോധിച്ച് ഹവാനയിലെ ചെ ഗുവേര പഠനകേന്ദ്രവും ഓസ്ട്രേലിയയിലെ ഓഷ്യന്‍ പ്രസും ചേര്‍ന്ന് പ്രസിദ്ധീകരിച്ചതാണീ ഗ്രന്ഥം.

"തന്റെ ജീവിതത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയില്‍ ചെ ഗുവേര കോംഗോയില്‍ പടക്കിറങ്ങി. ആ ആഫ്രിക്കന്‍ യാത്രയില്‍ ചെ വിതച്ച വിത്ത് ആരാലും പിഴുതെറിയാനാകില്ല"-എന്ന് മാര്‍ക്കേസ് അവതാരികയില്‍ എഴുതുന്നു. ചെയെക്കുറിച്ച് നെല്‍സണ്‍ മണ്ടേലയുടെ വാക്കുകളും പുസ്തകത്തിലുണ്ട്. "ഞങ്ങളുടെ ഭൂഖണ്ഡത്തില്‍ ചെ നടത്തിയ അത്ഭുതകരമായ സാഹസികകൃത്യങ്ങള്‍ ഞങ്ങളില്‍നിന്നൊളിപ്പിക്കാന്‍ ഒരു തടവറക്കും ഒരു നിരോധനത്തിനും കഴിഞ്ഞില്ല. അവ അത്രയ്ക്ക് പ്രകാശമാനമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം സ്വാതന്ത്ര്യസ്നേഹിയായ ഓരോ മനുഷ്യന്റെയും ആവേശമാണ്".

deshabhimani 231211