Friday, December 23, 2011

പരാതിക്കാരിയെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു; മുഖ്യമന്ത്രി തഴഞ്ഞു

ആലപ്പുഴ: പൊലീസ് പീഡനത്തിനെതിരെ പരാതിയുമായി  ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ സ്ത്രീയെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. നേരിട്ട് കാണണമെന്ന് കേണു പറഞ്ഞിട്ടും മുഖ്യമന്ത്രിയും അവരെ അവഗണിച്ചു.

മാവേലിക്കര ചെന്നിത്തല കുറ്റിയാറേത്ത് വീട്ടില്‍ കെ മാധവിയമ്മയെയാണ് പരാതി പറയാന്‍ അനുവദിക്കാതെ  തടഞ്ഞത്. രാവിലെ 9 മണിയോടെയാണ് ഇവര്‍ പരിപാടി നടക്കുന്ന ഇ എം എസ് സ്റ്റേഡിയത്തിലെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും  തടഞ്ഞ് പിന്നിലേക്ക് മാറിനില്‍ക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. ഇവരെ മനോരോഗിയായി ചിത്രീകരിക്കാനുള്ള ശ്രമവും ഇതിനിടെ നടന്നു. മാധവിയമ്മയെ പിന്തിരിപ്പിക്കുന്നത് ഉമ്മന്‍ചാണ്ടി കെണ്ടങ്കിലും പിന്നെ കാണാമെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.തുടര്‍ന്ന് വൈകുന്നേരംവരെ കാത്തുനിന്ന ശേഷം മാധവിയമ്മ നിരാശയോടെ മടങ്ങുകയാണുണ്ടായത്.

കോടതി ഇടപെട്ട പരാതിയാണ് മാധവിയമ്മയുടേത്. 1996ല്‍ മാന്നാര്‍ സി ഐ ഓഫീസില്‍ പാര്‍ട്ട് ടൈം തൂപ്പുകാരിയായി അവര്‍ക്ക് ജോലി ലഭിച്ചിരുന്നെങ്കിലും 1998ല്‍ അന്നത്തെ സി ഐ പിരിച്ചുവിട്ടു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് ഇവര്‍ 2002ല്‍ അനുകൂല വിധി സമ്പാദിച്ചു. എന്നാല്‍ ജോലി തിരികെ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ മുന്‍ തസ്തികയില്‍ ജോലി ലഭിച്ചു. ഒരു വര്‍ഷത്തിനുശേഷം പഴയ മാന്നാര്‍ സി ഐ വെണ്‍മണിയില്‍ ചാര്‍ജെടുത്തതോടെ വീണ്ടും പിരിച്ചുവിടുകയാണുണ്ടായത്. ഇതിനിടയില്‍ മാധവിയമ്മയെ പൊലീസ് മര്‍ദിച്ച സംഭവമുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്താണ് ഇവര്‍ പരാതിയുമായി ജനസമ്പര്‍ക്ക പരിപാടിക്ക് വന്നത്. മാധവിയമ്മയെ അറിയാവുന്ന ചില പൊലീസുകാര്‍ വിവരം ഉന്നതഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് തടഞ്ഞതടക്കമുള്ള സംഭവങ്ങള്‍ അരങ്ങേറിയതെന്ന് സൂചനയുണ്ട്. അതേസമയം തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് മാധവിയമ്മ പറഞ്ഞു.
( ആര്‍ ശ്രീനിവാസ്)

janayugom 231211

1 comment:

  1. പൊലീസ് പീഡനത്തിനെതിരെ പരാതിയുമായി ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ സ്ത്രീയെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. നേരിട്ട് കാണണമെന്ന് കേണു പറഞ്ഞിട്ടും മുഖ്യമന്ത്രിയും അവരെ അവഗണിച്ചു.

    ReplyDelete