Friday, December 23, 2011

ഭക്ഷ്യ (അ) രക്ഷാബില്‍ അവതരിപ്പിച്ചു

കേന്ദ്രം കൊണ്ടുവരുന്ന ഭക്ഷ്യ സുരക്ഷാ ബില്‍ രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ തന്നെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രതിമാസം ഏഴ് കിലോ ഭക്ഷ്യധാന്യമാണ് ബില്‍ വാഗ്ദാനം ചെയ്യുന്നത്. അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് ഇവര്‍ വിലനല്‍കേണ്ടത്. രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. താങ്ങാവുന്ന വിലയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി ഭക്ഷ്യ-പോഷണ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ബില്‍ എന്ന് ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു. പ്രത്യേക ചര്‍ച്ചകളൊന്നും കൂടാതെ കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച ബില്‍ അംഗീകരിച്ചിരുന്നു.

എന്നാല്‍ ബില്‍ നടപ്പാക്കുന്നതിന് ആവശ്യമായി വരുന്ന 1 ലക്ഷം കോടി രൂപ എവിടെനിന്ന് കണ്ടെത്തുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ബില്ലിന്‍മേലുള്ള വന്‍ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബില്‍ നടപ്പാക്കിയാല്‍ ഭക്ഷ്യ സബ്‌സിഡി 27,663 കോടി രൂപ വര്‍ദ്ധിച്ച് 95,000 കോടിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭക്ഷ്യധാന്യ ശേഖരം നിലവില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന 55 ദശലക്ഷം ടണ്ണില്‍ നിന്നും 61 ദശലക്ഷം ടണ്ണായി ഉയരും. ഇക്കാര്യങ്ങളൊക്കെ എങ്ങനെ ഉറപ്പാക്കുമെന്നതിന് ഉത്തരമില്ല. ബില്ലില്‍ പറഞ്ഞിരിക്കുന്നതു പോലെ കാര്യങ്ങള്‍ നേരാംവണ്ണം നടപ്പാക്കാനാകുമെന്ന് ഉറപ്പു പറയാനാവില്ലെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അദ്ധ്യക്ഷന്‍ സി രംഗരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷ്യ സുരക്ഷ ഏറ്റവു അത്യാവശ്യമായവര്‍ക്ക് മാത്രമായി നടപ്പാക്കിയാല്‍ ഭേദപ്പെട്ട നിലയില്‍ നടപ്പാക്കാനാകുമെന്നാണ് രംഗരാജന്റെ അഭിപ്രായം. ബില്ലിന്റെ കാര്യക്ഷമമായ നടത്തിപ്പിനെക്കുറിച്ചുള്ള അവ്യക്തതകള്‍ക്കൊന്നും മറുപടി നല്‍കാതെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കിയെന്നു വരുത്തിതീര്‍ക്കാന്‍ തട്ടിക്കൂട്ടിയ ബില്ലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഭക്ഷ്യ സുരക്ഷാ ബില്ലെന്നും സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

janayugom 231211

1 comment:

  1. കേന്ദ്രം കൊണ്ടുവരുന്ന ഭക്ഷ്യ സുരക്ഷാ ബില്‍ രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ തന്നെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

    ReplyDelete