Wednesday, December 21, 2011

പുകഞ്ഞു തീരുന്നത് ലക്ഷകണക്കിന് ജീവിതങ്ങള്‍

സംസ്ഥാനത്ത് 28 ലക്ഷം പേര്‍ പുകയിലയുടെ അമിത ഉപയോഗംമൂലം അകാലമരണം കാത്തിരിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം സൃഷ്ടിക്കുന്ന വിപത്തുകള്‍ അതിഭീകരമായി വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ മുതിര്‍ന്നവരില്‍ 21.4 ശതമാനവും പുരുഷന്‍മാരില്‍ 35.5 ശതമാനവും സ്ത്രീകളില്‍ 8.5 ശതമാനവും കേരളീയര്‍ ഏതെങ്കിലും തരത്തിലുള്ള പുകയില ഉല്പന്നത്തിന് അടിമകളാണ്. ഇവരില്‍ നല്ല പങ്കും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരാണ്. മറ്റു പല തരത്തിലുള്ള രോഗങ്ങള്‍ക്കടിമകളായ ഇവരില്‍ പുകയിലയുടെ സാന്നിധ്യം കൂടുതല്‍ രോഗങ്ങള്‍ക്കു കാരണമാകുന്നു. അത് ഈ വിഭാഗങ്ങളില്‍ ദാരിദ്ര്യത്തിന്റെ തോതു വര്‍ധിപ്പിക്കുന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മരണത്തിനിടയാക്കാവുന്ന എട്ടു പ്രധാന കാരണങ്ങളില്‍ ആറും പുകയിലയുടെ ഉപയോഗം കൊണ്ടുണ്ടാകുന്നതാണ്. രക്തയോട്ടം നിലയ്ക്കുന്നതുകൊണ്ടുള്ള ഹൃദ്രോഗം, മസ്തിഷ്‌ക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ക്ഷയം, ശ്വാസനാളത്തിനുള്ള രോഗബാധ, പല തരത്തിലുള്ള കാന്‍സറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം ആര്‍ സി സിയില്‍ 2005ല്‍ ഇവിടെ പുകയിലജന്യ കാന്‍സര്‍ കാരണം 4555 പേരാണ് രജിസ്‌റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2009 ല്‍ ഇത് 5730 ആയി വര്‍ധിച്ചു. ഇവരില്‍ ഏറിയ പങ്കിനും ശ്വാസകോശത്തിലും വായിലുമാണ് കാന്‍സര്‍ കണ്ടെത്തിയത്. പുകയില ചവയ്ക്കുന്നതാണ് വായിലെ കാന്‍സറിനുള്ള പ്രധാന കാരണം.

ഈ സാഹചര്യത്തില്‍ പുകയിലയ്‌ക്കെതിരെ പ്രചരണം നടത്തുന്നതിനുള്ള പദ്ധതിക്ക് ഇന്നലെ തുടക്കമായി. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ രൂപം കൊടുത്ത ടുബാക്കോ ഫ്രീ കേരള എന്ന കൂട്ടായ്മയായിരിക്കും പ്രചാരണം നയിക്കുക. ആര്‍ സി സി, മലബാര്‍ കാന്‍സര്‍ സെന്റര്‍, വോയ്‌സ് ഓഫ് ടുബാക്കോ വിക്ടിംസ്, കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് തുടങ്ങിയ സംഘടനകളാണ് കൂട്ടായ്മയിലുള്ളത്. മന്ത്രി അടൂര്‍ പ്രകാശ് കൂട്ടായ്മയുടെ ചെയര്‍മാനും ഡോ. പോള്‍ സെബാസ്‌റ്യന്‍ വൈസ് ചെയര്‍മാനുമാണ്.

janayugom 221211

1 comment:

  1. സംസ്ഥാനത്ത് 28 ലക്ഷം പേര്‍ പുകയിലയുടെ അമിത ഉപയോഗംമൂലം അകാലമരണം കാത്തിരിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം സൃഷ്ടിക്കുന്ന വിപത്തുകള്‍ അതിഭീകരമായി വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

    ReplyDelete