Thursday, December 22, 2011
സെയ്താലിക്കുട്ടി ജന്മിത്തത്തെ രക്തംകൊണ്ട് നേരിട്ട ധീരത
സിരകളില്‍ തുടിക്കുന്ന പോരാട്ടവീറും മനസ്സില്‍ കാരിരിമ്പിന്റെ കരുത്തുമായി ജന്മിത്തത്തെ നേരിട്ട ഒരു രക്തസാക്ഷിയുടെ ഓര്‍മ പൂക്കുന്ന ദിനമാണ് മെയ് നാല്. ഒരു ദരിദ്രകര്‍ഷകന്റെ അവകാശത്തിനുവേണ്ടി വിളയൂരിലെ പാലാട്ടുപാടത്ത് പിടഞ്ഞുവീണ്മരിച്ച പൂഴിക്കുന്നത്ത് സെയ്താലിക്കുട്ടി നാല് പതിറ്റാണ്ടിനുശേഷവും ഇന്നും പോരാട്ടത്തിന്റെ കനല്‍വഴികളില്‍ ആയിരങ്ങള്‍ക്ക് ആവേശമാണ്. കര്‍ഷകരുടെ അവകാശത്തിനുവേണ്ടിയും ജന്മിത്തത്തെ കുഴിച്ചുമൂടാനുമായാണ് സെയ്താലിക്കുട്ടി പോരാടിയത്. മതത്തിന്റെ ശാസനകള്‍ ശക്തമായ കാലത്തുപോലും മുസ്ലിംജന്മിയുടെ കല്‍പ്പനകള്‍ക്കു വഴങ്ങാതെ കര്‍ഷകരുടെ അവകാശത്തിനായി നിലകൊണ്ടു എന്നതാണ് സെയ്താലിക്കുട്ടിയെ ഇന്നും അനശ്വരനാക്കുന്നത്.
പട്ടികജാതിയില്‍പ്പെട്ട പുത്തന്‍വീട്ടില്‍ ചെള്ളി എന്ന കര്‍ഷകനുവേണ്ടിയായിരുന്നു കര്‍ഷകസംഘം നേതൃത്വത്തില്‍ 1970 മെയ് മൂന്നിന് ജന്മിത്തത്തിനെതിരെയുള്ള ഐതിഹാസികസമരം. സമരത്തില്‍ പങ്കെടുക്കുകയും കേസില്‍ രണ്ടാംപ്രതിയുമായ വിളയൂരിലെ കെ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മകളില്‍ ഇന്നും ആ പോരാട്ടത്തിന്റെ ചോര കിനിയുന്ന ഓര്‍മകളുണ്ട്. ഭൂപരിഷ്കരണനിയമം പാസ്സാക്കിയതോടെ ചെള്ളിയുടെ 2.79 ഏക്കര്‍ സ്ഥലം ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള വലിയ പാലത്തിങ്കല്‍ ജന്മിമാരുടെ നീക്കത്തെ കര്‍ഷകസംഘം എതിര്‍ത്തു. 1970 മെയ് മൂന്നിന് നൂറുകണക്കിന് ആളുകളെയും എട്ട്ജോഡി കന്നുകളെയും ഇറക്കി ചെള്ളിയുടെ ഭൂമിയില്‍ ഇവര്‍ ഉഴുതുമറിക്കാന്‍ തുടങ്ങി. ഇതോടെ ഇവരെ നേരിടാന്‍ ചെള്ളിയും കുടുംബാംഗങ്ങളും പാടത്തിറങ്ങി നുകംഅറുത്ത് കന്നുകളെ അഴിച്ചുവിട്ടു. വിവരമറിഞ്ഞ് സെയ്താലിക്കുട്ടിയും കര്‍ഷകസംഘം പ്രവര്‍ത്തകരും സ്ഥലത്തെത്തി. കവുങ്ങിന്റെ അലക് ചെത്തിക്കൂര്‍പ്പിച്ച ആയുധവുമായിട്ടായിരുന്നു അവര്‍ കര്‍ഷകരെ നേരിട്ടത്. ഏറ്റുമുട്ടലില്‍ സെയ്താലിക്കുട്ടിക്ക് കരിയുടെ പിടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റു. രക്തം വാര്‍ന്നൊലിക്കുമ്പോഴും ആ ചുണ്ടില്‍നിന്ന് ഇങ്ക്വിലാബ്വിളികള്‍ ഉയരുന്നുണ്ടായിരുന്നു. വളരെ വൈകിയാണ് സെയ്താലിക്കുട്ടിയെ പാലക്കാട് ഗവ. ആശുപതിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെയ് നാലിന് നേരംപുലര്‍ന്നത് സെയ്താലിക്കുട്ടിയുടെ മരണവാര്‍ത്തയുമായാണ്. ആ ധീര രക്തസാക്ഷിയുടെ ഓര്‍മകള്‍ ഇന്നും കര്‍ഷകസംഘത്തിനും പാര്‍ടിക്കും സമരവീഥികളില്‍ പ്രചോദനമാണ്. കെ കൃഷ്ണന്‍കുട്ടി, കെ മാധവന്‍ , വട്ടപ്പറമ്പില്‍ നാരായണന്‍ എന്നിങ്ങനെ നിരവധി കര്‍ഷകസംഘംപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു കര്‍ഷകത്തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോഴും പൊലീസിനെ സ്വാധീനിച്ച് കേസ് വഴിതിരിച്ചുവിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി. സി അച്യുതന്റെ നേതൃത്വത്തിലുള്ള 24 പേര്‍ ഉണ്ണ്യേന്‍കുട്ടിഹാജിയുടെ വീട് ആക്രമിച്ചു. ഈ സമയത്ത് ആ വീട്ടില്‍ കവുങ്ങിന് കുഴി കുത്തുകയായിരുന്ന സെയ്താലിക്കുട്ടി ആക്രമണത്തില്‍ മരിച്ചുവെന്നായിരുന്നു വിചിത്രമായ കേസ്. സി അച്യുതമോനോന്‍ മുഖ്യമന്ത്രിയും സി എച്ച്മുഹമ്മദ്കോയ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്ത് സെയ്താലിക്കുട്ടി വധക്കേസില്‍ ജന്മിയായ ഉണ്ണ്യേന്‍കുട്ടിഹാജി ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതേസമയം വീടാക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി സിപിഐ എം പട്ടാമ്പി മണ്ഡലംസെക്രട്ടറിയായിരുന്ന സി അച്യുതന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്തു. അച്യുതനുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളുള്‍പ്പെടെ ആയിരത്തോളം പേര്‍ പട്ടാമ്പി പൊലീസ്സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് ഇന്നും സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ഉള്ള മണ്ണില്‍ ഉറച്ചു നില്‍ക്കാനും കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ചോര ചിന്തിയ നിരവധി സമരങ്ങള്‍ക്ക് വിളയൂരിന്റെ മണ്ണ് സാക്ഷ്യംവഹിച്ചിരുന്നു. അക്കാലത്ത് കുടിയൊഴിപ്പിക്കലിനെതിരെയായിരുന്നു മിക്ക സമരങ്ങളും നടന്നത്.
deshabhimani 211211
Labels:
ചരിത്രം,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete