Wednesday, December 21, 2011

ഓഫീസര്‍മാരില്ല; കൃഷിമന്ത്രിയുടെ നാട്ടില്‍ കാര്‍ഷിക പദ്ധതികള്‍ മുടങ്ങുന്നു

കണ്ണൂര്‍ : കൃഷി ഓഫീസര്‍മാരുടെ ക്ഷാമം മൂലം കൃഷിമന്ത്രിയുടെ ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ നൂറു ദിവസംപോലും ബാക്കിയില്ലെന്നിരിക്കെ, പദ്ധതികള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് ത്രിതല പഞ്ചായത്തുകള്‍ . പദ്ധതി നിര്‍വഹണത്തിന്റെ നിര്‍ണായക സമയത്ത് കൃഷി ഓഫീസര്‍മാരില്ലാത്തതിനാല്‍ തുക ലാപ്സാകും. ചെറിയ പരിപാടിയുടെ നാട മുറിക്കാന്‍പോലും സ്വന്തം ജില്ലയിലെത്തുന്ന കൃഷി മന്ത്രിക്ക് ഇതൊന്നും നോക്കാന്‍ സമയമില്ലെന്ന ആക്ഷേപം വ്യാപകമാണ്.

കൃഷിമന്ത്രി കെ പി മോഹനന്റെ നാടായ പാനൂര്‍ ഉള്‍പ്പെടെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരില്ല. മിക്ക കൃഷിഭവനുകളിലും കൃഷി ഓഫീസര്‍മാരും കൃഷി അസിസ്റ്റന്റുമാരുമില്ലാതെ ജനകീയാസൂത്രണ പദ്ധതി ഉള്‍പ്പെടെ താളംതെറ്റുകയാണ്. ജില്ലയില്‍ കൃഷി ഓഫീസര്‍മാരുടെ 96 പോസ്റ്റാണുള്ളത്. മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. എട്ട് ഒഴിവേയുള്ളൂവെന്നാണ് ഔദ്യോഗിക ഭാഷ്യം. ചാര്‍ജ് ഏറ്റെടുക്കാത്തവരുടെയും അവധിയെടുത്തവരുടെയും സംഖ്യ കൂടി ചേര്‍ത്താലേ യഥാര്‍ഥ ചിത്രം വ്യക്തമാവൂ. കൃഷി അസിസ്റ്റന്റുമാരുടെ 244 തസ്തികയാണുള്ളത്. ഇതില്‍ 140 സ്ഥിരം ജീവനക്കാര്‍ . 57 പേര്‍ താല്‍ക്കാലികക്കാരാണ്. 47 ഒഴിവ് നികത്തിയിട്ടില്ല. മുനിസിപ്പാലിറ്റികളിലെ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍മാരുടെ ഒഴിവും നികത്തിയില്ല. പുതുതായി നിലവില്‍ വന്ന കല്യാശേരി, പാനൂര്‍ ബ്ലോക്കുകളില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറെ നിയമിച്ചിട്ടില്ല. ഇല്ലാതായ ബ്ലോക്കുപഞ്ചായത്തുകളായ പന്തളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ് ഇവിടെ ചുമതലയേല്‍ക്കേണ്ടത്. അവര്‍ ചാര്‍ജെടുക്കാന്‍ തയ്യാറായിട്ടില്ല. കൃഷിമന്ത്രി ഇതിന് ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.

ജനകീയാസൂത്രണത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനത്തിന്റെയും നടത്തിപ്പ് ചുമതല കൃഷി ഓഫീസര്‍ക്കാണ്. ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ പദ്ധതി ശ്രദ്ധിക്കേണ്ട ഉത്തവാദിത്തവുമുണ്ട്. കൃഷിവകുപ്പ് നടപ്പാക്കുന്ന നാല്‍പതോളം പദ്ധതികളുടെ മേല്‍നോട്ടവും കൃഷി ഓഫീസര്‍ക്കാണ്. ഇത്രയും ഭാരിച്ച ജോലിക്കിടയില്‍ രണ്ടും മൂന്നും പഞ്ചായത്തുകളുടെ അധിക ചുമതല കൃഷി ഓഫീസര്‍ക്ക് നല്‍കിയാല്‍ ഒന്നും ഫലപ്രദമാകി ല്ല. കൃഷി അസിസ്റ്റന്റുമാര്‍ക്കും ഭാരിച്ച പണിയാണ്്. ഫീല്‍ഡ് ജോലി മുഴുവന്‍ ഇവരുടെ ചുമലിലാണ്. റെക്കോഡ് പണികള്‍ കൃഷി അസിസ്റ്റന്റുമാരാണ് ചെയ്യുന്നത്. ഇതിന് പുറമെ ക്ലറിക്കല്‍ ജോലി കൂടി ചെയ്യണം. വലിയ പഞ്ചായത്തുകളില്‍ മൂന്നും ചെറിയ പഞ്ചായത്തുകളില്‍ രണ്ടും കൃഷി അസിസ്റ്റന്റുമാരാണുണ്ടാവുക. ജില്ലയില്‍ പകുതിയോളം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. പദ്ധതികള്‍ കുന്നുകൂടി കിടക്കുമ്പോഴാണ് ഈ അവസ്ഥ. പാനൂരില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഇല്ലാത്തതിനാല്‍ "വിഷാംശ രഹിത പച്ചക്കറി" പദ്ധതിയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിലച്ചിരിക്കയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വസന്തകുമാരി പറഞ്ഞു. കൂത്തുപറമ്പ് എഡിക്കാണ് പാനൂരിന്റെ ചാര്‍ജ്. തളിപ്പറമ്പ് എഡിക്കാണ് കല്യാശേരിയുടെ ചുമതല. എഡി ഇല്ലാത്തത് പദ്ധതി നിര്‍വഹണം അവതാളത്തിലാക്കിയിരിക്കയാണെന്നും കാര്‍ഷിക മേഖലയില്‍ ഒട്ടേറെ സാങ്കേതിക തടസ്സങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കണ്ണന്‍ പറഞ്ഞു.

deshabhimani 211211

1 comment:

  1. കൃഷി ഓഫീസര്‍മാരുടെ ക്ഷാമം മൂലം കൃഷിമന്ത്രിയുടെ ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ നൂറു ദിവസംപോലും ബാക്കിയില്ലെന്നിരിക്കെ, പദ്ധതികള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് ത്രിതല പഞ്ചായത്തുകള്‍ . പദ്ധതി നിര്‍വഹണത്തിന്റെ നിര്‍ണായക സമയത്ത് കൃഷി ഓഫീസര്‍മാരില്ലാത്തതിനാല്‍ തുക ലാപ്സാകും. ചെറിയ പരിപാടിയുടെ നാട മുറിക്കാന്‍പോലും സ്വന്തം ജില്ലയിലെത്തുന്ന കൃഷി മന്ത്രിക്ക് ഇതൊന്നും നോക്കാന്‍ സമയമില്ലെന്ന ആക്ഷേപം വ്യാപകമാണ്.

    ReplyDelete