Thursday, December 8, 2011

നഴ്സുമാരുടെ സമരത്തെ പിന്തുണക്കും: ഡിവൈഎഫ്ഐ

അമൃത ആശുപത്രിയില്‍ സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് യുവജനതയുടെ ഐക്യദാര്‍ഢ്യം. വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

കേരളത്തില്‍ നിലവിലുള്ള സേവന, വേതന കരാറില്‍നിന്ന് വ്യത്യസ്തമായി അമൃതയിലെ ജീവനക്കാര്‍ കടുത്ത ചൂഷണം അനുഭവിക്കുന്നതായി ടി വി രാജേഷ് പറഞ്ഞു. എംഎല്‍എയെന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും ടി വി രാജേഷ് സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി അഡ്വ: എം അനില്‍ കുമാര്‍ , ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ ജി ഉദയകുമാര്‍ എന്നിവരും രാജേഷിനൊപ്പമുണ്ടായിരുന്നു.

ചൊവ്വാഴ്ച വേതന വര്‍ധന ആവശ്യപ്പെട്ട നേഴ്സുമാരുടെ സംഘടന നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി തല്ലിച്ചതച്ച മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം മൂന്നാംദിവസത്തേക്ക് കടന്നിട്ടും അധികൃതര്‍ പ്രശ്നപരിഹാരത്തിന് തയ്യാറായിട്ടില്ല. പുറത്തുനിന്ന് നേഴ്സുമാരെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുമെന്ന നിലപാടിലാണ് അധികൃതര്‍ . സമരക്കാര്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ആശുപത്രിക്കു മുന്നില്‍ കുത്തിയിരിക്കുകയാണ്. അതിനിടെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേഴ്സുമാര്‍ അമൃതയിലെത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നേഴ്സുമാര്‍ കരിദിനം ആചരിക്കുകയും ചെയ്യുന്നുണ്ട്.

നേഴ്സുമാരുടെ സമരം ന്യായം: ഷിബു ബേബി ജോണ്‍

തിരു: അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ . പ്രശ്നത്തില്‍ തൊഴില്‍ വകുപ്പ് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം പെട്ടന്ന് പരിഹരിക്കാന്‍ സര്‍ക്കാറിന് പരിമിതികളുണ്ട്. തൊഴില്‍ സമരമെന്ന പേരില്‍ വകുപ്പിന് നോട്ടീസ് നല്‍കാതെയാണ് നേഴ്സുമാര്‍ സമരത്തിനിറങ്ങിയത്. ഇതൊരു പോരായ്മയാണ്. ചര്‍ച്ചയ്ക്ക് വിളിച്ചശേഷം നേഴ്സുമാരെ മര്‍ദ്ദിച്ചതിന് ന്യായീകരണമൊന്നുമില്ലെന്നും അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DESHABHIMANI NEWS

3 comments:

  1. അമൃത ആശുപത്രിയില്‍ സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് യുവജനതയുടെ ഐക്യദാര്‍ഢ്യം. വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു

    ReplyDelete
  2. അതിനി സിപിഎം ഭരിക്കുന്ന സഹകരണ ആശുപത്രിയിലാണെങ്കിലും ഇത്തരം ന്യായമായ സമരങ്ങളെ പിന്തുണക്കണം

    ReplyDelete
  3. തൊഴിലാളി നേതാക്കളെ കൊല്ലാന്‍ ശ്രമിച്ചതിനു മിന്നല്‍ പണിമുടക്കാണ് നേഴ്സുമാര്‍ നടത്തിയത്. അതിനു നോട്ടീസ് എന്തിന്? കൊല്ലാന്‍ ശ്രമിച്ചത് ന്യായമോ? ഷിബു ബേബീ ജോണിന്റെ നിയമത്തിനോടൂള്ള സ്നേഹം കണ്ട് ‘സന്തോഷം‘ തോന്നുന്നു. ഡീ വൈ എഫ് ഐ ക്കാര്‍ വന്നാണ് തൊഴിലാളി നേതാക്കളേ ഗുണ്ടകളില്‍ നിന്ന് രക്ഷപെടുത്തിയത്. ഇക്കാര്യത്തില്‍ ഡീ വൈ എഫ് ഐയും തൊഴിലാളിവര്‍ഗ്ഗ നേതാക്കളും ഹൈബീ ഈഡനും നടാത്തിയ ഇടപെടലുകളെ ആദരിയ്ക്കുന്നു.

    ReplyDelete