Thursday, December 8, 2011

ചിദംബരത്തിന്റെ രാജിക്ക് ബഹളം: പാര്‍ലമെന്റ് നിര്‍ത്തിവെച്ചു

ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്ച ഉച്ചക്ക് രണ്ട് വരെ നിര്‍ത്തിവെച്ചു. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ചിദംബരത്തെ പ്രതിയാക്കണം എന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വാമിയെ സാക്ഷിയാക്കാന്‍ സിബിഐ കോടതി അനുമതി നല്‍കി. തുടര്‍ന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സാക്ഷികളാക്കി വിസ്തരിക്കാനും വിചാരണക്കോടതി അനുമതി നല്‍കിയേക്കും. അന്വേഷണം നടക്കുമെന്ന് കരുതുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് ബഹളം ആരംഭിച്ചത്. സഭ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷം ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. ഇതിനെത്തുടര്‍ന്ന് ആദ്യം 12 വരെയും പിന്നീട് രണ്ട് വരെയും സഭ നിര്‍ത്തിവെക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്തണമെന്ന് ഡിഎംകെ അംഗം ടി ആര്‍ ബാലു ആവശ്യപ്പെട്ടു.

ചിദംബരത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി സാക്ഷിയാകും

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ വിചാരണക്കോടതി സാക്ഷിയായി വിസ്തരിക്കും. ഇതിനായി 17ന് സ്വാമി കോടതിയില്‍ ഹാജരാവണമെന്ന് സിബിഐ കോടതി നിര്‍ദ്ദേശിച്ചു. ആഭ്യന്തര മന്ത്രി പി ചിദംബരത്തെ 2ജി കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്വാമി നല്‍കിയ ഹര്‍ജിയിലാണ് സ്വയം സാക്ഷിയാകാന്‍ കോടതി അനുവദിച്ചത്. 2ജി സ്പെക്ട്രം വില നിശ്ചയിച്ചതില്‍ മുന്‍ ടെലികോം മന്ത്രി രാജയ്ക്കൊപ്പം ചിദംബരത്തിനും പങ്കുണ്ടെന്ന് സ്വാമി പറഞ്ഞിരുന്നു. ചിദംബരത്തിന്റെ പങ്ക് തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവുണ്ടെന്ന് സ്വാമി അവകാശപ്പെടുകയും ചെയ്തിരുന്നു. കേസില്‍ ചിദംബരത്തിന്റെ പങ്ക് കണ്ടെത്താന്‍ സ്വാമിയെ വിസ്തരിച്ചശേഷം രണ്ട് സാക്ഷികളെക്കൂടി വിസ്തരിക്കണോയെന്ന് സിബിഐ പ്രത്യേക കോടതി തീരുമാനിക്കും. സിബിഐ ജോയന്റ ഡയറക്ടറേയും ധനമന്ത്രാലയത്തിലെ മുന്‍ ജോയിന്റ് സെക്രട്ടറിയെയും സാക്ഷികളായി വിസ്തരിക്കാനാണ് നീക്കം.

deshabhimani news

No comments:

Post a Comment