Monday, December 5, 2011

ഐ എഫ് എഫ് കെ: 'ആദാമിന്റെ മകന്‍ അബു'വിനെ ഒഴിവാക്കി

പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐ എഫ് എഫ് കെ) മല്‍സര വിഭാഗത്തില്‍ ഇത്തവണ മലയാള ചലച്ചിത്രങ്ങളില്ല. 'ആദിമധ്യാന്ത'ത്തിനെ ഒഴിവാക്കിയതിന് പിന്നാലെ മല്‍സര വിഭാഗത്തില്‍ അവശേഷിച്ച ഏക മലയാള ചലച്ചിത്രമായ 'ആദാമിന്റെ മകന്‍ അബു'വിനെയും  ഒഴിവാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മല്‍സര വിഭാഗത്തില്‍ നിന്ന് മലയാള ചിത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടുന്നത്.
ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനാണ് സലിം അഹമദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു'വിനെ ഒഴിവാക്കിയത് അറിയിച്ചത്.  അറിയോ സോലിറ്റോ സംവിധാനം ചെയ്ത ഫിലിപ്പീന്‍ ചിത്രമായ 'പലവന്‍ ഫെയ്റ്റ്' എന്ന ചലച്ചിത്രത്തെയും മല്‍സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമിയുടെ ഫെസ്റ്റിവല്‍ നിയമാവലി അനുസരിച്ച് ഇന്ത്യയിലെ ഏതെങ്കിലും രാജ്യാന്തര ചലച്ചിത്രമേളയില്‍ മല്‍സര വിഭാഗത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഐ.എഫ്.എഫ്.കെ മല്‍സര വിഭാഗത്തില്‍ പരിഗണിക്കാന്‍ യോഗ്യമല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് ചലച്ചിത്രങ്ങളെയും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രിയദര്‍ശന്‍ ചൂണ്ടികാട്ടി.

'ആദാമിന്റെ മകന്‍ അബു' സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ അനുമതിയോടെ മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍ ചിത്രമായ 'പലവന്‍ ഫെയ്റ്റ്' ലോക സിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.

'ആദാമിന്റെ മകന്‍ അബു'വും 'പലവന്‍ ഫെയ്റ്റും' ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത ചിത്രങ്ങളാണ്. ഇതില്‍ 'ആദാമിന്റെ മകന്‍ അബു'വിന് രജതമയൂരം ലഭിച്ചിരുന്നു. താന്‍ സംവിധാനം ചെയ്ത കാഞ്ചിപുരം എന്ന ചലച്ചിത്രവും ഇതേ നിയമാവലി പ്രകാരം മുമ്പ് മല്‍സര വിഭാഗത്തില്‍ നിന്നും ഒഴിവാക്കപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ ഒഴിവാക്കിയതില്‍ പക്ഷപാതിത്വം ഒന്നുമുണ്ടായിട്ടില്ല. ഫെസ്റ്റിവല്‍ നിയമാവലി പ്രകാരമാണ് തീരുമാനമെടുത്തത്.

മല്‍സര വിഭാഗത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ കൂടി ഒഴിവാക്കിയതോടെ ആകെ 11 ചലച്ചിത്രങ്ങളാവും ഇനി ഉണ്ടാവുക. ചലച്ചിത്ര മേള അവസാനിച്ചശേഷം നിയമാവലി പരിഷ്‌കരിക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

janayugom 051211

1 comment:

  1. പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐ എഫ് എഫ് കെ) മല്‍സര വിഭാഗത്തില്‍ ഇത്തവണ മലയാള ചലച്ചിത്രങ്ങളില്ല. 'ആദിമധ്യാന്ത'ത്തിനെ ഒഴിവാക്കിയതിന് പിന്നാലെ മല്‍സര വിഭാഗത്തില്‍ അവശേഷിച്ച ഏക മലയാള ചലച്ചിത്രമായ 'ആദാമിന്റെ മകന്‍ അബു'വിനെയും ഒഴിവാക്കി.

    ReplyDelete