Thursday, December 22, 2011

ജീവനും സുരക്ഷയ്ക്കും അതിര്‍വരമ്പില്ല; മലയാളി മനസിനൊപ്പം തമിഴ് കൂട്ടായ്മയും

ആലപ്പുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അതിര്‍ത്തിയിലുടനീളം തമിഴ് സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരിക്കെ മലയാളികളോട് തോളോടുതോള്‍ ചേര്‍ന്ന് തമിഴ് ജനത ആലപ്പുഴയില്‍ നടത്തിയ കൂട്ടായ്മ വ്യത്യസ്ത അനുഭവമായി. ജീവനും സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളമക്കള്‍ക്കൊപ്പം തങ്ങളുമുണ്ടെന്നും പ്രഖ്യാപിച്ച് അവര്‍ നടത്തിയ സൗഹൃദ കൂട്ടായ്മയില്‍ നൂറുകണക്കിന് തമിഴ്‌നാട് സ്വദേശികള്‍ പങ്കെടുത്തു.

“''തമിഴ്‌നാട്ടുക്ക് തണ്ണീര്‍, കേരളാവുക്ക് പാതുകാപ്പ്, ഉറങ്കാതെ, മധ്യ അരശെ ഉറങ്കാതെ'' എന്നിങ്ങനെ തമിഴ് സംഘം നേതാവ് മാണിക്കവേല്‍ ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തമിഴ് ജനത എറ്റുവിളിച്ചു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ, കേന്ദ്രസര്‍ക്കാര്‍ ഉറങ്ങല്ലേ എന്നര്‍ത്ഥം വരുന്ന മുദ്രാവാക്യമാണ് അവര്‍ മുഴക്കിയതെന്ന് കൂട്ടായ്മയില്‍ അണിചേര്‍ന്ന മലയാളികള്‍ക്ക് ഒട്ടും വൈകാതെ മനസിലായി. അവരും തമിഴ് മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ ഏറ്റുചൊല്ലി.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക, മലയാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ആവശ്യവുമായി എ ഐ വൈ എഫ് ആണ് തമിഴ് ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പങ്കെടുത്ത കൂട്ടായ്മ കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം സുദൃഢമാക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിനെതിരെ കേന്ദ്രമന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കൂട്ടായ്മയില്‍ പ്രതിഷേധം ഇരമ്പി. രാഷ്ട്രീയ നേട്ടത്തിനായുള്ള ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കി കേരളീയരുടെ ജീവന്‍ രക്ഷിക്കണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ വസിക്കുന്ന മലയാളി സഹോദരങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ കേവലം സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടും കേരളവും തമ്മിലുള്ള പ്രശ്‌നത്തെക്കാളുപരി 45 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സുരക്ഷാപ്രശ്‌നം എന്ന തരത്തിലാണ് കേന്ദ്രം കാണേണ്ടത്. കേരളത്തെ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ ആക്രമിക്കപ്പെടുകയാണ്.

 ഇത് പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ്, സി പി ഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി പി കെ സദാശിവന്‍പിള്ള, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പി എസ് എം ഹുസൈന്‍, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി സി എ അരുണ്‍കുമാര്‍, കെ എസ് ജയന്‍, ബൈരഞ്ജിത്ത്, സനൂപ് കുഞ്ഞുമോന്‍, ഇസഹാക്ക്, തമിഴ്‌സംഘം പ്രസിഡന്റ് ദണ്ഡപാണി, വിവിധ തമിഴ് സംഘടനകളുടെ ഭാരവാഹികളായ മാണിക്കവേല്‍, കാശിനാഥ്, തിരുമലൈ സാമി, ശെല്‍വി, രമേശ് കോയമ്പത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

janayugom 221211

1 comment:

  1. “''തമിഴ്‌നാട്ടുക്ക് തണ്ണീര്‍, കേരളാവുക്ക് പാതുകാപ്പ്, ഉറങ്കാതെ, മധ്യ അരശെ ഉറങ്കാതെ'' എന്നിങ്ങനെ തമിഴ് സംഘം നേതാവ് മാണിക്കവേല്‍ ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തമിഴ് ജനത എറ്റുവിളിച്ചു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ, കേന്ദ്രസര്‍ക്കാര്‍ ഉറങ്ങല്ലേ എന്നര്‍ത്ഥം വരുന്ന മുദ്രാവാക്യമാണ് അവര്‍ മുഴക്കിയതെന്ന് കൂട്ടായ്മയില്‍ അണിചേര്‍ന്ന മലയാളികള്‍ക്ക് ഒട്ടും വൈകാതെ മനസിലായി. അവരും തമിഴ് മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ ഏറ്റുചൊല്ലി.

    ReplyDelete