Thursday, December 22, 2011

വൈദ്യനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയോടെ എംഒയു ഒപ്പിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡിന്റെ ക്രെഡിറ്റ് പ്ലാന്‍ സെമിനാര്‍ തലസ്ഥാനത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാറില്‍ ഒപ്പിടേണ്ട സമയപരിധി കഴിഞ്ഞെങ്കിലും കേന്ദ്ര ധനമന്ത്രാലയവുമായി ആലോചിച്ച് നടപടിയെടുക്കും. വൈദ്യനാഥന്‍ കമ്മിറ്റിയില്‍ ഒപ്പിടാത്തത് സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് പല നഷ്ടങ്ങളും ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സഹകരണമേഖലയെ ബാങ്കിങ് ഇടപാടില്‍നിന്ന് പാടെ തടയുന്ന വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാങ്കുകള്‍ വെറും സഹകരണസംഘങ്ങളായി മാറുന്നതോടെ സ്ഥിരനിക്ഷേപം സ്വീകരിക്കല്‍ , ചെക്ക് നല്‍കല്‍ , ഇടപാടുകാരന് വേണ്ടി ബാങ്കുകള്‍ തമ്മിലുള്ള പണമിടപാട് നടത്തല്‍ തുടങ്ങിയ സേവനങ്ങള്‍ നടത്താനാകില്ല. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷിക ഇടപാടൊഴിച്ച് ഒന്നും ചെയ്യാനുമാകില്ല. സംസ്ഥാനത്തെ 1603 പ്രാഥമിക വായ്പാ സഹകരണ ബാങ്കുകള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തും. കടക്കെണിയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ ഇരുട്ടടിയാകും. കാര്‍ഷികപ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ കാര്‍ഷികവായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചാല്‍ സഹകരണസംഘങ്ങള്‍ക്ക് അതിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കാനാകാത്ത സാഹചര്യവും ഉണ്ടാകും.

റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ കേരളത്തിന് ദോഷകരമാണെന്നു കണ്ട് മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും ഒപ്പിടാതെ മാറ്റിവച്ച റിപ്പോര്‍ട്ടാണ് ഒരു ചര്‍ച്ചയും കൂടാതെ ഇപ്പോള്‍ തിരക്കിട്ട് നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കമ്മിറ്റി ശുപാര്‍ശകള്‍ , ഭേദഗതി കൂടാതെ നടപ്പാക്കാനാകില്ലെന്ന് എം വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി തന്നെ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കരാറില്‍ ഒപ്പിടേണ്ട കാലാവധി കഴിഞ്ഞെങ്കിലും കേന്ദ്രധനമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങി കരാറില്‍ ഒപ്പിടുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 2008നുമുന്‍പ് കരാറില്‍ ഒപ്പിടണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന നിബന്ധനകള്‍ ഭേദഗതി ചെയ്ത് നടപ്പാക്കണമെന്ന് മുന്‍ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് കേരളം ഒപ്പിടാതിരുന്നത്. സഹകരണമേഖല ശക്തമായ ഒറീസയും ഒപ്പിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി, കേരളത്തില്‍ 1925 മുതല്‍ തന്നെ സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റിക്കുപുറമെ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഡയറക്ട് ടാക്സ് കോഡ് ബില്‍ , ബിര്‍ ആക്ട് ഭേദഗതി ബില്‍ എന്നിവകൂടി നിയമമാകുന്നതോടെ സംസ്ഥാനത്തെ സഹകരണമേഖലയുടെ തകര്‍ച്ച പൂര്‍ണമാകും.

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപോലെ നടപ്പാക്കിയാല്‍ സംസ്ഥാനത്തെ സഹകരണമേഖലയുടെ സര്‍വനാശത്തിന് വഴിവയ്ക്കുമെന്ന് മുന്‍ സഹകരണമന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

deshabhimani 221211

1 comment:

  1. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപോലെ നടപ്പാക്കിയാല്‍ സംസ്ഥാനത്തെ സഹകരണമേഖലയുടെ സര്‍വനാശത്തിന് വഴിവയ്ക്കുമെന്ന് മുന്‍ സഹകരണമന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

    ReplyDelete