Thursday, December 8, 2011

അരിസ്റ്റോ ജങ്ഷന്‍ : മാലിന്യപ്പുഴയും കടന്ന് മന്ത്രി; പതിവുറപ്പു നല്‍കി മടക്കം

ചൊവ്വാഴ്ച പകല്‍ 11.10ന് അരിസ്റ്റോ ജങ്ഷന്‍ . എ സി കാറില്‍ ഉടയാത്ത തൂവെള്ള ഖദറില്‍ , സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി എസ് ശിവകുമാര്‍ വന്നിറങ്ങി. കൂടെ പരിവാരങ്ങളും. തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന റോഡിലൂടെ പൊട്ടിയൊലിക്കുന്ന ഡ്രൈയിനേജ് വെള്ളം പുഴപോലെ ഒഴുകുന്നു. മന്ത്രി ഒരു നിമിഷം ഒന്നറച്ചു. പിന്നെ ചാനല്‍ ക്യാമറകള്‍ കണ്ടപ്പോള്‍ ഖദര്‍മുണ്ടുയര്‍ത്തിപ്പിടിച്ച് മാലിന്യച്ചാല്‍ കടന്ന് മുന്നോട്ടുനീങ്ങി. തലസ്ഥാനനഗരിക്ക് അപമാനമായി മാറിയ തമ്പാനൂര്‍ - മോഡല്‍സ്കൂള്‍ ജങ്ഷന്‍ റോഡിന്റെ ശോചനീയാവസ്ഥ കാണാനാണ് മന്ത്രിയെത്തിയത്. പ്രദേശം ആദ്യമായി കാണുന്ന ഭാവത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എല്ലാം നോക്കിക്കണ്ടു. ഒടുവില്‍ ചാനല്‍ ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ മന്ത്രിയുടെ ഉറപ്പ് വീണ്ടും- രണ്ടുദിവസത്തിനുള്ളില്‍റോഡ് സഞ്ചാരയോഗ്യമാക്കും. ഇത് എത്രാമത്തെ ഉറപ്പാണെന്ന് മന്ത്രിക്കുപോലും നിശ്ചയമില്ലായിരുന്നു.
ഒമ്പതിന് ആരംഭിക്കുന്ന ചലച്ചിത്രമേളയുടെ മുഖ്യവേദിയായ കൈരളി-ശ്രീ തിയറ്ററിനു മുന്നിലൂടെയുള്ള ഈ റോഡിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ "ദേശാഭിമാനി"യുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ നിരന്തരമായി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് മുമ്പ് പല തവണ റോഡ് സന്ദര്‍ശിച്ച് ഇതേപോലെ ഉറപ്പുനല്‍കിയ മന്ത്രി വീണ്ടുമെത്തിയത്. നിര്‍മാണം ഒച്ചിഴയുന്ന വേഗത്തില്‍ നടക്കുന്ന റോഡ് മന്ത്രി നടന്നു കണ്ടു. മന്ത്രിക്കൊപ്പം റോഡ് ഫണ്ട് ബോര്‍ഡ് അധികൃതരുമുണ്ടായിരുന്നു. സ്വീവേജ് ഡിപ്പാര്‍ട്മെന്റുകാര്‍ ഡ്രൈയിനേജ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാലാണ് പണി നടക്കാത്തതെന്നാണ് മന്ത്രിയുടെ ന്യായീകരണം. വ്യാഴാഴ്ച രാത്രിയോടെ റോഡ് താല്‍ക്കാലിക ടാറിങ് ചെയ്ത് സഞ്ചാരയോഗ്യമാക്കാനാണ് റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മോഡല്‍സ്കൂള്‍ ജങ്ഷന്‍മുതല്‍ ആകാശ് ഹോട്ടലിനുസമീപംവരെ റോഡിന്റെ ഒരു വശം പൂര്‍ണമായും പണിതീര്‍ക്കും. അവിടുന്ന് അരിസ്റ്റോജങ്ഷന്‍വരെയുള്ള റോഡിന്റെ രണ്ടുവശവും താല്‍ക്കാലികമായി ടാര്‍ ചെയ്യും. ഡ്രൈയിനേജ് പണിതീര്‍ന്നാല്‍ റോഡ് മൊത്തമായും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈയിനേജ് വെള്ളം പൊട്ടിയൊലിക്കുന്നതിനു മുകളില്‍ എങ്ങനെ താല്‍ക്കാലിക ടാറിങ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല.

deshabhimani 081211

1 comment:

  1. ചൊവ്വാഴ്ച പകല്‍ 11.10ന് അരിസ്റ്റോ ജങ്ഷന്‍ . എ സി കാറില്‍ ഉടയാത്ത തൂവെള്ള ഖദറില്‍ , സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി എസ് ശിവകുമാര്‍ വന്നിറങ്ങി. കൂടെ പരിവാരങ്ങളും. തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന റോഡിലൂടെ പൊട്ടിയൊലിക്കുന്ന ഡ്രൈയിനേജ് വെള്ളം പുഴപോലെ ഒഴുകുന്നു. മന്ത്രി ഒരു നിമിഷം ഒന്നറച്ചു. പിന്നെ ചാനല്‍ ക്യാമറകള്‍ കണ്ടപ്പോള്‍ ഖദര്‍മുണ്ടുയര്‍ത്തിപ്പിടിച്ച് മാലിന്യച്ചാല്‍ കടന്ന് മുന്നോട്ടുനീങ്ങി. തലസ്ഥാനനഗരിക്ക് അപമാനമായി മാറിയ തമ്പാനൂര്‍ - മോഡല്‍സ്കൂള്‍ ജങ്ഷന്‍ റോഡിന്റെ ശോചനീയാവസ്ഥ കാണാനാണ് മന്ത്രിയെത്തിയത്. പ്രദേശം ആദ്യമായി കാണുന്ന ഭാവത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എല്ലാം നോക്കിക്കണ്ടു. ഒടുവില്‍ ചാനല്‍ ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ മന്ത്രിയുടെ ഉറപ്പ് വീണ്ടും- രണ്ടുദിവസത്തിനുള്ളില്‍റോഡ് സഞ്ചാരയോഗ്യമാക്കും. ഇത് എത്രാമത്തെ ഉറപ്പാണെന്ന് മന്ത്രിക്കുപോലും നിശ്ചയമില്ലായിരുന്നു.

    ReplyDelete