Monday, December 5, 2011
മുല്ലപ്പെരിയാര്‍ സമരം കൂടുതല്‍ ശക്തമായി
"വെള്ളം തരാം ജീവന്‍ തരൂ..." വണ്ടിപ്പെരിയാറിലും ചപ്പാത്തിലുമുള്ള സമരകേന്ദ്രങ്ങളില്‍ തടിച്ചുകൂടിയവരുടെ കണ്ഠങ്ങളില്‍നിന്ന് മുഴങ്ങുന്ന ഏക മുദ്രാവാക്യമാണിത്. പോസ്റ്ററുകളിലും ബോര്‍ഡുകളിലുമെല്ലാം സമാനവാചകങ്ങള്‍ തന്നെ. ഇടുക്കിയില്‍ തുടങ്ങി മലയാളികളുടെയാകെ അതിജീവനപോരാട്ടമായി മാറിയ മുല്ലപ്പെരിയാര്‍ സമരം കൂടുതല്‍ ശക്തമാവുകയാണ്. സമരകേന്ദ്രങ്ങളിലേക്ക് ദിവസവും ആയിരങ്ങളെത്തുന്നു. ബൈക്ക്-ഓട്ടോ റാലികള്‍ , കിലോമീറ്ററുകള്‍ നീളുന്ന വാഹനനിര, കാല്‍നടജാഥകള്‍ , ഒറ്റയാള്‍ പ്രകടനങ്ങള്‍ , പെരിയാര്‍ നദിയിലിറങ്ങി പ്രതിഷേധം, വധൂവരന്മാരുടെ ഐക്യദാര്‍ഢ്യം...
വണ്ടിപ്പെരിയാറിലും ചപ്പാത്തിലും ഞായറാഴ്ച നിന്നുതിരിയാന്‍ ഇടമില്ലായിരുന്നു. ദുരന്തഭീതിയും ആശങ്കയും മുഖത്ത് നിഴലിക്കുന്നെങ്കിലും എങ്ങിനെയും സമരം വിജയിപ്പിക്കുമെന്ന പ്രത്യാശ ഐക്യദാര്‍ഢ്യവുമായെത്തിയവര്‍ പങ്കുവെച്ചു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ കൂറുമാറിയതിന്റെ രോഷവും ഈ ജനക്കൂട്ടത്തില്‍നിന്ന് അലയടിച്ചു. കഴിഞ്ഞദിവസങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് ഏറെ എത്തിയതെങ്കില്‍ ഇപ്പോള്‍ പ്രായമായവരുടെയും സ്ത്രീകളുടെയും പങ്കാളിത്തവും ഐക്യദാര്‍ഢ്യ നിരാഹാരവും സമരകേന്ദ്രങ്ങളില്‍ വര്‍ധിച്ചു. സമരപ്പന്തല്‍കടന്ന് ചപ്പാത്ത് പാലത്തിന്റെ പകുതിയോളം ദൂരത്തില്‍ ഐക്യദാര്‍ഢ്യനിരാഹാരമാണ് നടക്കുന്നത്. ഞായറാഴ്ച കേരളത്തിലെ ക്രൈസ്തവസഭകള്‍ മുല്ലപ്പെരിയാര്‍ ദിനമായി ആചരിച്ചതിന്റെ ഭാഗമായി നിരവധി വൈദികരും കന്യാസ്ത്രീകളും സമരപന്തലുകളിലെത്തി. ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ഥികളും അഭിവാദ്യമര്‍പ്പിക്കാനെത്തി.
(പി എസ് തോമസ്0
നിരാഹാരം ഒമ്പതാം ദിവസത്തിലേക്ക്
മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് നിര്‍മിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ചപ്പാത്തില്‍ ആരംഭിച്ച നിരാഹാരം തിങ്കളാഴ്ച ഒന്‍പതാം ദിവസത്തിലേക്കു കടന്നു. വണ്ടിപ്പെരിയാറ്റിലെ നിരാഹാരം അഞ്ചാം ദിവസത്തിലേക്കും. ഞായറാഴ്ച മൂന്ന് എംപിമാര്‍ ഉപവാസിച്ചു. ഞായറാഴ്ച അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. 136.3 അടിയാണ് ജലനിരപ്പ്. ഉപവാസമടക്കമുള്ള സമരങ്ങള്‍ കുടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയാണ്. നെടുങ്കണ്ടത്തും പൗരാവലിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ തുടങ്ങി. കുമളിയില്‍ തിങ്കളാഴ്ച പ്രക്ഷോഭം ആരംഭിക്കും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും മന്ത്രി കെ എം മാണിയും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനുമടക്കമുള്ളവര്‍ വരുംദിവസങ്ങളില്‍ ഉപവാസം നടത്തും.
വണ്ടിപ്പെരിയാറ്റിലെ സമരപ്പന്തലില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയും ജില്ലാ പഞ്ചായത്തംഗം എ സുരേഷ് ബാബുവും നടത്തുന്ന നിരാഹാരം അഞ്ചാംദിവസത്തിലേക്കു കടന്നു. ചപ്പാത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ ആറാംദിവസവും കെ അജിത് എംഎല്‍എ നാലാംദിവസവും നിരാഹാരം തുടരുകയാണ്. മൂന്ന് എംഎല്‍എമാര്‍ക്കു പുറമേ കോട്ടയം എംപി ജോസ് കെ മാണി, ഇടുക്കി എം പി പി ടി തോമസ്, പത്തനംതിട്ട എം പി ആന്റോ ആന്റണി എന്നിവരാണ് ഞായറാഴ്ച നിരാഹാരം നടത്തിയത്. ഏഴുദിവസമായി നിരാഹാരം നടത്തിവന്ന അന്‍പയ്യന്‍ , ഷാജി പി ജോസഫ് എന്നിവരെ ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവര്‍ക്കു പകരമായി മലനാട് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ എന്‍ മോഹന്‍ദാസ്, ഐന്‍ടിയുസി നേതാവ് സിറിയക് തോമസ് എന്നിവര്‍ നിരാഹാരം തുടങ്ങി. ആദ്യം നിരാഹാരം നടത്തി ആശുപത്രിയിലായ ഇ എസ് ബിജിമോള്‍ എംഎല്‍എ, പ്രൊഫ. സി പി റോയി, അന്‍പയ്യന്‍ , ഷാജി പി ജോസഫ് എന്നിവര്‍ക്ക് സമരപ്പന്തലില്‍ സ്വീകരണം നല്‍കി. ബിജെപി സംസ്ഥാന പ്രസിഡന്റ വി മുരളീധരന്‍ സമരകേന്ദ്രങ്ങളിലെത്തി അഭിവാദ്യം ചെയ്തു. ക്രിസ്തീയസഭകള്‍ മുല്ലപ്പെരിയാര്‍ ദിനമായി ആചരിച്ചതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം രൂപതകളില്‍നിന്ന് ആയിരങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളി; മാണിയും ജോസഫും ഉപവസിക്കും
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തമ്മില്‍ ഭിന്നത കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. മന്ത്രിമാര്‍ പ്രത്യക്ഷസമരത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം ലംഘിച്ച് മന്ത്രിമാരായ കെ എം മാണിയും പി ജെ ജോസഫും തിങ്കളാഴ്ച ഉപവസിക്കും. ജോസഫ് ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിലും താന്‍ ഇടുക്കിയിലെ ചപ്പാത്തിലും തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ ഉപവസിക്കുമെന്ന് കെ എം മാണി മാധ്യമങ്ങളോട്പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശം ധിക്കരിച്ചാണോ ഉപവാസം എന്ന ചോദ്യത്തിന് താന്‍ മന്ത്രിയെന്ന നിലയിലല്ല, കേരള കോണ്‍ഗ്രസ് ചെയര്‍മാനെന്ന നിലയിലാണ് സമരം ചെയ്യുന്നതെന്ന് മാണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഉപവാസത്തില്‍നിന്ന് പിന്മാറിയതായി അറിയിച്ച ജോസഫിനെ മാണി ഇടപെട്ട് വീണ്ടും സമരരംഗത്തെത്തിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി തിങ്കളാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. ഇതില്‍ പങ്കെടുക്കേണ്ടതിനാല്‍ ഒഴിവുസമയത്ത് മാത്രമായിരിക്കും ജോസഫ് സമരപ്പന്തലിലെത്തുകയെന്നും മാണി പറഞ്ഞു. സമരമല്ല, ഉപവാസമാണ് താന്‍ നടത്തുകയെന്ന് ജോസഫും പ്രതികരിച്ചു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നിയമവകുപ്പ് അറിഞ്ഞിട്ടില്ല. ഇത്തരമൊരു കാര്യത്തില്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍ നിയമ വകുപ്പ് അറിയണമായിരുന്നെന്നും മാണി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ, നിയമവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സത്യവാങ്മൂലം നല്‍കിയ റവന്യൂവകുപ്പിനെ മാണി പരോക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാര്‍ സമരത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ അഭിപ്രായം മാത്രമാണ് ആദ്യം പറഞ്ഞതെന്നും സമരമല്ല, ഉപവാസമാണ് നടത്തുന്നതെന്നാണ് മന്ത്രിമാര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥ പ്രകടമായി.
deshabhimani 051211
Labels:
പോരാട്ടം,
മുല്ലപ്പെരിയാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
"വെള്ളം തരാം ജീവന്‍ തരൂ..." വണ്ടിപ്പെരിയാറിലും ചപ്പാത്തിലുമുള്ള സമരകേന്ദ്രങ്ങളില്‍ തടിച്ചുകൂടിയവരുടെ കണ്ഠങ്ങളില്‍നിന്ന് മുഴങ്ങുന്ന ഏക മുദ്രാവാക്യമാണിത്. പോസ്റ്ററുകളിലും ബോര്‍ഡുകളിലുമെല്ലാം സമാനവാചകങ്ങള്‍ തന്നെ. ഇടുക്കിയില്‍ തുടങ്ങി മലയാളികളുടെയാകെ അതിജീവനപോരാട്ടമായി മാറിയ മുല്ലപ്പെരിയാര്‍ സമരം കൂടുതല്‍ ശക്തമാവുകയാണ്. സമരകേന്ദ്രങ്ങളിലേക്ക് ദിവസവും ആയിരങ്ങളെത്തുന്നു. ബൈക്ക്-ഓട്ടോ റാലികള്‍ , കിലോമീറ്ററുകള്‍ നീളുന്ന വാഹനനിര, കാല്‍നടജാഥകള്‍ , ഒറ്റയാള്‍ പ്രകടനങ്ങള്‍ , പെരിയാര്‍ നദിയിലിറങ്ങി പ്രതിഷേധം, വധൂവരന്മാരുടെ ഐക്യദാര്‍ഢ്യം...
ReplyDelete