Monday, December 5, 2011

മുഖംരക്ഷിക്കാന്‍ നെട്ടോട്ടം

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറലും റവന്യൂമന്ത്രിയും കേരളത്തിന് ദോഷകരമായ നിലപാട് സ്വീകരിച്ചതോടെ പ്രതിക്കൂട്ടിലായ യുഡിഎഫ് സര്‍ക്കാര്‍ മുഖംരക്ഷിക്കാന്‍ നെട്ടോട്ടത്തില്‍ . പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച അടിയന്തര മന്ത്രിസഭായോഗം ചേരും. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തും. എജിയുടെ ഭാവി യോഗം തീരുമാനിക്കും. മന്ത്രിസഭായോഗത്തിനുമുമ്പ് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരും.

ഇതിനിടെ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തമ്മില്‍ ഭിന്നത കൂടുതല്‍ മൂര്‍ച്ഛിച്ചു. തിങ്കളാഴ്ച വൈകിട്ട് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മന്ത്രിസഭായോഗം ചേരുക. അഡ്വക്കറ്റ് ജനറലിന്റെ പ്രസ്താവനയുടെപേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിശാല ഐ വിഭാഗവും സുധീരന്റെ നേതൃത്വത്തിലുള്ള എ വിഭാഗവും നീക്കം ശക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗമാകട്ടെ മന്ത്രിമാര്‍ പരസ്യസമരത്തില്‍നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ വെല്ലുവിളിച്ച് തിങ്കളാഴ്ച ഉപവാസവും പ്രഖ്യാപിച്ചു. ജെഎസ്എസ്, സിഎംപി അടക്കമുള്ള ചെറു ഘടക കക്ഷികളെ കൂട്ടുപിടിച്ച് മാണി വിഭാഗം കുറുമുന്നണിക്കും രൂപം നല്‍കി. തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭായോഗത്തില്‍നിന്ന് മാറിനിന്നാണ് മാണിയും ജോസഫും ഉപവാസം നടത്തുന്നത്. മാണി ഇടുക്കിയിലെ ചപ്പാത്തിലും ജോസഫ് ഡല്‍ഹിയിലുമാണ് ഉപവസിക്കുക.
എന്നാല്‍ , കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയസ്ഥിതിയിലും എജിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എജിയെ മന്ത്രിസഭായോഗത്തിലേക്കു വിളിപ്പിച്ച് വിശദീകരണം തേടാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. എന്നാല്‍ , കെപിസിസി എക്സിക്യൂട്ടിവിലും ആറിനു ചേരുന്നു സര്‍വകക്ഷിയോഗത്തിലും എതിര്‍പ്പ് രൂക്ഷമായാല്‍ എജിയെ മാറ്റാമെന്നും കരുതുന്നു. എജിയെ ഒഴിവാക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ലെന്നും കൂട്ടായ തീരുമാനമെടുക്കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പുതുപ്പള്ളിയിലെ വീട്ടിലെത്തിയ എജിയുമായി സംസാരിച്ചശേഷമാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. റവന്യൂവകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചതെന്നാണ് എജി മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്നറിയുന്നു. ചൊവ്വാഴ്ച മുല്ലപ്പെരിയാര്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. എന്നാല്‍ , സര്‍ക്കാരിനുവേണ്ടി ദണ്ഡപാണി തന്നെയാണോ ഹാജരാകുകയെന്ന് വ്യക്തമല്ല. തനിക്കെതിരെയുള്ള തെറ്റിദ്ധാരണ നീക്കാന്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ അവസരം നല്‍കണമെന്ന് എജി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അറിയുന്നു. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ എജിക്കെതിരെ രൂക്ഷമായ വിമര്‍ശം ഉയരുമെന്ന് ഉറപ്പാണ്. എജിയെ ചൂണ്ടി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍നിര്‍ത്താനാണ് നീക്കം. എജിയെ പുറത്താക്കണമെന്ന് വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചത് ഇതിന്റെ ഭാഗമാണ്.

deshabhimani 051211

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറലും റവന്യൂമന്ത്രിയും കേരളത്തിന് ദോഷകരമായ നിലപാട് സ്വീകരിച്ചതോടെ പ്രതിക്കൂട്ടിലായ യുഡിഎഫ് സര്‍ക്കാര്‍ മുഖംരക്ഷിക്കാന്‍ നെട്ടോട്ടത്തില്‍ . പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച അടിയന്തര മന്ത്രിസഭായോഗം ചേരും. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തും. എജിയുടെ ഭാവി യോഗം തീരുമാനിക്കും. മന്ത്രിസഭായോഗത്തിനുമുമ്പ് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരും.

    ReplyDelete