Monday, December 12, 2011

ആശുപത്രിയുടെ എന്‍ഒസി പുതുക്കിയത് മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: തീപിടിത്തമുണ്ടായ കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയില്‍ അഗ്നിബാധയ്ക്കുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടും പരിഹരിക്കാതെ എന്‍ഒസി പുതുക്കിനല്‍കിയത് മമത സര്‍ക്കാര്‍ . ആശുപത്രിയില്‍ തീ പടര്‍ന്നുപിടിച്ച പ്രദേശത്തെ വസ്തുക്കള്‍ അപകടമുണ്ടാക്കുമെന്ന് ആഗസ്തില്‍ സംസ്ഥാന ഫയര്‍ ആന്‍ഡ് എമര്‍ജന്‍സിവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ , പ്രശ്നം പരിഹരിക്കാതെ ആഗസ്ത് 29ന് സര്‍ക്കാര്‍ എന്‍ഒസി പുതുക്കിനല്‍കി. സാധാരണഗതിയില്‍ അപകടസാധ്യത കണ്ടാല്‍ 24 മണിക്കൂറിനകം സ്ഥാപനം അടച്ചിടാന്‍ ഉത്തരവ് നല്‍കുകയാണ് പതിവ്. പശ്ചിമബംഗാള്‍ ഫയര്‍ സര്‍വീസ് ആക്ടിലെ 35-ാംവകുപ്പില്‍ ഇത് നിഷ്കര്‍ഷിക്കുന്നുണ്ട്.
കൊല്‍ക്കത്തയിലെ പ്രശസ്തമായ റൂബി ആശുപത്രിയില്‍ 2008 ഏപ്രിലില്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സിവകുപ്പ് നടത്തിയ പരിശോധനയില്‍ സ്പ്രിങ്ക്ളറുകള്‍ , ഹൈഡ്രന്റുകള്‍ , ഫയര്‍ അലാറം എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തിയതിനെതുടര്‍ന്ന് ആശുപത്രി പൂട്ടാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കുഴപ്പം പൂര്‍ണമായും പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയാണ് ആശുപത്രിക്ക് എന്‍ഒസി പുതുക്കിനല്‍കിയത്. എഎംആര്‍ഐ ആശുപത്രിയില്‍ കണ്ടെത്തിയ ഗുരുതരമായ വീഴ്ച പരിഹരിക്കാന്‍ മൂന്നുമാസം സാവകാശം അനുവദിച്ച് എന്‍ഒസി പുതുക്കിനല്‍കുകയാണ് മമത സര്‍ക്കാര്‍ ചെയ്തത്. നവംബര്‍ അവസാനവാരം വീണ്ടും പരിശോധന നടത്തി നടപടിയെടുക്കണമെന്നും എന്‍ഒസിയില്‍ നിര്‍ദേശിച്ചിരുന്നു.

ആഗസ്ത് 29ന് എന്‍ഒസി പുതുക്കിനല്‍കി മൂന്നുമാസം തികഞ്ഞ നവംബര്‍ 29നും ആശുപത്രിക്കെട്ടിടത്തിന്റെ അടിത്തട്ടില്‍നിന്ന് തീ പടരുന്ന വസ്തുക്കള്‍ മാറ്റിയില്ല. അത് ആരും പരിശോധിച്ചതുമില്ല. നവംബര്‍ 29നെങ്കിലും സര്‍ക്കാര്‍ നിയമപ്രകാരം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 92 പേരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. ആഗസ്ത് മൂന്നാംവാരത്തില്‍ ആശുപത്രി പരിശോധിച്ച നാലംഗ ഉദ്യോഗസ്ഥസംഘം അവിടത്തെ അഗ്നിപ്രതിരോധസംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കാര്‍ പാര്‍ക്കിങ്ങിന് നിശ്ചയിച്ചിരുന്ന അടിത്തട്ടില്‍ ഒറ്റ കാര്‍പോലും ഉണ്ടായിരുന്നില്ല. പകരം വൈദ്യുതി കേബിളുകള്‍ , പഴയ മെത്തകള്‍ , മരക്കസേരകള്‍ , എല്‍പിജി സിലിണ്ടറുകള്‍ , രാസവസ്തുക്കള്‍ നിറഞ്ഞ കാനുകള്‍ എന്നിവയാണ് സൂക്ഷിച്ചിരുന്നത്. സ്പ്രിങ്ക്ളറുകള്‍ , ഫയര്‍ അലാറം എന്നിവ പ്രവര്‍ത്തിച്ചിരുന്നില്ല. ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
(വി ജയിന്‍)

deshabhimani 121211

No comments:

Post a Comment