Monday, December 12, 2011

ചിദംബരത്തെ രക്ഷിക്കാന്‍ നീക്കം

2ജി സ്പെക്ട്രം കുംഭകോണക്കേസില്‍നിന്ന് ആഭ്യന്തരമന്ത്രി പി ചിദംബരത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും യുപിഎ സര്‍ക്കാരും നടത്തുന്ന ശ്രമങ്ങള്‍ നിന്ദ്യമാണ്. 1,76,643 കോടി രൂപയുടെ മഹാകുംഭകോണത്തിന്റെ ഉത്തരവാദികള്‍ ചില ഡിഎംകെ നേതാക്കളും കുറച്ച് കമ്പനി ഉദ്യോഗസ്ഥരും മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍ . അഞ്ഞൂറില്‍താഴെ കോടികളുടെ കണക്കേ ഡിഎംകെ നേതാക്കളുടെ ഉത്തരവാദിത്തത്തിന്‍ കീഴില്‍ വന്നിട്ടുള്ളൂ. ബാക്കി കോടികള്‍ എവിടെ? ആ വഴിക്ക് അന്വേഷണം നീണ്ടാല്‍ യുപിഎ നേതൃത്വംതന്നെ പ്രതിക്കൂട്ടിലാകുമെന്ന് മന്‍മോഹന്‍സിങ്ങിനും സോണിയ ഗാന്ധിക്കും അറിയാം. ചിദംബരത്തിലൂടെ അന്വേഷണം തങ്ങളിലേക്കും നീളുമെന്ന് ഇവര്‍ ഭയക്കുന്നു. ചിദംബരത്തെ രക്ഷിക്കാനുള്ള വ്യഗ്രതയ്ക്കു പിന്നിലുള്ളത് ഇതാണ്. സ്പെക്ട്രം കുംഭകോണത്തിന്റെ വേരുകള്‍ ചിദംബരത്തിലേക്കും അവിടെനിന്ന് യുപിഎ നേതൃത്വത്തിലേക്കും പടര്‍ന്നുനില്‍ക്കുന്നുണ്ട് എന്ന സത്യം മറച്ചുവയ്ക്കാനാകില്ല. ഇത് കോടതിയും തിരിച്ചറിയുന്നുണ്ട്. ജനതാപാര്‍ടി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാക്ഷികളെ വിളിക്കാനും സ്വാമിക്ക് സ്വയം സാക്ഷിയായി വിസ്തരിക്കപ്പെടാനും 2ജി സ്പെക്ട്രം കേസ് കൈകാര്യംചെയ്യുന്ന പ്രത്യേകകോടതി അനുവാദം നല്‍കിയത് ഇതിന്റെ തെളിവാണ്.

2001ലെ വിലയ്ക്ക് 2008ല്‍ യൂണിഫൈഡ് ആക്സിസ് ലൈസന്‍സ് അനുവദിച്ചതാണ് കുംഭകോണത്തിന്റെ അടിസ്ഥാനം. ഈ തീരുമാനം പി ചിദംബരവും എ രാജയും സംയുക്തമായാണ് കൈക്കൊണ്ടത് എന്നതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് സ്വാമി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിമുമ്പാകെ കൂടുതല്‍ സാക്ഷികള്‍ വിസ്തരിക്കപ്പെടാന്‍ പോകുന്നത്. സാക്ഷികളായി വിളിക്കാന്‍ സ്വാമി നിര്‍ദേശിച്ചിട്ടുള്ളവരില്‍ സിബിഐ ജോയിന്റ് ഡയറക്ടറുമുണ്ട്. ഇത്രയൊക്കെയായിട്ടും രാജിവയ്ക്കാന്‍ ചിദംബരം തയ്യാറായില്ല. ഏതു രേഖയിലും തിരിമറിനടത്താന്‍ കഴിയുന്നതും എതു പൊലീസ് ഓഫീസറെയും വരുതിയിലാക്കാന്‍ കഴിയുന്നതുമായ അധികാരസ്ഥാനമാണ് ആഭ്യന്തരമന്ത്രിയുടേത്. ചിദംബരം സ്ഥാനത്തുതുടര്‍ന്നാല്‍ അന്വേഷണം നേര്‍വഴിക്ക് നടക്കുമെന്ന് കരുതാന്‍വയ്യ. എന്നിട്ടും അന്വേഷണഘട്ടത്തിലെങ്കിലും ചിദംബരം മാറിനില്‍ക്കട്ടെ എന്നു പറയാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല.

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ധനമന്ത്രാലയത്തില്‍നിന്ന് പോയ ഒരു കത്തും ചിദംബരത്തിന്റെ പങ്കിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. 2011 മാര്‍ച്ച് 25ന് പ്രധാനമന്ത്രി കാര്യാലയത്തിന് ധനമന്ത്രാലയം അയച്ച കത്തില്‍ കുംഭകോണത്തിന് വഴിയൊരുക്കുംവിധം ചിദംബരം ചുമതലകളില്‍ വീഴ്ചവരുത്തി എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്തുകൊണ്ട് ചിദംബരം അങ്ങനെയൊരു വീഴ്ചവരുത്തിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടേണ്ടതുണ്ട്.

ചിദംബരത്തെയും 2ജി സ്പെക്ട്രം കുംഭകോണത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെയും മന്ത്രി കപില്‍ സിബല്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് യുപിഎ നേതൃത്വത്തിന്റെ രാഷ്ട്രീയ തീരുമാനപ്രകാരമാണെന്ന് വ്യക്തമാണ്. പുതുതായി ലൈസന്‍സ് നേടുന്നവര്‍ക്ക് 1650 കോടി പ്രവേശനഫീസ് നിശ്ചയിച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരമാണെന്നും പലരെയും ഒഴിവാക്കാനായിരുന്നു അതെന്നുമുള്ള ആരോപണത്തില്‍ കാര്യമില്ലെന്നാണ് സിബല്‍ പറയുന്നത്. എന്നാല്‍ , ധനമന്ത്രി അറിയാതെയാണോ ഈ തുക നിശ്ചയിച്ചത് എന്ന ചോദ്യത്തില്‍നിന്ന് സിബല്‍ വഴുതിമാറുകയാണ്. ധനമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ആ നിബന്ധന വന്നതെന്ന് എ രാജ നേരത്തെ പറഞ്ഞിട്ടുമുണ്ട്. താന്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നുവെങ്കില്‍ കൂട്ടുപ്രതിയായി ചിദംബരവും പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതുണ്ട് എന്നും ഈ ഘട്ടത്തില്‍ എ രാജ പറഞ്ഞിരുന്നു. ചിദംബരം കുടുങ്ങിയാല്‍ അടുത്ത ഊഴം പ്രധാനമന്ത്രിയുടേതാവുമെന്ന് കോണ്‍ഗ്രസിന് ബോധ്യമുണ്ട്. കുംഭകോണത്തിന്റെ ഉത്തരവാദിത്തം ഡിഎംകെയില്‍ മാത്രമാക്കി ചുരുക്കിയെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

സ്പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ അപാകതയുണ്ടെന്ന് 2007ല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നതായി സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സ്പെക്ട്രത്തിന്റെ ലഭ്യതക്കുറവും അപേക്ഷകരുടെ ആധിക്യവും പരിഗണിച്ച് ലൈസന്‍സ് ഫീസില്‍ മാറ്റംവരുത്തേണ്ടതല്ലേ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ടെലികോം വകുപ്പിനോട് ആരാഞ്ഞിരുന്നു. ട്രായിയും ടെലികോം കമീഷനും ഇക്കാര്യം പരിശോധിച്ചുവെന്നും പുതിയ അപേക്ഷകരില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പക്ഷപാതപരമാവുമെന്നും ടെലികോം വകുപ്പ് മറുപടി നല്‍കി. പിന്നീട് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഏതാണ്ട് ഒരു പതിറ്റാണ്ടുമുമ്പത്തെ വിലയ്ക്ക് സ്പെക്ട്രം ലൈസന്‍സുകള്‍ കൊടുക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി കണ്ണടച്ച് അംഗീകരിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല.

2007 ഒക്ടോബര്‍ 10വരെ സ്പെക്ട്രം ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് വിജ്ഞാപനംചെയ്ത് അപേക്ഷ സ്വീകരിക്കുന്ന പ്രക്രിയ സെപ്തംബര്‍ 25നുതന്നെ അവസാനിപ്പിച്ചതും 25നുശേഷം വന്ന അപേക്ഷകള്‍ തള്ളിയതും പ്രധാനമന്ത്രി അറിഞ്ഞിരുന്നു. എന്നിട്ടും തടയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഉത്തരമില്ല. ലേലത്തിലൂടെ ഉയര്‍ന്ന വിലയ്ക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതിനുപകരം നേരിട്ടുള്ള വില്‍പ്പന മതി എന്ന് നിശ്ചയിച്ചത് അറിഞ്ഞിട്ടും പ്രധാനമന്ത്രി തടയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം തടയാന്‍ യുപിഎ സര്‍ക്കാര്‍ എന്തുകൊണ്ട് വ്യഗ്രത കാട്ടിയെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇങ്ങനെ ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളിലൂടെ സംശയം പ്രധാനമന്ത്രിയുടെ കാര്യാലയംവരെ നീളുന്നു. ആ വഴിക്ക് അന്വേഷണം നീങ്ങാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ചിദംബരത്തെ രക്ഷിക്കാനുള്ള വ്യഗ്രത. അഴിമതി നിരോധനനിയമപ്രകാരം രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം വേണമെന്ന് പറഞ്ഞ് സുബ്രഹ്മണ്യം സ്വാമി 2008 നവംബറില്‍ അയച്ച കത്തിന് 2010 മാര്‍ച്ച് വരെ പ്രധാനമന്ത്രി മറുപടി നല്‍കിയിരുന്നില്ല. എ രാജ ധിക്കാരപരമായി മറുപടി നല്‍കിയിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തി. കുറ്റവാളികളെ സംരക്ഷിക്കുന്നതിലൂടെ സ്വയം രക്ഷപ്പെടാം എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇന്ന് ചിദംബരത്തെ ന്യായീകരിക്കാന്‍ കാട്ടുന്ന വ്യഗ്രതയും ഈ തന്ത്രത്തിന്റെ ഭാഗമാണ്.

deshabhimani editorial 121211

1 comment:

  1. 2ജി സ്പെക്ട്രം കുംഭകോണക്കേസില്‍നിന്ന് ആഭ്യന്തരമന്ത്രി പി ചിദംബരത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും യുപിഎ സര്‍ക്കാരും നടത്തുന്ന ശ്രമങ്ങള്‍ നിന്ദ്യമാണ്. 1,76,643 കോടി രൂപയുടെ മഹാകുംഭകോണത്തിന്റെ ഉത്തരവാദികള്‍ ചില ഡിഎംകെ നേതാക്കളും കുറച്ച് കമ്പനി ഉദ്യോഗസ്ഥരും മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍ .

    ReplyDelete