Thursday, December 22, 2011

കെഎസ്എഫ്ഇയില്‍ നിയമനത്തിന് ലേലംവിളി

കൊല്ലം: ജില്ലയില്‍ കെഎസ്എഫ്ഇ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് ലേലംവിളി. കെഎസ്എഫ്ഇ ചെയര്‍മാന്റെ സ്വന്തം ആളുകളെന്ന് അവകാശപ്പെടുന്ന രണ്ടുപേരുടെ നേതൃത്വത്തിലാണ് വ്യാപകമായ പണപ്പിരിവ്. 50,000 രൂപയാണ് കുറഞ്ഞ റേറ്റ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളായ ഇവര്‍ നേരിട്ടാണ് ഇടപാട് നടത്തുന്നത്. ദേശാഭിമാനിക്കു കിട്ടിയ വിവരം സ്ഥിരീകരിക്കാന്‍ ഇതില്‍ ഒരാളെ ഉദ്യോഗാര്‍ഥിയെന്നു പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ "ഞങ്ങളുടെ പാര്‍ടിക്കാര്‍ക്കു മാത്രമാണ് നിയമനം" എന്നായിരുന്നു ആദ്യ മറുപടി. പണം എത്രയായാലും കുഴപ്പമില്ലെന്നു പറഞ്ഞപ്പോള്‍ "നോക്കാം" എന്നായി. റെസ്റ്റ്ഹൗസില്‍ വന്നാല്‍ നേരിട്ട് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനിക്കാമെന്നും ഇദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ നിയമനം തകൃതിയായി നടക്കുന്നു.

ഇപ്പോള്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഇരിക്കുന്നവരെയെല്ലാം പിരിച്ചുവിട്ടാണ് ജില്ലയിലെ എല്ലാ ബ്രാഞ്ചിലേക്കും പുതിയ നിയമനം നടത്തുന്നത്. കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പാച്ചുവും കോവാലനും എന്നറിയപ്പെടുന്ന സംഘത്തിലെ ഒരാള്‍ കൊല്ലത്തെ പ്രമുഖ കോളേജില്‍ പഠിക്കുന്ന ചെയര്‍മാന്റെ മകളുടെ ലോക്കല്‍ ഗാര്‍ഡിയനാണ്. ചെയര്‍മാനുമായുള്ള ഈ ബന്ധം നിയമനത്തട്ടിപ്പിന് സമര്‍ഥമായി ഉപയോഗിക്കുന്നു. കെഎസ്എഫ്ഇയിലെ സ്ഥലംമാറ്റത്തിലും സംഘത്തിന്റെ ഇടപെടലുണ്ട്. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ നിഷ്പ്രയാസം ശരിയാക്കി നല്‍കാന്‍ വന്‍തുകയാണ് വാങ്ങുന്നത്. പമ്പ് ഓപ്പറേറ്റര്‍ നിയമനത്തിനും ഈ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം വ്യാപകപിരിവ് നടത്തിയിരുന്നു. അതിന് 5000 മുതല്‍ 10,000 രൂപ വരെയാണ് വാങ്ങിയത്. കൊല്ലം കലക്ടറേറ്റിനു സമീപത്തെ ഒരു വക്കീല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നൂ നേരത്തെ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭരണം മാറിയതോടെ പ്രവര്‍ത്തനം വിപുലമാക്കി.

ആര്‍ടി ഓഫീസുകളില്‍ വന്‍ ക്രമക്കേട് ടെസ്റ്റ് തോറ്റവര്‍ക്ക് ലൈസന്‍സ്, കണക്കില്ലാതെ 75,000 രൂപ

തൃശൂര്‍ : ആര്‍ടി ഓഫീസുകളില്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്കും കോഴവാങ്ങി ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതും യാത്രാ സൗജന്യത്തിന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുന്നതിനായി വിദ്യാര്‍ഥികളില്‍നിന്ന് കണക്കില്ലാതെ പണം വാങ്ങുന്നതായും കണ്ടെത്തി. ഏജന്റുമാരില്‍നിന്ന് വാങ്ങുന്ന മാസപ്പടിയുടെ കണക്കെഴുതിയ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. മോട്ടാര്‍ വാഹന വകുപ്പിന്റെ തൃശൂര്‍ ആര്‍ടി ഓഫീസിലും ഗുരുവായൂര്‍ , ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ജോയിന്റ് ആര്‍ടി ഓഫീസുകളിലും വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയുള്ള വന്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്.

ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്കും ലൈസന്‍സ് തരപ്പെടുത്തി നല്‍കുന്നു എന്ന പരാതിയെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായാണ് ബുധനാഴ്ച വാഹന ഗതാഗത വകുപ്പിന്റെ ഓഫീസുകള്‍ പരിശോധിച്ചത്. തൃശൂര്‍ ആര്‍ടി ഓഫീസില്‍ ഗ്രൗണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ക് "റീ ടെസ്റ്റ്" നടത്താതെ ലൈസന്‍സ് നല്‍കിയ നിരവധി രേഖകള്‍ ലഭിച്ചു. നല്‍കേണ്ട തീയതികഴിഞ്ഞും കൊടുക്കാതെ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തി. ഇവ കമീഷന്‍ വാങ്ങി ഏജന്റുമാര്‍വഴി വിതരണം ചെയ്യാനുള്ളവയാണെന്ന് വ്യക്തമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡിന് വാങ്ങിയ 75,045രൂപ കണ്ടെടുത്തു. ഇവക്ക് രശീത് നല്‍കുകയോ കണക്കില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായി. അഞ്ചുരൂപ വീതമാണ് വിദ്യാര്‍ഥികളില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡിന് ഈടാക്കുന്നത്.

ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച "സ്മാര്‍ട് മൂവിങ് പ്രോഗ്രാം" ഉദ്യോഗസ്ഥര്‍ തകിടം മറിച്ചതായും പരിശോധക സംഘത്തിന് ബോധ്യമായിട്ടുണ്ട്. വാഹന പരിശോധനക്കിടെ പിടിച്ചെടുത്ത് മാസങ്ങളായിട്ടും തിരിച്ചുനല്‍കാത്ത 180 ആര്‍സി ബുക്ക് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടി ഓഫീസില്‍ നിന്ന് പിടികൂടി. ഇത് ഏജന്റുമാര്‍ വഴി നല്‍കി കമീഷന്‍ പറ്റുന്നതിനായി സൂക്ഷിച്ചിട്ടുള്ളതാണെന്നും സൂചനയുണ്ട്. ചെയ്ത സേവനത്തിന് ഏജന്റുമാരില്‍ നിന്ന് വാങ്ങാനുള്ള വിഹിതവും വണ്ടി നമ്പറും എഴുതിയ മാസപ്പടിക്കണക്ക് എഴുതിയ രേഖയും പിടിച്ചു. ഒരു ജീവനക്കാരന്റെ പക്കല്‍ നിന്ന്, ലഭിച്ച് ദിവസങ്ങളായിട്ടും നടപടി എടുക്കാത്ത 28 അപേക്ഷ പിടിച്ചെടുത്തു. ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ട് ജയിച്ചോ തോറ്റോ എന്ന് കൃത്യമായി രേഖപ്പെടുത്താത്ത ഏഴു സര്‍ട്ടിഫിക്കറ്റും ഇവിടെനിന്ന് കണ്ടെടുത്തു. ഗുരുവായൂരില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ നിലത്തു കാലുകുത്തിയും മറ്റും പരാജയപ്പെട്ടവര്‍ക്ക് ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമല്ലെന്നും വ്യക്തമായിട്ടുണ്ട്.

വിജിലന്‍സ് ഡിവൈഎസ്പി എസ് ആര്‍ ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തില്‍ സിഐമാരായ എന്‍ എസ് സലീഷ്, ടി യു സജീവന്‍ , വി എ ഉല്ലാസ്, കെ കെ സജീവ്, സിപിഒമാരായ കമലദാസ്, ഹരിസരസൂനു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. ക്രമക്കേടുകള്‍ സംബന്ധിച്ച് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

deshabhimani 221211

2 comments:

  1. ജില്ലയില്‍ കെഎസ്എഫ്ഇ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് ലേലംവിളി. കെഎസ്എഫ്ഇ ചെയര്‍മാന്റെ സ്വന്തം ആളുകളെന്ന് അവകാശപ്പെടുന്ന രണ്ടുപേരുടെ നേതൃത്വത്തിലാണ് വ്യാപകമായ പണപ്പിരിവ്. 50,000 രൂപയാണ് കുറഞ്ഞ റേറ്റ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളായ ഇവര്‍ നേരിട്ടാണ് ഇടപാട് നടത്തുന്നത്. ദേശാഭിമാനിക്കു കിട്ടിയ വിവരം സ്ഥിരീകരിക്കാന്‍ ഇതില്‍ ഒരാളെ ഉദ്യോഗാര്‍ഥിയെന്നു പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ "ഞങ്ങളുടെ പാര്‍ടിക്കാര്‍ക്കു മാത്രമാണ് നിയമനം" എന്നായിരുന്നു ആദ്യ മറുപടി. പണം എത്രയായാലും കുഴപ്പമില്ലെന്നു പറഞ്ഞപ്പോള്‍ "നോക്കാം" എന്നായി. റെസ്റ്റ്ഹൗസില്‍ വന്നാല്‍ നേരിട്ട് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനിക്കാമെന്നും ഇദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ നിയമനം തകൃതിയായി നടക്കുന്നു.

    ReplyDelete
  2. മോട്ടോര്‍വാഹനവകുപ്പിലെ ക്രമക്കേടുകള്‍ക്ക് കാരണം ജീവനക്കാരുടെ കുറവാണെന്ന് മോട്ടോര്‍വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ കുറവും കനത്ത ജോലിഭാരവുമാണ് വകുപ്പിനെ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് കാരണം. പരിശോധനയ്ക്കുശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നല്‍കിയ സംഭവം സംസ്ഥാനത്ത് എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടിനു കാത്തുനില്‍ക്കാതെ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

    തുടരെത്തുടരെയുണ്ടാകുന്ന വിജിലന്‍സ് പരിശോധനകള്‍ വാഹനവകുപ്പിന്റെ താളംതെറ്റിക്കും. ഓപ്പറേഷന്‍ മാരുതി, സ്പാര്‍ക്ക്, എബിസി (ആക്സിലേറ്റര്‍ , ബ്രേക്ക്, ക്ലച്ച്) തുടങ്ങിയ പേരുകളില്‍ റെയ്ഡ് നടത്തി വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് വേട്ടയാടുന്നു. 2011ല്‍ രണ്ടു ലക്ഷം ഫയലുകള്‍ കൈകാര്യംചെയ്ത എറണാകുളം ആര്‍ടി ഓഫീസില്‍ റവന്യു റിക്കവറി സംബന്ധിച്ച ചുരുക്കം ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ലെന്ന വിജിലന്‍സിന്റെ കുറ്റാരോപണം വസ്തുത മനസ്സിലാക്കാതെയാണ്. ഇത്തരം ആരോപണംമൂലം ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയപ്പെടുന്നു. ജീവനക്കാരെ അവഹേളിക്കാനായി മാത്രം നടത്തുന്ന ഇത്തരം റെയ്ഡുകള്‍ അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എറണാകുളം ആര്‍ടിഒ ടി ജെ തോമസ്, പറവൂര്‍ ജോയിന്റ് ആര്‍ടിഒ ബാബു ജോണ്‍ എന്നിവര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏഴു ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന 1985ലെ ജീവനക്കാരുടെ വിന്യാസമാണ് വകുപ്പില്‍ തുടരുന്നത്. ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

    ReplyDelete