Friday, December 23, 2011

ചരിത്രത്തിന്റെ നെറുകയില്‍ ആദ്യ സെല്‍


മുക്കാല്‍ നൂറ്റാണ്ടുമുമ്പ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപംകൊണ്ട കോഴിക്കോട്ട് സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് ഒരുക്കം തുടങ്ങി. പി കൃഷ്ണപിള്ളയും ഇ എം എസ്സും എന്‍ സി ശേഖറും കെ ദാമോദരനും ചേര്‍ന്ന് 1937ലായിരുന്നു ചരിത്രംകുറിച്ച ആ കൂടിച്ചേരലിന് ഈ മണ്ണിലെത്തിയത്. പുതിയ ലോകവീക്ഷണത്തിന്റെ കരുത്താര്‍ന്ന ബോധ്യങ്ങളിലേക്കാണ് പിന്നെ കേരളം ഉണര്‍ന്നത്. പണിയെടുക്കുന്നവന്റെ കിനാവും കണ്ണീരും മണ്ണടിയേണ്ടതല്ലെന്ന പ്രഖ്യാപനവുമായി നവലോകം പടുത്തുയര്‍ത്താനുള്ള ജനകീയപ്രസ്ഥാനത്തിന് ഈ നഗരം ജന്മമേകിയത് 74 വര്‍ഷം മുമ്പ്. ആദ്യപഥികരുടെ പാദമുദ്ര പതിഞ്ഞ മണ്ണില്‍ 20-ാം പാര്‍ടി കോണ്‍ഗ്രസ്സിന് ഒത്തുചേരുമ്പോള്‍ ആവേശത്തിന്റെ കൊടിക്കൂറകള്‍ ആകാശത്തിന്റെ അതിരു ഭേദിക്കുന്നു.

പി കൃഷ്ണപിള്ളയും ഇ എം എസും എന്‍ സി ശേഖറും കെ ദാമോദരനും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണയോഗം ചേര്‍ന്നത് 1937-ലായിരുന്നു. അതില്‍ ഇന്നാരും ജീവിച്ചിരിപ്പില്ല. ഒടുവില്‍ വിടവാങ്ങിയത് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അരനൂറ്റാണ്ട് നേതൃത്വം നല്‍കിയ ഇഎംഎസ്. പാളയത്ത് പച്ചക്കറി കടയുടെ മുകളിലായിരുന്നു ആദ്യ സെല്‍ രൂപീകരണയോഗം; പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എസ് വി ഘാട്ടെയുടെ സാന്നിധ്യത്തില്‍ . ഇന്നത്തെ പാളയം ബസ്സ്റ്റാന്‍ഡിന് പിറകിലായാണ് ആ കെട്ടിടമെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. ഇംപീരിയല്‍ ഹോട്ടലും പഴയ അശോക ഹോട്ടലുമെല്ലാമുള്ള പാളയം അങ്ങാടി. തെരുവിന്റെയും അങ്ങാടിയുടെയും മിശ്രിത ശീലരൂപഭാവങ്ങളുള്ള, നഗരത്തിന്റെ വശ്യതകളും വന്യതകളും പരിചയമില്ലാത്ത നാടായിരുന്നു അന്നത്തെ കോഴിക്കോടെന്ന് ചരിത്രകാരന്മാരായ ഡോ. എന്‍ എം നമ്പൂതിരിയുടെയും ഡോ. എം ജി എസ് നാരായണന്റെയും കൃതികളില്‍ കാണാം. ബാലന്‍നായരുടെ സ്റ്റേഷനറിക്കടയും കണാരന്റെ സോഡാഷാപ്പും തങ്കരാജുവിന്റെ വെല്‍ക്കം ബാര്‍ബര്‍ സലൂണും സൈമന്റെ വാച്ചുറിപ്പയര്‍സെന്ററും അഹമ്മദ്കുട്ടിയുടെ ചെരിപ്പുകടയും സ്റ്റീഫന്റെ തയ്യല്‍പീടികയുമുള്ള പഴയ കോഴിക്കോട്ടങ്ങാടിയുടെ വാങ്മയചിത്രം എസ് കെ പൊറ്റെക്കാട്ട് "തെരുവിന്റെകഥ"യിലും വരച്ചിട്ടുണ്ട്. ഇതിന് സമാനമായി കച്ചവടക്കാരുടെ ബഹളവും ചുമട്ടുതൊഴിലാളികളുടെ വിയര്‍പ്പിന്റെ മണവും ട്രോളികളുടെ ഒച്ചയുമായി ജീവിതം ഇരമ്പിയാര്‍ക്കുന്ന ഈ നഗരത്തില്‍ ഒരു പച്ചക്കറിക്കടയുടെ മുകളില്‍ ചേര്‍ന്ന യോഗമാണ് കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ജനമുന്നേറ്റങ്ങള്‍ക്ക് വിത്തുപാകിയത്.

നിരോധനകാലമായതിനാല്‍ അതീവരഹസ്യമായിട്ടായിരുന്നു ആദ്യ സെല്‍ ചേര്‍ന്നത്. ആ യോഗത്തെക്കുറിച്ച് "കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍" എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് അനുസ്മരിച്ചതിങ്ങനെ:

"1937-ലാണ്, ജൂണിലോ ജൂലൈയിലോ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകം രൂപംകൊണ്ടത്. തികച്ചും രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നു അത്. അതിലെ നാല് അംഗങ്ങള്‍ , കൃഷ്ണപിള്ളയും ദാമോദരനും എന്‍ സി ശേഖറും ഞാനും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തകരായാണ് അറിയപ്പെട്ടുപോന്നത്. ഇതില്‍ രണ്ടുപേര്‍ കെപിസിസിയുടെ സജീവപ്രവര്‍ത്തകരായിരുന്നു. അതായത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കെപിസിസി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സജീവപ്രവര്‍ത്തകരുടെ സംഘടനയായിരുന്നു രഹസ്യമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യത്തെ കേരളഘടകം".

ആദ്യയോഗത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായി പി കൃഷ്ണപിള്ളയെ തെരഞ്ഞെടുത്തു. രഹസ്യയോഗത്തിന് മുമ്പ് അത്തരമൊരു കൂടിച്ചേരലിന് രാഷ്ട്രീയമായി കോഴിക്കോട് പാകമായിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളുടെ രണ്ടാം രാഷ്ട്രീയതാവളമായിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന ഘടകരൂപീകരണവും കോഴിക്കോട്ടായിരുന്നു. 1934 മേയില്‍ . അതിലും പ്രധാനം 1935-ല്‍ കോഴിക്കോട്ട് ചേര്‍ന്ന അഖില കേരള തൊഴിലാളി സമ്മേളനം. മലബാറിലെ എല്ലാ യൂണിയനുകളും അവകാശദിനമാചരിച്ച് അവകാശപത്രികയുമായി കോഴിക്കോട്ട് നടത്തിയ പ്രകടനം എല്ലാ അര്‍ഥത്തിലും മലയാളനാട്ടില്‍ വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പിറവിയുടെ സൂചനയായിരുന്നു.

കോഴിക്കോട്ട് രഹസ്യമായി രൂപംകൊണ്ട കമ്യൂണിസ്റ്റ് പാര്‍ടി, പരസ്യമായി രംഗത്ത്വരാന്‍ വീണ്ടും രണ്ടുവര്‍ഷമെടുത്തു. പിണറായി പാറപ്പുറത്ത് 1939-ല്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി രൂപീകൃതമായത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നത് 1940 ജനുവരിയില്‍ . കടല്‍ കടന്ന് ദേശാന്തരങ്ങളിലെത്തിയ വാണിജ്യപ്പെരുമ, സത്യത്തിന്റെ തുറമുഖമെന്ന ഖ്യാതി...ചരിത്രത്തില്‍ പെരുമകള്‍ ഏറെയുണ്ട് കോഴിക്കോടിന്. കച്ചവടവും കലയും സംസ്കാരവും രാഷ്ട്രീയവും മഹിമയുടെ തൂവലുകള്‍ ചാര്‍ത്തുന്ന, സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെയും തൊഴിലാളി മുന്നേറ്റത്തിന്റെയും ഉജ്ജ്വല ചരിത്രമുള്ളതാണ് ഈ മണ്ണ്. ഭാവിയിലെ പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കാനുള്ള ചരിത്രനിയോഗത്തിനാണ് പാര്‍ടി കോണ്‍ഗ്രസിന് ആതിഥ്യമരുളുന്നതിലൂടെ ഈ നഗരം വേദിയാവുന്നത്.
(പി വി ജീജോ)

deshabhimani 231211

1 comment:

  1. മുക്കാല്‍ നൂറ്റാണ്ടുമുമ്പ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപംകൊണ്ട കോഴിക്കോട്ട് സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് ഒരുക്കം തുടങ്ങി. പി കൃഷ്ണപിള്ളയും ഇ എം എസ്സും എന്‍ സി ശേഖറും കെ ദാമോദരനും ചേര്‍ന്ന് 1937ലായിരുന്നു ചരിത്രംകുറിച്ച ആ കൂടിച്ചേരലിന് ഈ മണ്ണിലെത്തിയത്. പുതിയ ലോകവീക്ഷണത്തിന്റെ കരുത്താര്‍ന്ന ബോധ്യങ്ങളിലേക്കാണ് പിന്നെ കേരളം ഉണര്‍ന്നത്. പണിയെടുക്കുന്നവന്റെ കിനാവും കണ്ണീരും മണ്ണടിയേണ്ടതല്ലെന്ന പ്രഖ്യാപനവുമായി നവലോകം പടുത്തുയര്‍ത്താനുള്ള ജനകീയപ്രസ്ഥാനത്തിന് ഈ നഗരം ജന്മമേകിയത് 74 വര്‍ഷം മുമ്പ്. ആദ്യപഥികരുടെ പാദമുദ്ര പതിഞ്ഞ മണ്ണില്‍ 20-ാം പാര്‍ടി കോണ്‍ഗ്രസ്സിന് ഒത്തുചേരുമ്പോള്‍ ആവേശത്തിന്റെ കൊടിക്കൂറകള്‍ ആകാശത്തിന്റെ അതിരു ഭേദിക്കുന്നു.

    ReplyDelete