കട്ടപ്പന: മുല്ലപ്പെരിയാര്‍ സമരസമിതി ചപ്പാത്തില്‍ ആരംഭിച്ച നിരാഹാര സമരം ആറാം വര്‍ഷത്തിലേക്ക്. 2006 ഡിസംബര്‍ 25ന് ആരംഭിച്ച റിലേ ഉപവാസമാണ് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലേക്ക് വഴിമാറിയത്. സമരത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായ 25ന് പകല്‍ മൂന്നിന് ആലടിയില്‍നിന്ന് പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടത്തുമെന്ന് ഭഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി കുറയ്ക്കുക, പുതിയ ഡാം നിര്‍മ്മിക്കുക, ദുരന്തനിവാരണ സംവിധാനം ശക്തിപ്പെടുത്തുക, ദുരന്ത ബാധിത പ്രദേശങ്ങള്‍ തിട്ടപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് ഭഭാരവാഹികള്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്കായി പുതിയ ഡാം നിര്‍മ്മിക്കുക എന്നതാണ് സമരസമിതിയുടെ ആത്യന്തിക ലക്ഷ്യം. ഇതിനായി നടത്തിയ സമരത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും നൂറ് കണക്കിന് സംഘടനകളും പൊതുജനങ്ങളും പങ്കാളികളായി. സമരത്തില്‍നിന്നും പിന്‍വാങ്ങുന്നവരുടെ നിലപാടിനെക്കുറിച്ച് പരാതിയില്ല. ഇനിയും അവരുടെ സഹകരണം പ്രതീക്ഷിക്കുന്നു. സുപ്രീംകോടതിയില്‍നിന്നോ കേന്ദ്ര സര്‍ക്കാരില്‍നിന്നോ പുതിയ ഡാം നിര്‍മിക്കുന്നതിന് നടപടിയുണ്ടാകുംവരെ സമരം തുടരും.
പ്രകടനത്തിനുശേഷം ആരംഭിക്കുന്ന പൊതുസമ്മേളനം സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രനും സമരപന്തലില്‍ നിരാഹാരം അനുഷ്ഠിച്ച എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ , ചെയര്‍മാന്‍ പ്രൊഫ. സി പി റോയി, ഭഭാരവാഹികളായ സാബു വേങ്ങവേലില്‍ , ഷാജി പി ജോസഫ്, ടി അന്‍പയ്യന്‍ , കെ പി എം സുനില്‍ എന്നിവര്‍ പങ്കെടുത്തു.
മുല്ലപ്പെരിയാര്‍ സമരം പോരാട്ട ചരിത്രത്തില്‍ പുത്തന്‍ അധ്യായമാകുന്നു
കുമളി/ഏലപ്പാറ:ജനലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പെരിയാര്‍ തീരവാസികള്‍ നടത്തുന്ന ഐതിഹാസിക സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആയിരങ്ങളെത്തുന്നത് ജനകീയ പോരാട്ടത്തിന് കരുത്തേകുന്നു. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ കുടിയേറ്റ മേഖലയിലെ സമര ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ രാത്രിവരെയും ഐക്യാര്‍ഢ്യവുമായി സമരകേന്ദ്രങ്ങളിലേക്ക് ആയിരങ്ങളെത്തുന്നത് ഹൈറേഞ്ചിന് പുത്തന്‍ അനുഭവമാവുന്നു.
വണ്ടിപ്പെരിയാര്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം വെള്ളിയാഴ്ച 23 ദിവസം പിന്നിട്ടു. ഇവിടെ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി വി വര്‍ഗീസിന്റെ നിരാഹാര സമരം ശനിയാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ , കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കാഞ്ചിയാര്‍ രാജന്‍ ,ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ , കെജിഒഎ ഉടുമ്പന്‍ചോല ഏരിയാ പ്രസിഡന്റ് കെ എസ് തോമസ്, കേരള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിനുവാലുമ്മേല്‍ , തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം മാത്യു തോമസ്, ജില്ലാ ക്ഷീര കര്‍ഷക അവാര്‍ഡ് ജ്യേതാവ് ജോര്‍ജ് മാത്യൂ തെക്കേല്‍ , ഇടുക്കി ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. ജെ തോമസ്, ഇടുക്കി ഏരിയാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ , പി ബി സദീഷ് എന്നിവര്‍ ഐക്യദാര്‍ഢ്യവുമായി സമരകേന്ദ്രത്തിലെത്തി. പി ടി തോമസ് എംപി ഫോണില്‍ സി വി വര്‍ഗീസിനെ പിന്തുണ അറിയിച്ചു. കേരള ആര്‍ടിസാന്‍സ് യൂണിയന്‍ (സിഐടിയു)ഇടുക്കി ജില്ലാ പ്രസിഡന്റ് വി ബി മോഹനന്‍ , സെക്രട്ടറി വി കെ മണി, ട്രഷറര്‍ പി എസ് രാജന്‍ തുടങ്ങിയ 74 പേര്‍ , തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ വണ്ടിപ്പെരിയാര്‍ ആറ്റോരം യൂണിറ്റില്‍ നിന്നും 45 പേര്‍ , സിപിഐ എം കരിമ്പന്‍ , മരിയാപുരം ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ , കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷന്‍ അസോസിയേഷന്‍ ഭാരവാഹികളായ എ എന്‍ ചെല്ലപ്പന്‍ , കെ എന്‍ രാജപ്പന്‍ , കെ ഇ രാഘവന്‍ , ടി എം പീരുമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലും 12 മണിക്കൂര്‍ ഉപവസിച്ചു. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം നസീബിന്റെ നേതൃത്വത്തില്‍ കട്ടപ്പന ഐടിഐ യൂണിറ്റിലെ പ്രവര്‍ത്തകര്‍ , എന്‍ജിഒ യൂണിയന്‍ കൊന്നത്തടി, രാജകുമാരി, രാജാക്കാട് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ , എകെടിഎ നേതൃത്വത്തില്‍ തങ്കമണിയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ സമര കേന്ദ്രത്തില്‍ പിന്തുണയുമായി എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരം 1828 ദിവസം പിന്നിടുമ്പോള്‍ സമര കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് ബഹുജനങ്ങളുടെ ഒഴുക്കാണ്. ജി എസ് ജയലാല്‍ എംഎല്‍എയുടെ നിരാഹാര സമരം ആറാംദിവസത്തിലേക്ക് കടന്നു. കെ കെ വിശ്വംഭരന്‍ , ഷണ്‍മുഖം എന്നിവരുടെ നിരാഹാരവും തുടരുന്നു. വെള്ളിയാഴ്ച തയ്യല്‍ തൊഴിലാളികളുടെ സംഘടനയായ എകെടിഎയുടെയും ദേശീയ സംഘടനയായ ടിഡബ്ല്യൂഎഫ്ഐയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി സമരഭടന്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. പോണ്ടിച്ചേരി, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളും നേതാക്കളും പങ്കെടുത്തു. അതിര്‍ത്തിയില്‍ പ്രകോപനപരമായി സമരം ചെയ്യുന്ന ചില സംഘടനകളുടെ നിലപാട് മൂലം തയ്യല്‍തൊഴിലാളികള്‍ക്ക് ചപ്പാത്തിലെ സമരകേന്ദ്രത്തില്‍ എത്താനായില്ല. ഇവിടേക്ക് വന്ന സമരക്കാരെ ചെങ്കോട്ടയില്‍ തമിഴ്നാട്ടിലെ ചില സംഘടനകള്‍ തടഞ്ഞു.
ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന മുല്ലപ്പെരിയാര്‍ സമരത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് ടിഡബ്ല്യൂഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രി നാവടക്കി ഇരിക്കുന്നതിന്റെ ഉദേശം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ലെന്ന് അഖിലേന്ത്യ സംഘടനാ നേതാക്കള്‍ ആരോപിച്ചു. ഫെബ്രുവരി 29ന് തമിഴ്നാട്ടിലെ തയ്യല്‍ തൊഴിലാളി സംഘടനയായ ടിടികെടിഎംഎസിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെസംബന്ധിച്ച് വിശദീകരണയോഗങ്ങള്‍ നടത്തും. കെ മാനുക്കുട്ടന്‍ , എന്‍ സി ബാബു, അശോകന്‍ , സുരേന്ദ്രന്‍ , കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക, കലാരംഗത്തെ പ്രമുഖരും സമരത്തിന് ഐക്യദാര്‍ഡ്യവുമായെത്തി. ഡാം 999 ചിത്രത്തില്‍ അഭിനയിച്ച കലാഭവന്‍ സിനാജ്, ചലച്ചിത്ര പിന്നണി ഗായകന്‍ വില്‍സ്വരാജ് എന്നിവര്‍ സമരപ്പന്തലിലെത്തി. മിമിക്രിയിലൂടെ സിനാജ് ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരന്തം വിവരിച്ചു. സമരസമിതി നേതാക്കളുടെ ചിത്രവും സിനാജ് വരച്ചു.
deshabhimani 241211
No comments:
Post a Comment