തൃശൂര്‍ ജില്ലയിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആവേശകരമായ സ്മരണയാണ് വാഴാനി സമരം. തൊഴില്‍സമയം എട്ടുമണിക്കൂറാക്കാനും കൂലിവര്‍ധനയ്ക്കും, നാടുവാഴിത്തത്തിനും അവരുടെ മര്‍ദകശക്തിക്കുമെതിരെ ഇരുനൂറ്റമ്പതോാളം തൊഴിലാളികള്‍ ഒരു മാസത്തിലേറെ നടത്തിയ ഐതിഹാസിക പോരാട്ടമാണ് 1956ല്‍ വേലൂരില്‍ നടന്ന വാഴാനി കനാല്‍ സമരം. വാഴാനി കനാലിന്റെ ഭാഗമായി വേലൂരില്‍ രണ്ടു കിലോമീറ്റര്‍ നീളമുള്ള ബണ്ട് നിര്‍മാണം നടന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ ജോലിചെയ്താല്‍ സ്ത്രീകള്‍ക്ക് രണ്ടണയും പുരുഷന്മാര്‍ക്ക് നാലണയുമായിരുന്നു കൂലി. ഇതിനെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ടി തലപ്പിള്ളി താലൂക്ക് സെക്രട്ടറി എ എസ് എന്‍ നമ്പീശന്‍ പ്രസിഡന്റും എ എല്‍ ഫ്രാന്‍സിസ് സെക്രട്ടറിയുമായി. ജോലി എട്ടുമണിക്കൂറാക്കണമെന്നും കൂലി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരന് നിവേദനം നല്‍കി. അയാള്‍ നിവേദനം കീറിക്കളയുകയായിരുന്നു. ഈ ധിക്കാരത്തോട് രാജിയാവാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. പിറ്റേന്നുമുതല്‍ പണിമുടക്കു തുടങ്ങി. പണിയിടത്തിലും കരാറുകാരന്റെ ഓഫീസിനുമുന്നിലും സത്യഗ്രഹത്തോടെ തുടങ്ങിയ സമരം നാള്‍ക്കുനാള്‍ പടര്‍ന്നുപിടിച്ചു.
പൊലീസിനെ ഉപയോഗിച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് കരാറുകാരന്‍ നടത്തിയത്. ദിവസവും ഏതാനും തൊഴിലാളികള്‍ അറസ്റ്റ് വരിക്കാനായിരുന്നു തീരുമാനം. നാട്ടുകാരും സമരത്തില്‍ പങ്കാളികളായി. ഒരു മാസം പിന്നിട്ടിട്ടും തളരാത്ത സമരശക്തിയില്‍ അസഹ്യനായ കരാറുകാരന്‍ കരിങ്കാലികളെ ഉപയോഗിച്ച് പണി നടത്താനാണ് ശ്രമിച്ചത്. കൂട്ടത്തില്‍ കൂലിത്തല്ലുകാരെയും ഇറക്കി. തൃശൂര്‍ ഡിവൈഎസ്പി ഉമ്മറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയറും സ്ഥലത്തെത്തി. ഉയര്‍ന്ന ഭാഗങ്ങളില്‍നിന്ന് മണ്ണെടുത്ത് ട്രോളികളില്‍ നിറച്ച് റെയില്‍പ്പാളം വഴി താഴോട്ട് എത്തിച്ചാണ് ബണ്ട് നിര്‍മിച്ചിരുന്നത്. കരിങ്കാലികള്‍ പണിക്കു വന്നപ്പോള്‍ തൊഴിലാളികള്‍ തടഞ്ഞു. എ എസ് എന്‍ നമ്പീശന്‍ , എ എല്‍ ഫ്രാന്‍സിസ്, കെ പി അരവിന്ദാക്ഷന്‍ എന്നീ നേതാക്കളും തൊഴിലാളികളായ കോന്നി, കറപ്പായ്, കെ എസ് ശങ്കരന്‍ , അറുമുഖന്‍ , വിശ്വംഭരന്‍ , കാളിക്കുട്ടി, ജാനു, കുറുമ്പ, അമ്മിണി എന്നിവരുമായിരുന്നു മുന്നണിയില്‍ . മാറുമറയ്ക്കല്‍ സമരത്തിന്റെ മുന്നണിപ്പോരാളി വേളത്ത് ലക്ഷ്മിക്കുട്ടി സമരസഖാക്കളെ സഹായിച്ച് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ധീരാംഗനയായിരുന്നു.
ആദ്യത്തെ ട്രോളിയില്‍ മണ്ണു നിറച്ച് താഴോട്ട് ഉരുട്ടിവിട്ടു. ഗുണ്ടകളെയും പൊലീസിനെയും അമ്പരപ്പിച്ച് പൊലീസ് വലയം ഭേദിച്ച് എ എസ് എന്‍ നമ്പീശന്‍ റെയിലിനു കുറുകെക്കിടന്നു. പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സമരാവേശത്തില്‍ പിന്മാറാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. മണ്ണുനിറച്ച ട്രോളി പാഞ്ഞുവന്നു. ഈ സമയത്ത് പൊലീസുകാരിലൊരാളായ പൂക്കോട്ടു നാരായണമാരാര്‍ വലിയ മരമുട്ടി പാളത്തിലേക്ക് തട്ടിയിട്ടു. ട്രോളി അതില്‍തട്ടി നിന്നു. തലനാരിഴയ്ക്കാണ്് നമ്പീശന്‍മാഷ് അന്ന് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ സമരവീര്യം പൊലീസിനെയും കരാറുകാരനെയും ഞെട്ടിച്ചു. പണി നിര്‍ത്തി. കരിങ്കാലികളെ പിന്‍വലിച്ചു. ഒത്തുതീര്‍പ്പാണ് നല്ലതെന്ന് ബോധ്യപ്പെട്ടു. ജോലിസമയം എട്ടുമണിക്കൂറാക്കി. കൂലിയില്‍ 50 ശതമാനം വര്‍ധന വന്നു. ജയിലിലായിരുന്ന സമരസഖാക്കളെ ഒരാഴ്ചക്കുള്ളില്‍ മോചിപ്പിക്കുകയും ചെയ്തു. പിന്നീടുണ്ടായ തൊഴിലാളിമുന്നേറ്റങ്ങള്‍ക്ക് വാഴാനി സമരം നല്‍കിയ ഊര്‍ജം വിലപ്പെട്ടതായി.
deshabhimani 211211
തൃശൂര്‍ ജില്ലയിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആവേശകരമായ സ്മരണയാണ് വാഴാനി സമരം. തൊഴില്‍സമയം എട്ടുമണിക്കൂറാക്കാനും കൂലിവര്‍ധനയ്ക്കും, നാടുവാഴിത്തത്തിനും അവരുടെ മര്‍ദകശക്തിക്കുമെതിരെ ഇരുനൂറ്റമ്പതോാളം തൊഴിലാളികള്‍ ഒരു മാസത്തിലേറെ നടത്തിയ ഐതിഹാസിക പോരാട്ടമാണ് 1956ല്‍ വേലൂരില്‍ നടന്ന വാഴാനി കനാല്‍ സമരം.
ReplyDelete