Thursday, December 22, 2011

കൊച്ചി മെട്രോയുടെ 10 കോടി വീണ്ടും സ്വകാര്യബാങ്കില്‍

തൃക്കാക്കര: മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പത്തുകോടി രൂപ കൊച്ചി മെട്രോ അധികൃതര്‍ പുതുതലമുറയിലെ സ്വകാര്യബാങ്കില്‍ത്തന്നെ നിക്ഷേപിച്ചു. ആക്സിസ് ബാങ്കിന്റെ പാലാരിവട്ടം ശാഖയിലാണ് കഴിഞ്ഞദിവസം തുക നിക്ഷേപിച്ചത്. മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ലഭിച്ച കോടിക്കണക്കിനു രൂപ ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ബന്ധു ജോലി ചെയ്യുന്ന ഈ ശാഖയില്‍ കൊച്ചിയിലെ തുക നിക്ഷേപിച്ചത് ഉന്നതങ്ങളിലെ സ്വാധീനത്തെത്തുടര്‍ന്നാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ട്രഷറിക്കു നല്‍കിയ പത്തുകോടി രൂപ വളരെ തിടുക്കത്തിലാണ് ഡിഡിയാക്കി മാറ്റിയത്. സിവില്‍സ്റ്റേഷനില്‍ത്തന്നെ ട്രഷറിയും സ്റ്റേറ്റ് ബാങ്കും സ്ഥിതിചെയ്യുമ്പോഴാണ് സ്വകാര്യബാങ്കിലേക്കുള്ള തുക മാറ്റം. തുക മാറ്റാന്‍ എത്തിയ കലക്ടറേറ്റ് ജീവനക്കാരനെ യാത്രക്കൂലി കൊടുത്താണ് പാലാരിവട്ടത്തുനിന്ന് ബാങ്കുകാര്‍ കാക്കനാട്ടേക്ക് മടക്കിവിട്ടത്.
(വി ടി ശിവന്‍)

കെഎസ്ആര്‍ടിസിയില്‍ 3386 പേരെ സ്ഥിരപ്പെടുത്തും

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലികക്കാരായ 3386 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 912 പേര്‍ , 2001ലെ അണ്‍ അഡ്വസൈഡ് പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ടക്ടര്‍മാരാണ്. ഡ്രൈവര്‍ , കണ്ടക്ടര്‍ , മെക്കാനിക് വിഭാഗങ്ങളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ 2474 പേരെയും സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോലിക്കിടെ അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മുന്‍ഗണനാ പരിഗണന കൂടാതെ നിയമനം നല്‍കും. ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്ത 32 തടവുകാരെ മോചിപ്പിക്കും. പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. പൊലീസ് എആര്‍ ബറ്റാലിയനില്‍ 1200 പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ താല്‍ക്കാലിക പരിശീലന തസ്തികയുടെ കാലാവധി 2012 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് നീട്ടും. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയുടെ കാലാവധി 2013 വരെ നീട്ടി. കണ്‍സള്‍ട്ടന്‍സി ഫീസ് 112.2 കോടിയില്‍ നിന്നും 133.29 കോടിയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. കുട്ടനാട് വികസന പാക്കേജില്‍ സുപ്രണ്ടിംഗ് എന്‍ജിനീയര്‍ , എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയ ഏഴു തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ബാര്‍ മന്ത്രി കെ ബാബുവിന്റെ ബിനാമിയുടേതെന്ന്

കൊച്ചി: എക്സൈസ് മന്ത്രിയുടെ മണ്ഡലത്തിലെ പുതിയ ബാര്‍ മന്ത്രിയുടെ ബിനാമിയുടേതെന്ന് ഹര്‍ജിക്കാരനായ മറ്റൊരു ബാര്‍ ഉടമയുടെ ആരോപണം. കോടതി ഉത്തരവുണ്ടായിട്ടും ബാര്‍ ലൈസന്‍സ് അപേക്ഷ നിരസിച്ച എക്സൈസ് കമീഷണറുടെ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ച് കോടതിയെ സമീപിച്ച കോവളം സാഗര റീജന്‍സി ഉടമകളാണ് ആരോപണം ഉന്നയിച്ചത്. ലൈസന്‍സിനുള്ള അപേക്ഷയില്‍ തീരുമാനം വൈകിയപ്പോള്‍ മന്ത്രിയുടെ മണ്ഡലത്തിലെ ബാറിന് അനുമതി നല്‍കിയത് മിന്നല്‍ വേഗത്തിലാണെന്നും ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു. അബ്കാരിനിയമത്തിലെ ചട്ടങ്ങള്‍ മറികടന്നാണ് ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതെന്നും കോടതി ഉത്തരവുകള്‍ അട്ടിമറിക്കുന്ന നടപടിയാണ് കാണുന്നതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി സി തോമസ് ബോധിപ്പിച്ചു.

ഹൈക്കോടതി നടപടി മറച്ചുവച്ചു; സര്‍ക്കാര്‍ വിശദീകരണം നല്‍കണം

കൊച്ചി: ഹൈക്കോടതിയിലെ നടപടികള്‍ മറച്ചുവച്ച് സുപ്രീംകോടതിയെ സമീപിച്ചതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ഇക്കാര്യം വിശദമാക്കി ചീഫ് സെക്രട്ടറി ഒരു മാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍ , കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. കക്കൂസ് മാലിന്യനിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയുമായി സഹകരിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കൊച്ചി നഗരത്തിലെ മുണ്ടംവേലി, എളംകുളം എന്നിവിടങ്ങളില്‍ കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ എസ് സുഭാഷ്ചന്ദ് പരിശോധന നടത്തി. ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നാറില്‍ കക്കൂസ്മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഹൈക്കോടതി അഭിഭാഷകയായ എന്‍ സുധ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് സംസ്ഥാനത്താകെ മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ നടപടികളെക്കുറിച്ച് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

deshabhimani 221211

1 comment:

  1. മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പത്തുകോടി രൂപ കൊച്ചി മെട്രോ അധികൃതര്‍ പുതുതലമുറയിലെ സ്വകാര്യബാങ്കില്‍ത്തന്നെ നിക്ഷേപിച്ചു. ആക്സിസ് ബാങ്കിന്റെ പാലാരിവട്ടം ശാഖയിലാണ് കഴിഞ്ഞദിവസം തുക നിക്ഷേപിച്ചത്. മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ലഭിച്ച കോടിക്കണക്കിനു രൂപ ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചത് വിവാദമായിരുന്നു.

    ReplyDelete