Wednesday, December 21, 2011

ഓര്‍മകളില്‍ നിറയുന്നത് കൊണ്ടോട്ടിയുടെ പോരാട്ട ഗാഥകള്‍


കൊണ്ടോട്ടി: ഒട്ടേറെ സമര പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കൊണ്ടോട്ടിയുടേത്. കൊണ്ടോട്ടിയില്‍ നടന്ന കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരവും അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധവും പഴമക്കാരുടെ മനസ്സില്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മകളാണ്. കുഞ്ഞാലിയും എടക്കോട്ടും കെ സെയ്താലിക്കുട്ടിയും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലം. നേതാക്കളുടെ ചങ്കുറപ്പോടെയുള്ള ചെറുത്തുനില്‍പ്പ് അന്നത്തെ വലിയ രാഷ്ട്രീയ കക്ഷിയായ ലീഗിനെപ്പോലും അമ്പരപ്പിച്ചു.

കൊണ്ടോട്ടിയില്‍ നടന്ന പ്രമാദമായ ഒരു കുടിയൊഴിപ്പിക്കല്‍ കേസ് വിജയിച്ചത് ഇത്തരമൊരു ചെറുത്ത് നില്‍പ്പിലൂടെയായിരുന്നു. കൊണ്ടോട്ടിയിലെ എറത്താലി ബീരാന്‍കുട്ടിഹാജിയായിരുന്നു ഭൂവുടമ. മുസ്ലിംലീഗിന്റെ അക്കാലത്തെ വളന്റിയര്‍ ക്യാപ്റ്റന്‍ പാമ്പോടന്‍ ബീരാന്‍കുട്ടി കുടിയാനും. കോടതിയില്‍നിന്നും വിധി സമ്പാദിച്ച് ബീരാന്‍കുട്ടിയുടെ കൈവശഭൂമി ഒഴിപ്പിക്കാന്‍ ഭൂഉടമ ശ്രമം തുടങ്ങി. എന്ത് വിലകൊടുത്തും ഇതിനെ ചെറുക്കാന്‍ സഖാക്കളും തീരുമാനിച്ചു. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ സഹായത്തോടുകൂടി സര്‍വ സന്നാഹവുമായി ഒഴിപ്പിക്കല്‍ ഉത്തരവ് നടപ്പാക്കാന്‍ അധികൃതരെത്തി. കൊണ്ടോട്ടിയിലാകെ പൊലീസ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. സഖാക്കളായ കുഞ്ഞാലിയും എടക്കോട്ടും സെയ്താലിക്കുട്ടിയും പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഇതിനെ ശക്തിയായി ചെറുത്തു. അവസാനം ഒഴിപ്പിക്കാന്‍ വന്നവര്‍ക്ക് പിന്മാറേണ്ടി വന്നു. മുസ്ലിംലീഗിന്റെ വളന്റിയറായിട്ടും ബീരാന്‍കുട്ടിയെ സഹായിക്കാന്‍ ലീഗുകാര്‍ തയാറായില്ല.

കഷ്ടപ്പെടുന്നവരുടെ സഹായകേന്ദ്രമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി. കെട്ടിമേയാത്ത വീടുകള്‍ക്ക് ഓലയും മുളയം സംഘടിപ്പിച്ച് സഖാക്കള്‍ മേഞ്ഞുകൊടുക്കുമായിരുന്നു. ബീഡിതെറപ്പായിരുന്നു അന്നത്തെ മുഖ്യതൊഴില്‍ . 2500ഓളം ബീഡിത്തൊഴിലാളികള്‍ അന്ന് യൂണിയനില്‍ അംഗങ്ങളായിരുന്നു. പ്രക്ഷോഭ സമരങ്ങള്‍ക്ക് ഈ തൊഴിലാളികള്‍ ഒരു മുതല്‍ക്കൂട്ടായിരുന്നു.
കൊണ്ടോട്ടി മുത്തളത്ത്നിന്ന് മെഗാഫോണിലൂടെ "രക്തസാക്ഷികള്‍ സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ് എന്ന് സെയ്താലിക്കുട്ട്യാക്ക വിളിച്ച് പറയും. ഉടനെ ബീഡിത്തൊഴിലാളികള്‍ ഒത്തുകൂടും. തുറക്കല്‍ ബീഡിക്കമ്പനിയില്‍ നടന്ന തൊഴില്‍ തര്‍ക്കത്തില്‍ മദിരാശി ഹൈക്കോടതിയില്‍നിന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി വാങ്ങിച്ചതിന്റെ പിന്നിലും സ. കെ സെയ്താലിക്കുട്ടിയായിരുന്നു.

അടിയന്തരാവസ്ഥയില്‍ കൊണ്ടോട്ടിക്കാരായ കമ്യൂണിസ്റ്റുകാരും പീഡനത്തിരയായി. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം അണപൊട്ടി. മുന്‍കൂട്ടി പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യാതെ ചെങ്കൊടി ഉയരുന്നിടത്ത് സഖാക്കള്‍ ഒത്തുകൂടുന്ന ഒരു പ്രത്യേക രീതിയിലായിരുന്നു സമരം. സമരത്തെ തുടര്‍ന്ന് 35 പേരെ അറസ്റ്റുചെയ്തു. ഇവര്‍ ഒരു മാസക്കാലം ജയിലില്‍ കിടന്നു. കെ സെയ്താലിക്കുട്ടിയായിരുന്നു ഈ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ . കമ്യൂണിസ്റ്റുകാരനായതുകൊണ്ട് പലര്‍ക്കും അന്ന് ജോലി നിഷേധിച്ചിരുന്നു. ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് പുതിയറക്കല്‍ സെയ്താലിക്കുട്ടി അടക്കമുള്ളവര്‍ ബീഡിതെറുപ്പിലേക്ക് നീങ്ങിയത്. യോഗവും പ്രകടനങ്ങളുമുള്ള ദിവസം രാത്രിവരെ ബീഡി തെറുക്കും. വിളക്കുകത്തിച്ചാല്‍ ബീഡിമുറം മാറ്റിവച്ച് കൊടിയുമേന്തി പ്രകടനമായി കൊണ്ടോട്ടിയിലേക്ക് വരും. രാവിലെ ജോലിക്ക് പോകുമ്പോള്‍തന്നെ തൊഴിലാളികള്‍ ചുവന്നകൊടി കൈയില്‍ കരുതും.

ഒരുപാട് പീഡനങ്ങള്‍ അന്ന് സ. കെ സെയ്താലിക്കുട്ടി അടക്കമുള്ളവര്‍ അനുഭവിച്ചിട്ടുണ്ട്. കാഫിറാക്കി ഭ്രഷ്ട്, വിവാഹബന്ധം വേര്‍പെടുത്താന്‍ ഭാര്യവീട്ടില്‍ പള്ളിഖാസിയുടെ ഭീഷണി ഇങ്ങനെപോകുന്നു പീഡനകഥകള്‍ . അന്ന് താലൂക്കില്‍ കൊണ്ടോട്ടി, വിളയില്‍ , നിലമ്പൂര്‍ , കോഡൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പാര്‍ടിക്ക് പ്രവര്‍ത്തകരുണ്ടായിരുന്നത്. കര്‍ഷകര്‍ക്കൊപ്പം അടിയുറച്ചുനിന്ന് ഒട്ടേറെ പ്രക്ഷോഭ സമരങ്ങളും സംഘടിപ്പിച്ചു. കൃഷിഭൂമി കര്‍ഷകന്, ജന്മിത്വം അവസാനിപ്പിക്കുക, പാട്ടംവെട്ടിക്കുറക്കുക എന്നിവയായിരുന്നു മുദ്രാവാക്യം. മുസ്ലിം പൗരോഹിത്യം ഇത് ശക്തിയായി എതിര്‍ത്തു. പാട്ടം വെട്ടിക്കുറക്കല്‍ കരാര്‍ ലംഘനമാണെന്നും ഇസ്ലാം വിരുദ്ധമാണെന്നും പണ്ഡിതര്‍ ഫത്വ ഇറക്കി. ഇതേത്തുടര്‍ന്ന് സഖാക്കള്‍ അനുഭവിച്ച പീഡനം വിവരണാതീതമാണ്.

ഒരിക്കല്‍ എടവണ്ണപ്പാറയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പ്രകടനമായി പുറപ്പെട്ട സെയ്താലിക്കുട്ടിയെയും സംഘത്തെയും ഒരുവിഭാഗം ചായക്കടയില്‍നിന്ന് കല്ലെറിഞ്ഞു. കര്‍ഷകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൊറയൂരിലെ ജന്മി മുണ്ടമ്പലം മൂസതിന്റെ മനയിലേക്ക് നടത്തിയ പ്രകടനത്തെ ചാണകവെള്ളം ഒഴിച്ചാണ് നേരിട്ടത്. കോണ്‍ഗ്രസ് ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്ക് മണ്ണെണ്ണയും പഞ്ചസാരയും അനുവദിച്ചിരുന്നില്ല. ഈ ആവശ്യമുന്നയിച്ച് സെയ്താലിക്കുട്ടിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടിയില്‍നിന്ന് മഞ്ചേരി താലൂക്കോഫീസിലേക്ക് ജാഥ നടത്തി. ഇരുനൂറ്റി അമ്പതോളം പേര്‍ ജാഥയില്‍ അണിനിരന്നു. തഹസില്‍ദാര്‍ ഗോവിന്ദന്‍ ഒരു ചാക്ക് പഞ്ചസാര അവിടെവച്ചുതന്നെ അനുവദിച്ചു. ഇത്തരം പോരാട്ടങ്ങളായിരുന്നു പഴയകാലത്ത് കൊണ്ടോട്ടിയില്‍ നടന്നത്.

deshabhimani 211211

1 comment:

  1. ഒട്ടേറെ സമര പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കൊണ്ടോട്ടിയുടേത്. കൊണ്ടോട്ടിയില്‍ നടന്ന കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരവും അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധവും പഴമക്കാരുടെ മനസ്സില്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മകളാണ്. കുഞ്ഞാലിയും എടക്കോട്ടും കെ സെയ്താലിക്കുട്ടിയും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലം. നേതാക്കളുടെ ചങ്കുറപ്പോടെയുള്ള ചെറുത്തുനില്‍പ്പ് അന്നത്തെ വലിയ രാഷ്ട്രീയ കക്ഷിയായ ലീഗിനെപ്പോലും അമ്പരപ്പിച്ചു.

    ReplyDelete