കോട്ടയം: പാവപ്പെട്ടവര്‍ക്കും അര്‍ഹരായവര്‍ക്കും യഥാസമയം ആനുകൂല്യം ലഭ്യമാക്കുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായി ചൊവ്വാഴ്ച കോട്ടയത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക മാമാങ്കം. വേദിയില്‍ പ്രസംഗിച്ചവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് പരിപാടി ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുമെന്നായിരുന്നു. ആയിരവും പതിനായിരവും ചികിത്സാ ധനസഹായം നല്‍കുകയോ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് പരാതികളുള്ളവര്‍ക്ക് പരിഹാരമുണ്ടാക്കി കൊടുക്കുകയോ അല്ല സര്‍ക്കാര്‍ ലക്ഷ്യം. മഹാമേള നടത്തി കോടികള്‍ പൊടിച്ച് ധൂര്‍ത്ത് ആഘോഷിക്കുക. അതാണ് ചൊവ്വാഴ്ച സമ്പര്‍ക്കപരിപാടിയെന്ന പേരില്‍ അരങ്ങേറിയതും. പരിപാടിക്ക് ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയെന്ന അറിയിപ്പാണ് പരാതിക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിച്ച മറുപടി. അത് അറിയാനാണോ കഴിഞ്ഞ രണ്ടാഴ്ച വെയിലും മഴയും കൊണ്ട് അപേക്ഷ നല്‍കിയതെന്ന പരാതിക്കാരുടെ ചോദ്യത്തിന് ഉത്തരമില്ല.
പരിപാടിക്ക് മുമ്പ് മാധ്യമങ്ങള്‍ ഇതിന്റെ പൊള്ളത്തരം വരച്ചുകാട്ടിയപ്പോള്‍ അത് രാഷ്ട്രീയ മുതലെടുപ്പിന് എന്ന് വിളിച്ചവര്‍ പോലും ഒടുവില്‍ സമ്മതിച്ചു, ഇത് ധൂര്‍ത്തിന്റെയും ഭരണതകര്‍ച്ചയുടെയും നേര്‍ചിത്രമെന്ന്. വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും അതിന് മുകളിലെ സര്‍ക്കാര്‍ സംവിധാനവും കാര്യക്ഷമമാക്കിയാല്‍ പരിഹരിക്കാവുന്ന കാര്യങ്ങളാണ് ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് അരങ്ങേറിയത്. നല്‍കിയ പരാതികള്‍ തന്നെ ഒരാഴ്ച പിന്നിട്ടപ്പോള്‍ എവിടെയെന്ന് ആര്‍ക്കും തിട്ടമില്ലാതെ പരാതിക്കാരെ വകുപ്പുകള്‍ തോറും വട്ടം ചുറ്റിക്കുകയായിരുന്നു. മൊത്തം എഴുപത്തിരണ്ട് കൗണ്ടറുകളിലായി വിവിധ വകുപ്പിലെ ആയിരത്തിഅഞ്ഞൂറോളം ഉദ്യോഗസ്ഥരാണ് പരിപാടിക്ക് എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ മറ്റു ജോലികളൊന്നും തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കാറില്ലായിരുന്നു. ഒടുവില്‍ ജനസമ്പര്‍ക്ക പരിപാടിയിലും ഭൂരിപക്ഷം അപേക്ഷകളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി, ഉദ്യോഗസ്ഥര്‍ കൈയൊഴിഞ്ഞു. സര്‍ക്കാരിന് മെഗാഷോ നടത്തിയതിന്റെ മേനിനടിപ്പ്. പാവപ്പെട്ട പരാതിക്കാരന്റെ അപേക്ഷ ഫയലില്‍ തന്നെ.
ജനം മടങ്ങിയത് വെറുംകൈയോടെ
കോട്ടയം: ജനസമ്പര്‍ക്കത്തില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്തിയവരില്‍ പതിനായിരങ്ങള്‍ പൊരിവെയിലില്‍ കാത്തു കിടന്ന് വെറുംകൈയോടെ മടങ്ങി. ചികിത്സാധനസഹായം മുതല്‍ കാര്‍ഷികനഷ്ടപരിഹാരം വരെ വാങ്ങാനായി എത്തിയവര്‍ അധികാരികളുടെ നിസ്സഹകരണത്തിലും നിസ്സംഗതയിലും മനംമടുത്ത് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മടങ്ങുകയായിരുന്നു. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോട്ടയത്ത് അപേക്ഷകര്‍ കുറവായിരുന്നു. അതിനാല്‍ സമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ വച്ചും പരാതികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിപ്പ് നല്‍കി. പുതിയ അപേക്ഷകളില്‍ കൂടുതലും റേഷന്‍ കാര്‍ഡ് എപിഎല്ലില്‍നിന്ന് ബിപിഎല്ലിലേക്ക് മാറ്റാനായിരുന്നു. അതിരാവിലെ മുതല്‍ ക്യൂവില്‍ നിന്ന് പന്ത്രണ്ടോടെ അപേക്ഷ കൊടുത്തപ്പോള്‍ ഇത്തരം അപേക്ഷകള്‍ സമ്പര്‍ക്കപരിപാടിയില്‍ പരിഗണിക്കില്ലെന്ന അറിയിപ്പെത്തി,
ഇതിനിടെ നേരത്തെ നല്‍കിയ അപേക്ഷകളില്‍ ഭൂരിഭാഗവും കാണുന്നില്ലെന്ന് പരാതി ഉയര്‍ന്നു. താലൂക്ക് ഓഫീസുകളിലും മറ്റും നല്‍കിയ അപേക്ഷയുടെ രസീതുമായി സ്റ്റേഡിയത്തില്‍ എത്തിയപ്പോഴാണ് അപേക്ഷ കാണുന്നില്ലെന്ന മറുപടി കിട്ടിയത്. സ്ഥലവും കുടിവെള്ളവും ലഭിക്കാനായി അപേക്ഷ നല്‍കിയ എറംമ്പം സ്വദേശി രാധാമണി രസീത് കാണിച്ചെങ്കിലും അപേക്ഷ കാണാനില്ലായിരുന്നു. കാഞ്ഞിരം ജെ ബ്ലോക്ക് പാടശേഖരസമിതി നല്‍കിയ അപേക്ഷയ്ക്കും ഇതേ ഗതി തന്നെ. വേനല്‍ മഴയില്‍ കൃഷി നശിച്ചവര്‍ക്ക് വര്‍ഷം അവസാനിച്ചിട്ടും നഷ്ടപരിഹാരം കിട്ടിയില്ല. ഒടുവില്‍ മുഖ്യമന്ത്രി കനിയുമെന്ന പ്രതീക്ഷയിലാണ് അവരെത്തിയത്. എന്നാല്‍ അപേക്ഷ തന്നെ അപ്രത്യക്ഷമായി.
അനധികൃത പാറമടയ്ക്കെതിരെ മീനച്ചില്‍ താലൂക്ക് ഓഫീസില്‍ നല്‍കിയ പരാതിയും കണ്ടില്ല. റവന്യു വകുപ്പിന്റെ കൗണ്ടറില്‍ എത്താനായിരുന്നു അധികൃതരുടെ നിര്‍ദേശം. അവിടെയെത്തിയപ്പോള്‍ അഗ്നിശമനസേനയുടെ കൗണ്ടറില്‍ പോകാന്‍ പറഞ്ഞു. അവിടെയും അത്തരത്തില്‍ അപേക്ഷ എത്തിയില്ലെന്ന് മറുപടി കിട്ടി. ഫലത്തില്‍ വെയില്‍കൊണ്ടത് മാത്രമാണ് മിച്ചമെന്ന് പരാതിക്കാരനായ ഉളനാട് സിറ്റിസണ്‍സ് ഫോറം സെക്രട്ടറി ബിനു പറഞ്ഞു. പതിനായിരത്തില്‍പ്പരം അപേക്ഷകരാണ് ചൊവ്വാഴ്ച നിരാശരായി സമ്പര്‍ക്കപരിപാടിയില്‍നിന്ന് മടങ്ങിയത്. സഹായം പ്രതീക്ഷിച്ച് എത്തിയവരില്‍ ഏറെയും സ്ത്രീകളായിരുന്നു.
സ്റ്റേജ് ഷോ ഹൗസ്ഫുള്‍
കോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി യൂത്ത് കോണ്‍ഗ്രസിന്റെ സ്റ്റേജ് ഷോ കൂടിയായി. പ്രധാനവേദിയില്‍ യൂത്ത്വിഭാഗത്തിന്റെ ഇടിച്ചുകയറ്റത്തില്‍ വേദിതന്നെ തകരുമെന്ന ഭീതിഉയര്‍ന്നു. പരാതിക്കാരല്ലാത്തവര്‍ സ്റ്റേജില്‍നിന്ന് മാറണമെന്ന കലക്ടറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന ആരും ചെവിക്കൊണ്ടില്ല. പൊലീസാകട്ടെ തിരക്ക് നിയന്ത്രിക്കാനോ കലക്ടറുടെ അഭ്യര്‍ഥന ചെവിക്കൊള്ളാനോ ആദ്യം തയ്യാറായില്ല. എല്ലാവരും മുഖ്യമന്ത്രിയുടെ അടുത്ത ആളുകളെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു. കലക്ടറും എസ്പിയും തോറ്റപ്പോള്‍ മന്ത്രി തിരുവഞ്ചൂര്‍ മൈക്കേന്തി. മന്ത്രിയുടെ അഭ്യര്‍ഥനയും വെറുതെയായി. പിന്നീട് മന്ത്രി കെ സി ജോസഫ് ഇടപെട്ടാണ് കുറച്ചുപേരെ മാറ്റിയത്.
പിടികിട്ടാപ്പുള്ളി സംഘാടകന്‍
കോട്ടയം: പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ച ആള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലെ പ്രധാന സംഘാടകന്‍ . പലപ്പോഴും അപേക്ഷകരെ സ്ക്രീനിങ്് ചെയ്യുന്ന ജോലിയും മുഖ്യമന്ത്രിയുടെ ബന്ധു കൂടിയായ കുഞ്ഞ് ഇല്ലംപള്ളി നടത്തി. പ്രധാനവേദിക്കരികെ നിന്നാണ് ഇദ്ദേഹം പരാതികള്‍ സ്വീകരിക്കുകയും അതില്‍ എഴുതി നല്‍കുകയും ചെയ്തത്. കഴിഞ്ഞ ജൂലൈ ഏഴിന് പൊലീസിനെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും കോട്ടയത്തുവച്ച് അക്രമിച്ച കേസിലെ മുഖ്യപ്രതി കൂടിയായ ഇദ്ദേഹത്തിനെതിരെയുള്ള അറസ്റ്റ് വാറണ്ട് ഉടന്‍ നടപ്പാക്കാന്‍ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപ്പാക്കാത്തപ്പോഴാണ് പിടികിട്ടാപ്പുള്ളി ജനസമ്പര്‍ക്കപരിപാടിയില്‍ പ്രധാനിയായത്. ഇദ്ദേഹം പരാതി സ്വീകരിക്കുമ്പോള്‍ തൊട്ടടുത്തുനിന്ന് ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ ക്രമസമാധാനം തകരുന്നുണ്ടോയെന്ന് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. ഇദ്ദേഹത്തോടൊപ്പം മറ്റു ചില ഖദര്‍ധാരികളും അപേക്ഷകള്‍ സ്ക്രീന്‍ ചെയ്യാന്‍ സജീവമായിരുന്നു. മുഖ്യമന്ത്രിയെ അനുകരിച്ച് പാവങ്ങളുടെ അപേക്ഷകളുടെ മുകളില്‍ കുറിപ്പെഴുതുന്നതും കാണാമായിരുന്നു. ഇത് കണ്ടതോടെ കൂട്ടമായി ആളുകള്‍ ഇവരുടെ അടുക്കലേക്ക് എത്തിയതും തിരക്ക് വര്‍ധിപ്പിച്ചു.
സപ്ലൈ ഓഫീസിനു മുന്നില്‍ പ്ലാസ്റ്റിക് കൂമ്പാരം
തൃശൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് എത്തിച്ച ഭക്ഷണ പായ്ക്കറ്റുകള്‍ താലൂക്ക് സപ്ലൈ ഓഫീസിനുമുന്നില്‍ കൂട്ടിയിട്ട നിലയില്‍ . ബ്രഡ് പായ്ക്കറ്റുകളും പഴക്കുലകളുടെ ചണ്ടിയുമാണ് അവശിഷ്ടങ്ങളില്‍ അധികവും. കൂനപോലെ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ദിവസങ്ങള്‍കഴിഞ്ഞിട്ടും അധികൃതര്‍ തയ്യറായിട്ടില്ല. ഉദ്യോസ്ഥര്‍ക്കുതന്നെയായിരുന്നു ഭക്ഷണ വിതരണ ചുമതലയും. പരിപാടി കഴിഞ്ഞതോടെ മാലിന്യ നീക്കത്തില്‍ നിന്ന് ചുമതലക്കാര്‍ തലയൂരി. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അവകാശപ്പെടുന്ന കോര്‍പറേഷനില്‍ നഗര ഹൃദയത്തില്‍ സര്‍ക്കാര്‍ ഓഫീസിനുമുന്നില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം പൊതുജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തി.
deshabhimani 211211
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി യൂത്ത് കോണ്‍ഗ്രസിന്റെ സ്റ്റേജ് ഷോ കൂടിയായി. പ്രധാനവേദിയില്‍ യൂത്ത്വിഭാഗത്തിന്റെ ഇടിച്ചുകയറ്റത്തില്‍ വേദിതന്നെ തകരുമെന്ന ഭീതിഉയര്‍ന്നു. പരാതിക്കാരല്ലാത്തവര്‍ സ്റ്റേജില്‍നിന്ന് മാറണമെന്ന കലക്ടറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന ആരും ചെവിക്കൊണ്ടില്ല. പൊലീസാകട്ടെ തിരക്ക് നിയന്ത്രിക്കാനോ കലക്ടറുടെ അഭ്യര്‍ഥന ചെവിക്കൊള്ളാനോ ആദ്യം തയ്യാറായില്ല. എല്ലാവരും മുഖ്യമന്ത്രിയുടെ അടുത്ത ആളുകളെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു. കലക്ടറും എസ്പിയും തോറ്റപ്പോള്‍ മന്ത്രി തിരുവഞ്ചൂര്‍ മൈക്കേന്തി. മന്ത്രിയുടെ അഭ്യര്‍ഥനയും വെറുതെയായി. പിന്നീട് മന്ത്രി കെ സി ജോസഫ് ഇടപെട്ടാണ് കുറച്ചുപേരെ മാറ്റിയത്.
ReplyDelete