Saturday, December 24, 2011

പിറവം തെരഞ്ഞെടുപ്പ് തീയതി ഇന്നുപ്രഖ്യാപിക്കും

പിറവം ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. വൈകിട്ട് നാലരക്ക് കമീഷന്‍ എസ് വൈ ഖുറേഷി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനൊപ്പം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചേക്കും. പതിനൊന്നരക്ക് കമീഷന്റെ സമ്പൂര്‍ണ്ണയോഗത്തില്‍ എല്ലാഅംഗങ്ങളും സംബന്ധിക്കുന്നു.

പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിലും, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി സംഖ്യത്തിലുമാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രധാന പാര്‍ട്ടികളെ അകറ്റിനിര്‍ത്തി മായവതിയുടെ നേതൃത്വത്തില്‍ ബിഎസ്പി ഭരിക്കുന്നു. കേന്ദ്രഭരണം അഴിമതിയില്‍ മുങ്ങി പ്രതിഛായ നഷ്ടമായതാണ് ബിജെപി-ശിരോമണി അകാലിദള്‍ നേതൃത്വത്തിലുള്ള ഭരണപക്ഷം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. മുഖ്യമന്ത്രിയായ പ്രകാശ് സിങ് ബാദലിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 116 സീറ്റുകളില്‍ 67 എണ്ണം മുന്നണി നേടിയിരുന്നു. 403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ 206 സീറ്റുമായാണ് മയാവതിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി 97 സീറ്റും, ബിജെപി 51 സീറ്റും നേടിയപ്പോള്‍ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് 22 സീറ്റ് മാത്രമാണ് ലഭിച്ചത്. ഒരിക്കലും യോജിക്കില്ലെന്ന് കരുതിയ ബ്രാഹ്മണ-ദളിത് ശക്തികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാന്‍ കഴിഞ്ഞതാണ് മായാവതിയുടെ വിജയം. മായാവതിക്കെതിരെ ഉയര്‍ന്ന വന്‍ അഴിമതിയാരോപണങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം പ്രതീക്ഷവയ്ക്കുന്നത്.

മണിപ്പൂരിലെ 60 അംഗനിയമസഭയില്‍ കോണ്‍ഗ്രസിന്‍് 30 അംഗങ്ങളുടെ പിന്തുണയുണ്ട്. മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 5 അംഗങ്ങളാണുള്ളത്. 10 സ്വതന്ത്രരും ചെറിയ പാര്‍ട്ടികളുടെ 15 അംഗങ്ങളും ചേരുന്നതിനാല്‍ ഭരണസമവാക്യങ്ങള്‍ക്ക് പ്രധാന്യമുണ്ട്. ഓംകാരം ഇബോബി സിങാണ് നിലവിലെ മുഖ്യമന്ത്രി. ബി സി ഖണ്ഡൂരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്. 70 അംഗ നിയമസഭയില്‍ 34പേര്‍ ബിജെപി അംഗങ്ങളാണ്. കോണ്‍ഗ്രസിന് 21 സീറ്റും, ബിഎസ്പിക്ക് എട്ട് സീറ്റുമുണ്ട്. കോണ്‍ഗ്രസ് ബിഎസ്പി ധാരണയുണ്ടാക്കാനാവില്ലെന്നത് ബിജെപിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ദിഗംബര്‍ കമ്മത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണമാണ് ഗോവയില്‍ നിലനില്‍ക്കുന്നത്. ഗോവയില്‍ അനധികൃത ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കമ്മത്തിനെതിരെ അന്വേഷണം നടക്കുന്നത് കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കും. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിസ് 16 സീറ്റും പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 14 സീറ്റുമാണുള്ളത്. കേന്ദ്രഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പുകള്‍ മാറുമെന്നത് കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷയില്‍ മങ്ങലേല്‍പ്പിക്കുന്നു.

deshabhimani 241211

1 comment:

  1. പിറവം ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. വൈകിട്ട് നാലരക്ക് കമീഷന്‍ എസ് വൈ ഖുറേഷി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനൊപ്പം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചേക്കും. പതിനൊന്നരക്ക് കമീഷന്റെ സമ്പൂര്‍ണ്ണയോഗത്തില്‍ എല്ലാഅംഗങ്ങളും സംബന്ധിക്കുന്നു.

    ReplyDelete