2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അതേപടി സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നയമാണ് സ്വീകരിച്ചത്. ശുപാര്‍ശയ്ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്തു. സഹകരണമേഖല ശക്തമായ ഒഡിഷ പോലുള്ള സംസ്ഥാനങ്ങളും ഇതേനിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ സഹകരണമേഖല മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ പഠിച്ച് ഭേദഗതി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ അധികാരത്തിലുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് കമ്മിറ്റി ശുപാര്‍ശകള്‍ ഭേദഗതിചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ , ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുപകരം കേരളത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ ബലികഴിച്ച് വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ആത്മഹത്യാപരമാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലംമുതല്‍ നിലവിലുള്ളതാണ് നമ്മുടെ സഹകരണമേഖല. രണ്ടാം ലോകമഹായുദ്ധകാലത്ത് കടുത്ത ഭക്ഷ്യക്ഷാമം നേരിടേണ്ടിവന്നപ്പോള്‍ മലബാര്‍ ഭാഗത്ത് റേഷന്‍ വിതരണത്തിനായി സഹകരണസംഘങ്ങള്‍ വ്യാപകമായി സ്ഥാപിതമായി. ഐക്യനാണയസംഘങ്ങളായും ഇവ പ്രവര്‍ത്തിച്ചു. സംസ്ഥാന രൂപീകരണത്തിനുശേഷം സമഗ്രമായ സഹകരണനിയമം നിയമസഭ പാസാക്കി. ഈ നിയമമനുസരിച്ചാണ് കേരളത്തിലെ ആയിരക്കണക്കിന് സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ കര്‍ഷകര്‍ക്ക് കാര്‍ഷികവായ്പയും കാര്‍ഷികയിതര വായ്പയും മുഖ്യമായും നല്‍കുന്നത് സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ , റീജണല്‍ സഹകരണ ബാങ്കുകള്‍ , പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവ മുഖേനയാണ്. സഹകരണ ബാങ്കുകള്‍ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ആകര്‍ഷകമായ പലിശയും നല്‍കുന്നുണ്ട്. നിക്ഷേപം സ്വീകരിക്കുന്നതിന് ചില മാസങ്ങളില്‍ പ്രത്യേക പരിപാടികള്‍തന്നെ സംഘടിപ്പിക്കാറുണ്ട്. ഈ നിക്ഷേപം ഉപയോഗിച്ച് ചുരുങ്ങിയ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ നല്‍കുകയാണ് ചെയ്യുന്നത്. ബാങ്കുകളുടെ കണക്ക് സ്ഥിരമായും തുടര്‍ച്ചയായും കര്‍ശനമായ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങള്‍ ഓഹരിയെടുത്ത് സഹകരണ ബാങ്കുകളെ സഹായിക്കുന്നുണ്ട്. സഹകരണനിയമം അനുസരിച്ച് അംഗങ്ങളാണ് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്. പൊതുവെ അഴിമതിമുക്തമാണ് കേരളത്തിലെ സഹകരണമേഖല. ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സാമൂഹ്യസേവകര്‍ എന്നനിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ വേതനം പറ്റുന്നില്ല. ലാഭേച്ഛയല്ല, സഹകരണമനോഭാവവും സേവനസന്നദ്ധതയുമാണ് അവരെ മികച്ച സഹകാരികളായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഗ്രാമീണമേഖലയിലെ ഹുണ്ടികക്കാരില്‍നിന്നും ഉയര്‍ന്ന പലിശയ്ക്ക് വായ്പ നല്‍കുന്ന സ്വകാര്യ ധനസ്ഥാപനങ്ങളില്‍നിന്നും ഗ്രാമീണ കര്‍ഷകരെ ഒരുപരിധിവരെ രക്ഷിക്കുന്നത് കേരളത്തിലാകെ പടര്‍ന്നുപന്തലിച്ച് കിടക്കുന്ന സഹകരണസ്ഥാപനങ്ങളാണ്. പൊതുജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ കാര്യക്ഷമതയോടെയും സേവനമനോഭാവത്തോടെയും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ കേരളത്തിന് സ്വീകരിക്കാന്‍ കഴിയുന്നതല്ല.
സഹകരണ ബാങ്കുകള്‍ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നും ചെക്ക് സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ലെന്നും മറ്റുമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഫലത്തില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇടവരുത്തും. കര്‍ഷകര്‍ക്ക് കാലാകാലമായി ലഭിച്ചുവരുന്ന വായ്പസൗകര്യങ്ങളും പണം നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശയും നിഷേധിക്കാന്‍ ഇടവരുത്തും. അതോടെ 40,000 സഹകരണജീവനക്കാരുടെ ഭാവിയും ഇരുളടഞ്ഞതായിത്തീരും. ബാങ്കിങ് മേഖലയിലേക്ക് വിദേശ പ്രത്യക്ഷ നിക്ഷേപം ക്ഷണിച്ചുവരുത്തുന്ന ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി വേണം ഈ ശുപാര്‍ശയെയും കാണാന്‍ . നാലുകോടിയില്‍പ്പരം വ്യാപാരികളെ തൊഴില്‍രഹിതരാക്കി മാറ്റുന്ന, ചെറുകിടമേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം ബഹുജനപ്രക്ഷോഭത്തെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായെങ്കിലും മരവിപ്പിച്ചത്. അതുപോലെ സഹകരണമേഖലയെ ഉന്മൂലനംചെയ്യുന്ന വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ധാരണാപത്രത്തില്‍ ഒപ്പിടാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാകയാല്‍ ഉപേക്ഷിച്ചേ മതിയാകൂ.
deshabhimani editorial 231211
വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം, സംസ്ഥാനത്തിനകത്ത് ദീര്‍ഘകാലമായി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സഹകരണമേഖലയെ തകര്‍ക്കാന്‍പോന്നതാണ്. പ്രശസ്തിയാര്‍ജിച്ച കേരളത്തിലെ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം സഹകരണസ്ഥാപനങ്ങളെ വിശേഷിച്ചും 1603 പ്രാഥമിക സഹകരണബാങ്കുകളെ കൂട്ടക്കൊലചെയ്യുന്ന തീരുമാനമാണിത്. ഇത്രയും കടുത്തദ്രോഹം കേരളത്തിലെ സഹകാരികളോടും ഗ്രാമീണ കര്‍ഷകരോടും കാണിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് വ്യക്തമല്ല.
ReplyDelete