Thursday, December 8, 2011

അതിജീവനത്തിന്റെ മനുഷ്യമതില്‍ ഇന്ന്


ഭീഷണി സൃഷ്ടിക്കുന്ന അണക്കെട്ടിനു കീഴില്‍ ജനത അതിജീവനത്തിനായി നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രബുദ്ധകേരളം വ്യാഴാഴ്ച പെരിയാറിന്റെ തീരഭൂമിയില്‍ മനുഷ്യമതില്‍ തീര്‍ക്കും. വൈകിട്ട് നാലുമുതല്‍ 4.15 വരെ 208 കിലോമീറ്ററില്‍ തീര്‍ക്കുന്ന മതിലില്‍ ലക്ഷങ്ങള്‍ അണിചേരും. പുതിയ അണക്കെട്ടിനുവേണ്ടിയും "വെള്ളം തരാം, ജീവന്‍ തരൂ" എന്ന മുദ്രാവാക്യമുയര്‍ത്തിയും എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യമതിലിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തെ ജനങ്ങള്‍ സെക്രട്ടറിയറ്റ് മുതല്‍ രാജ്ഭവന്‍വരെ മനുഷ്യമതില്‍ തീര്‍ക്കും. മറ്റു ജില്ലാകേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കും.

ലക്ഷങ്ങളുടെ പ്രാണഭയം പരിഗണിക്കാത്ത കേന്ദ്രത്തിനും ഇരട്ടത്താപ്പിലൂടെ ജനവഞ്ചന തുടരുന്ന സംസ്ഥാന സര്‍ക്കാരിനും ജനലക്ഷങ്ങള്‍ താക്കീതുനല്‍കും. അണക്കെട്ട് തകര്‍ന്നാല്‍ ആദ്യം ഇരയാവുന്ന ജനവാസകേന്ദ്രമായ വള്ളക്കടവില്‍ തുടങ്ങുന്ന ആദ്യകണ്ണിമുതല്‍ അറബിക്കടലോരത്ത് എറണാകുളം മറൈന്‍ഡ്രൈവ് വരെ തീര്‍ക്കുന്ന മനുഷ്യമതിലില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അണിചേരും. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ , മ്ലാമല, ചപ്പാത്ത്സമരകേന്ദ്രം, അയ്യപ്പന്‍കോവില്‍ , കാഞ്ചിയാര്‍ , കട്ടപ്പന, ഇരട്ടയാര്‍ , ശാന്തിഗ്രാം, നാലുമുക്ക്, കാമാക്ഷി, തങ്കമണി, മരിയാപുരം, ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പന്‍ , ചേലച്ചുവട്, കീരിത്തോട്, പാംബ്ല, ലോവര്‍പെരിയാര്‍ , നീണ്ടപാറ, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂര്‍ , ആലുവ, എറണാകുളം നഗരം എന്നിവിടങ്ങളിലൂടെ നീളുന്ന മതിലിന്റെ മറ്റേ അറ്റം മറൈന്‍ഡ്രൈവിലാണ്. മാര്‍ത്തോമാ സഭ വലിയമെത്രാപോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പെരുമ്പാവൂരിലും ആംഗ്ലിക്കന്‍ സഭാ ബിഷപ് ലേവി ഐക്കര കീരിത്തോട്ടിലും കണ്ണിയാവും.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ , സിപിഐ നേതാവ് സി എ കുര്യന്‍ എന്നിവര്‍ വണ്ടിപ്പെരിയാറ്റില്‍ കണ്ണികളാകും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , എം സി ജോസഫൈന്‍ , എം വി ഗോവിന്ദന്‍ എന്നിവര്‍ മറൈന്‍ഡ്രൈവില്‍ കണ്ണിചേരും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കെ ഇ ഇസ്മയില്‍ എംപി എന്നിവര്‍ ചപ്പാത്തിലും, സിപിഐ എം ഇടുക്കി ജില്ലാസെക്രട്ടറി എം എം മണി കട്ടപ്പനയിലും കോട്ടയം ജില്ലാസെക്രട്ടറി കെ ജെ തോമസ് വള്ളക്കടവിലും കണ്ണിയാവും. പൊതുസമൂഹത്തിന്റെ വലിയ നിരതന്നെ മതിലിന് പിന്തുണയും പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി, ഡോ. സെബാസ്റ്റ്യന്‍ പോള്‍ , യു എ ഖാദര്‍ , പി വത്സല, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുന്‍ അഡ്വക്കറ്റ് ജനറല്‍മാരായ സി പി സുധാകരപ്രസാദ്, എം കെ ദാമോദരന്‍ , ചലച്ചിത്രപ്രതിഭകളായ ജയരാജ്, രഞ്ജിത്, കമല്‍ , സിബി മലയില്‍ , ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വിവിധയിടത്ത് മതിലില്‍ അണിചേരും. വ്യാഴാഴ്ച പകല്‍ 3ന് പ്രവര്‍ത്തകര്‍ തീരുമാനിച്ച കേന്ദ്രങ്ങളില്‍ അണിനിരക്കും. വള്ളക്കടവ് മുതല്‍ താഴേക്ക് റോഡിന് വലതുവശത്തായാണ് മതില്‍ തീര്‍ക്കുക. 3.30 ന് ട്രയല്‍ . 4 ന് മനുഷ്യമതിലില്‍ അണിനിരന്ന് പ്രതിജ്ഞ. 4.15 ന് മതില്‍ സമാപിക്കും. തുടര്‍ന്ന് വിവിധകേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ ചേരും.

deshabhimani 081211

1 comment:

  1. ഭീഷണി സൃഷ്ടിക്കുന്ന അണക്കെട്ടിനു കീഴില്‍ ജനത അതിജീവനത്തിനായി നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രബുദ്ധകേരളം വ്യാഴാഴ്ച പെരിയാറിന്റെ തീരഭൂമിയില്‍ മനുഷ്യമതില്‍ തീര്‍ക്കും. വൈകിട്ട് നാലുമുതല്‍ 4.15 വരെ 208 കിലോമീറ്ററില്‍ തീര്‍ക്കുന്ന മതിലില്‍ ലക്ഷങ്ങള്‍ അണിചേരും. പുതിയ അണക്കെട്ടിനുവേണ്ടിയും "വെള്ളം തരാം, ജീവന്‍ തരൂ" എന്ന മുദ്രാവാക്യമുയര്‍ത്തിയും എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യമതിലിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തെ ജനങ്ങള്‍ സെക്രട്ടറിയറ്റ് മുതല്‍ രാജ്ഭവന്‍വരെ മനുഷ്യമതില്‍ തീര്‍ക്കും. മറ്റു ജില്ലാകേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കും.

    ReplyDelete