Saturday, December 24, 2011

അതിര്‍ത്തി ജില്ലകളില്‍ ജീവിതം വഴിമുട്ടുന്നു

ഇടുക്കി/പാലക്കാട്/കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളിലെ സമ്പദ്ഘടന തകര്‍ച്ചയിലേക്ക്. ഇരുസംസ്ഥാനങ്ങളെയും ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വഴിമുട്ടി. രണ്ടാഴ്ചയായി അതിര്‍ത്തിയിലെ നാലു ചെക്പോസ്റ്റുകള്‍ വഴി ചരക്കുവാഹനങ്ങള്‍ പോകുന്നില്ല. ചില സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അക്രമത്തില്‍ തമിഴ്നാട്ടിലെ മലയാളികള്‍ക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തമിഴ്നാട്ടില്‍നിന്നും എണ്ണായിരത്തിലേറെ തൊഴിലാളികള്‍ ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ ദിവസേന ജോലിക്കായി എത്തിയിരുന്നു. ഇത് നിലച്ചതോടെ ഏലംവ്യവസായം പ്രതിസന്ധിയിലായി. ഏലത്തോട്ടങ്ങളിലെ 70 ശതമാനത്തോളം തൊഴിലാളികളും തമിഴ് വംശജരാണ്. ഏലം ലേലകേന്ദ്രങ്ങളിലെ വ്യാപാരവും നിലച്ചു. ഏലത്തിന്റെ വിപണനം പൂര്‍ണമായും തമിഴ്നാട്ടിലൂടെയാണ് നടന്നിരുന്നത്. ശബരിമല തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും വരവ് നിലച്ചതോടെ കുമളിയിലെ വ്യാപാരമേഖലയും നിശ്ചലമാണ്. ഇടത്താവളമായ കുമളി വഴി ദിവസേന പതിനായിരക്കണക്കിന് പേര്‍ ശബരിമലയ്ക്ക് പോകേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ അഞ്ച് ലക്ഷത്തോളം പേര്‍ പോയിരുന്നു. ഇത്തവണ വ്യാപാരം തകര്‍ന്നത് വന്‍ നഷ്ടമുണ്ടാക്കി.

തേക്കടിയില്‍ വിനോദസഞ്ചാര മേഖലയും തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്. കുമളിയിലും പരിസരപ്രദേശങ്ങളിലുമുള്ള 40 റിസോര്‍ട്ടുകള്‍ , നൂറില്‍പ്പരം ഹോംസ്റ്റേകള്‍ , ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ മുറികളേറെ ഒഴിഞ്ഞുകിടക്കുകയാണ്. ഓട്ടോ-ടാക്സി തൊഴിലാളികളും പ്രതിസന്ധിയിലായി. ചെന്നൈ, ഈറോഡ്, കോയമ്പത്തൂര്‍ , സേലം എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ചെറുകിട കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന മലയാളികള്‍ ദുരിതത്തിലായി. ഇവരെ കട തുറക്കാന്‍ അനുവദിക്കുന്നില്ല. പലരും കേരളത്തിലേക്ക് മടങ്ങി. തമിഴരുടെ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ തിരുപ്പൂര്‍ , നീലഗിരി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ മലയാളികള്‍ കേരള സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും രണ്ടുദിവസം കടയടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിട്ടും ഭീഷണി ഒഴിഞ്ഞില്ല.

തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന തീരുമാനം തമിഴ് ജനതയെ ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണമെന്ന് മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതിര്‍ത്തിപ്രദേശങ്ങളിലെ സംഘര്‍ഷം കൊല്ലം ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ആര്യങ്കാവ് വഴി ഗതാഗതം നിലച്ചതോടെ തമിഴ്ഗ്രാമങ്ങളില്‍ പച്ചക്കറികള്‍ വിളവെടുക്കാതെ നശിക്കുകയാണ്. നൂറ്റമ്പതിലേറെ പച്ചക്കറി വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വന്നത് പത്തില്‍താഴെ മാത്രം. മാട്, മുട്ട തുടങ്ങിയവയുടെ വരവും നിലച്ചു. പൂക്കളുടെ വരവ് നിലച്ചതോടെ പൂ വിപണിയിലും തീവിലയായി. തമിഴ്നാട്ടിലെ തീപ്പെട്ടിക്കമ്പനികളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാണ്. അക്കേഷ്യ, റബര്‍ തുടങ്ങി നിരവധി ലോഡ് തടികള്‍ കൊല്ലം മേഖലയില്‍നിന്ന് തമിഴ്നാട്ടിലേക്ക് എത്തിയിരുന്നു. അന്തര്‍സംസ്ഥാന ബസ്സര്‍വീസുകള്‍ നിലച്ചതിനാല്‍ യാത്ര പൂര്‍ണമായി തടസപ്പെട്ടു. തമിഴ്നാട്ടിലെ കുറ്റാലത്തും കേരളത്തിലെ പാലരുവിയിലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളങ്ങളായ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ ശാസ്താക്ഷേത്രങ്ങളില്‍ തിരക്ക് കുറഞ്ഞു.

deshabhimani 231211

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളിലെ സമ്പദ്ഘടന തകര്‍ച്ചയിലേക്ക്. ഇരുസംസ്ഥാനങ്ങളെയും ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വഴിമുട്ടി. രണ്ടാഴ്ചയായി അതിര്‍ത്തിയിലെ നാലു ചെക്പോസ്റ്റുകള്‍ വഴി ചരക്കുവാഹനങ്ങള്‍ പോകുന്നില്ല. ചില സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അക്രമത്തില്‍ തമിഴ്നാട്ടിലെ മലയാളികള്‍ക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്

    ReplyDelete