നാടും വീടും വിട്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പേരറിയാത്ത, അപരിചിതമായ നാട്ടിലേക്കുള്ള ഒരു കൂട്ടത്തിന്റെ പാലായനം. വഴങ്ങാന്‍ കൂട്ടാക്കാത്ത മണ്ണിനേയും പ്രകൃതിയേയും കഠിനധ്വാനം കൊണ്ട് കീഴടക്കി സ്വപ്നങ്ങളും സമ്പാദ്യങ്ങളും സ്വരുക്കൂട്ടുമ്പോഴും അധികാരികളുടെ ഉത്തരവുകള്‍ ഇടിത്തീയായി പതിക്കുന്നു. സാഹസികമായ ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നെങ്കിലും പുരോഗമന പ്രസ്ഥാനങ്ങളുടെ കൊടിക്കീഴില്‍ അണിനിരന്ന് അവര്‍ പ്രതീക്ഷയുടെ പുതിയ ലോകത്തേയ്ക്ക് ചിറകടിച്ചു. ഈ കുടിയേറ്റ ചരിത്രത്തെ "ഇടുക്കി"യെന്ന് വിളിക്കാന്‍ തുടങ്ങിയിട്ട് വ്യാഴാഴ്ച 40 വര്‍ഷം തികയുന്നു.
1972 ജനുവരി 26ന് ആദ്യ കലക്ടര്‍ ഡി ബാബുപോള്‍ ദേശീയ പതാക ഉയര്‍ത്തി മലനാടിനെ ജില്ലയായി പ്രഖ്യാപിക്കുന്നതിനും മുമ്പും പിമ്പുമുള്ള കുടിയേറ്റ കര്‍ഷകന്റെ ജീവിതം പ്രതീക്ഷയോടൊപ്പം ആശങ്കയും കലര്‍ന്നതാണ്. പട്ടയപ്രശ്നവും ഇടുക്കി പാക്കേജ് അട്ടിമറിയും മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവുമെല്ലാം നാല്‍പ്പതിന്റെ വളര്‍ച്ചയിലും ബാലാരിഷ്ടതകള്‍ തീര്‍ക്കുന്നു. പിറവിയെടുത്ത സമയത്ത് ഇടുക്കിയുടെ വികസനമുഖങ്ങള്‍ ചുവപ്പുനാടയിലും പ്രതിബദ്ധതയില്ലാത്ത ജനപ്രതിനിധികളുടെ കൈയിലുംപെട്ട് വികൃതമായിരുന്നു. എന്നാല്‍ വികസനം സ്വപ്നമാണെന്ന് കരുതിയ തലമുറയെ പുരോഗതിയുടെ പന്ഥാവിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ ജനനായകരുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങളും അതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരുകളും കാരണമായി.
1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയുടെ ആസ്ഥാന വികസനത്തിനായി വനംവകുപ്പിന്റെ സാങ്കേതിക തടസങ്ങളെ മറികടന്ന് 1000 ഏക്കര്‍ ഏറ്റെടുത്ത് നല്‍കി. സര്‍ക്കാര്‍ ഓഫീസുകളും അനുബന്ധസൗകര്യങ്ങളും ഒരുകുടക്കീഴിലാക്കാനുള്ള ഒരു നാടിന്റെ ആഗ്രഹസഫലീകരണത്തിനായിരുന്നു അത്. സ്ഥലം ഇടുക്കി വികസന അതോറിറ്റിയെ ഏല്‍പ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. ചണ്ഡീഗഡ് മാതൃകയില്‍ ആസൂത്രിത നഗരമായി രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനവും ദ്രുതഗതിയിലാക്കി. ജില്ലാ പഞ്ചായത്ത് കാര്യാലയം, ജില്ലാ ആശുപത്രി, നിര്‍മിതി കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് ഭൂമി കൈമാറി നിര്‍മാണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. കൂടാതെ മലയോര കൃഷിക്കാരുടെ പട്ടയസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ തുടക്കമിട്ടതും എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. 96 ശതമാനം മലമ്പ്രദേശങ്ങളായ ജില്ലയുടെ കാര്‍ഷിക സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളും നടന്നു. ജനകീയാസൂത്രണത്തിലൂടെയും ജില്ല ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. എന്നാല്‍ പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യം പറഞ്ഞ് പദ്ധതികള്‍ മരവിപ്പിക്കുന്ന കാഴ്ചയാണ് മലയോരമേഖല കണ്ടത്. കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയ ഇടുക്കി മറ്റൊരു ദുരന്തത്തിലേക്കാണ് കണ്ണ് തുറന്നത്.
2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതികള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുകയും കര്‍ഷകര്‍ക്കായി നിരവധി സുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചും കര്‍ഷക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രഷിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നും പ്രക്ഷോഭത്തെ തുടര്‍ന്നും ഇടുക്കിക്ക് കാര്‍ഷിക പാക്കേജ് കേന്ദ്രം അനുവദിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാര്‍ഷിക പാക്കേജ് അട്ടിമറിക്കുകയും ഭൂമിപതിവ് കമ്മിറ്റികളെ മരവിപ്പിക്കുകയുമാണ് ചെയ്തത്. സിപിഐ എം നേതൃത്വത്തിലുള്ള സമരം ഭൂമിപതിവ് കമ്മിറ്റികളെ പുനരിജ്ജീവിപ്പിക്കാന്‍ സാധിച്ചു. ഹൈറേഞ്ച് മേഖലയെ തീര്‍ത്തും അവഗണിച്ചുള്ള കാര്‍ഷിക പാക്കേജിനെതിരെയുള്ള ജനരോഷം തുടങ്ങിക്കഴിഞ്ഞു. പാക്കേജിലെ റോഡ് വികസനവും ആടു വിതരണപദ്ധതിയുമെല്ലാം ഇടുക്കി എംപിയും ജില്ലക്കാരനായ മന്ത്രിയും ചേര്‍ന്ന് അട്ടിമറിക്കുന്നതിലുള്ള പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്നാടിന് മേല്‍ കേരളത്തിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ചെയ്തത്. എജിയുടെ സത്യവാങ്ങ്മൂലത്തിലൂടെ ഇടുക്കിയെ മാത്രമല്ല കേരളത്തെ മുഴുവന്‍ ഞെട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൂടാതെ പ്രശ്നം വഷളാക്കി സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും വിള്ളല്‍ വീഴിച്ചു. കോണ്‍ഗ്രസും സഖ്യകക്ഷികളും മുല്ലപ്പെരിയാര്‍ സമരത്തെ ആദ്യം അനുകൂലിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്തപ്പോള്‍ എല്‍ഡിഎഫ് മാത്രമാണ് ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമായുള്ള സമരവുമായി മുന്നോട്ടുപോയത്. എല്‍ഡിഎഫിന്റെ ജനകീയ നേതാക്കള്‍ വണ്ടിപ്പെരിയാറിലും ചപ്പാത്തിലുമായി ഉപവാസമിരുന്ന് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കൂടാതെ മനുഷ്യമതില്‍ തീര്‍ത്ത് ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാമെന്ന ആത്മവിശ്വാസത്തേടെയാണ് 40 പിന്നിടുന്ന ജില്ല മുന്നോട്ടുപോകുന്നത്.
deshabhimani 260112
നാടും വീടും വിട്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പേരറിയാത്ത, അപരിചിതമായ നാട്ടിലേക്കുള്ള ഒരു കൂട്ടത്തിന്റെ പാലായനം. വഴങ്ങാന്‍ കൂട്ടാക്കാത്ത മണ്ണിനേയും പ്രകൃതിയേയും കഠിനധ്വാനം കൊണ്ട് കീഴടക്കി സ്വപ്നങ്ങളും സമ്പാദ്യങ്ങളും സ്വരുക്കൂട്ടുമ്പോഴും അധികാരികളുടെ ഉത്തരവുകള്‍ ഇടിത്തീയായി പതിക്കുന്നു. സാഹസികമായ ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നെങ്കിലും പുരോഗമന പ്രസ്ഥാനങ്ങളുടെ കൊടിക്കീഴില്‍ അണിനിരന്ന് അവര്‍ പ്രതീക്ഷയുടെ പുതിയ ലോകത്തേയ്ക്ക് ചിറകടിച്ചു. ഈ കുടിയേറ്റ ചരിത്രത്തെ "ഇടുക്കി"യെന്ന് വിളിക്കാന്‍ തുടങ്ങിയിട്ട് വ്യാഴാഴ്ച 40 വര്‍ഷം തികയുന്നു.
ReplyDelete