Thursday, January 26, 2012

വീരവാദവുമായി എംഎല്‍എ; അന്തംവിട്ട് മുഖ്യമന്ത്രി

കേന്ദ്രഫണ്ട് വിനിയോഗിച്ചു നിര്‍മിക്കുന്ന 28 കിലോമീറ്റര്‍ റോഡ് നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ. എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ അന്തംവിട്ട് മുഖ്യമന്ത്രി. ആക്കുളം, നെയ്യാര്‍ഡാം വിനോദസഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനവേദിയിലാണ് സ്വാഗതപ്രസംഗം നടത്തിയ എം എ വാഹിദ് എംഎല്‍എ നാലുമാസംകൊണ്ട് 28 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത്. സ്വാഗതപ്രാസംഗികന്റെ ആവേശം നിറഞ്ഞ വാക്കുകള്‍ കേട്ട് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അടക്കമുള്ളവര്‍ പരുങ്ങി.

തുടര്‍ന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഹിദിന്റെ പ്രഖ്യാപനത്തോട് പരിഹാസത്തോടെയാണ് പ്രതികരിച്ചത്. എംഎല്‍എയുടെ പ്രഖ്യാപനം നടപ്പാകില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാരിന്റെ പദ്ധതികള്‍ സമയത്തിനു തീര്‍ക്കാറില്ലെന്ന്് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എയുടെ പ്രഖ്യാപനത്തെ വെല്ലുവിളിയായി കണ്ട് നാലുമാസംകൊണ്ട് റോഡുപണി പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്നു സംസാരിച്ച മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവരും എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു.

ഡിസിസി പ്രസിഡന്റിന്റെ അഭിപ്രായം നിരുത്തരവാദപരം

ആലപ്പുഴ: കുട്ടനാട് കാര്‍ഷിക പാക്കേജിന്റെ അവലോകനയോഗത്തില്‍ പങ്കെടുക്കാതെ കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ മന്ത്രി പി ജെ ജോസഫിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരവും ഖേദകരവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം അഭിപ്രായപ്പെട്ടു. യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനോട് അസഹിഷ്ണതയോടെ പെരുമാറുന്നത് മുന്നണിമര്യാദയ്ക്ക് യോജിച്ചതല്ല. കൊടിക്കുന്നില്‍ സുരേഷിനെ ശാസിക്കാന്‍ ബാധ്യതയുള്ള ഡിസിസി പ്രസിഡന്റ് മന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത് ജാള്യത മറച്ചുവയ്ക്കാനാണ്.

കോടികള്‍ അനുവദിച്ചെന്ന കേന്ദ്രസഹമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പ്

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികള്‍ അനുവദിച്ചതായി കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍ പലതവണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തട്ടിപ്പായിരുന്നെന്ന് വ്യക്തമായി. വിവരാവകാശ നിയമപ്രകാരം "ഗ്രീന്‍സൊസൈറ്റിന്‍" ഭാരവാഹികള്‍ നല്‍കിയ അപേക്ഷയില്‍ ദേശീയപാതവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ നല്‍കിയ മറുപടിയിലാണ് തട്ടിപ്പ് വെളിവായത്. ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തീകരിക്കാന്‍ തുകയൊന്നും അനുവദിച്ചിട്ടില്ലെന്നാണ് ഗ്രീന്‍ സൊസൈറ്റി സെക്രട്ടറി തോമസ് കളപ്പുരയെ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രേഖാമൂലം അറിയിച്ചത്. ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തികള്‍ ബിഒടി വ്യവസ്ഥയിലോ നാലുവരിപാത നിര്‍മാണത്തിനൊപ്പമോ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 1990ലും 2007ലും രണ്ട് ഘട്ടങ്ങളിലായാണ് ബൈപ്പാസിന്റെ പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതിന് ആകെ 14.9856 കോടി രൂപയാണ് അന്ന് അനുവദിച്ചത്. ഇതില്‍ 13.4856 കോടി രൂപ ചെലവഴിച്ചു. ബൈപ്പാസ് നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ ആക്കാനുള്ള നീക്കം ജനകീയമായി നേരിട്ട് പ്രതിരോധിക്കുമെന്ന് ഗ്രീന്‍സൊസൈറ്റി പ്രസിഡന്റ് തോമസ് കളപ്പുരയും സെക്രട്ടറി ടി എം സന്തോഷും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 260112

1 comment:

  1. കേന്ദ്രഫണ്ട് വിനിയോഗിച്ചു നിര്‍മിക്കുന്ന 28 കിലോമീറ്റര്‍ റോഡ് നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ. എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ അന്തംവിട്ട് മുഖ്യമന്ത്രി. ആക്കുളം, നെയ്യാര്‍ഡാം വിനോദസഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനവേദിയിലാണ് സ്വാഗതപ്രസംഗം നടത്തിയ എം എ വാഹിദ് എംഎല്‍എ നാലുമാസംകൊണ്ട് 28 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത്. സ്വാഗതപ്രാസംഗികന്റെ ആവേശം നിറഞ്ഞ വാക്കുകള്‍ കേട്ട് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അടക്കമുള്ളവര്‍ പരുങ്ങി.

    ReplyDelete