Thursday, January 26, 2012

ഗ്രീക്ക് സംവിധായകന്‍ ആഞ്ചലോപൗലോ അന്തരിച്ചു


വിഖ്യാത ഗ്രീക്ക് ചലച്ചിത്ര സംവിധായകന്‍ തിയോ ആഞ്ചലോപൗലോ (76) വാഹനാപകടത്തില്‍ മരിച്ചു. ഏതന്‍സിലെ തുറമുഖപട്ടണമായ പിരായുസില്‍ തന്റെ പുതിയ സിനിമയായ "ദ അദര്‍ സീ"യുടെ സെറ്റിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കവേ പൗലോയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പൊലീസ് ഓഫീസര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

1935 ഏപ്രില്‍ 27ന് ഏതന്‍സിലാണ് ആഞ്ചലോപൗലോയുടെ ജനനം. ഏതന്‍സ് സര്‍വകലാശാലയില്‍ ബിരുദം പഠിച്ച അദ്ദേഹം പിന്നീട് പാരീസിലെത്തി സിനിമാപഠനത്തിന് ചേര്‍ന്നു. ഗ്രീസില്‍ മടങ്ങിയെത്തി അദ്ദേഹം ഇടതുപക്ഷ പത്രത്തില്‍ സിനിമാനിരൂപകനായി. 1967 മുതലാണ് ചലച്ചിത്രനിര്‍മാണത്തിലേക്ക് കടന്നത്. കവിയും എഴുത്തുകാരനുമെന്ന നിലയില്‍ ശ്രദ്ധേയനായശേഷമാണ് അദ്ദേഹം സിനിമാരംഗത്തേക്ക് തിരിഞ്ഞത്. എഴുപതുകളുടെ തുടക്കംമുതല്‍ മികച്ച സിനിമകളിലൂടെ അദ്ദേഹം പടിപടിയായി ലോകശ്രദ്ധയിലേക്കുയര്‍ന്നു. ഗ്രീക്ക് ചലച്ചിത്രരംഗത്ത് നവതരംഗത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് ആഞ്ചലോപൗലോ. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തിനിടെ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1995ലെ കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് ജൂറി പ്രൈസ് നേടിയ അദ്ദേഹം മൂന്നുവര്‍ഷത്തിനുശേഷം മുഖ്യപുരസ്കാരമായ പാം ഡി ഓള്‍ സ്വന്തമാക്കി. 1980ല്‍ വെനീസ് മേളയില്‍ "അലക്സാണ്ടര്‍ ദി ഗ്രേറ്റ്" എന്ന ചിത്രം ഗോള്‍ഡണ്‍ ലയന്‍ പുരസ്കാരം നേടി. ദ ട്രാവലിങ് പ്ലെയേഴ്സ്, ദ ഹണ്ടേഴ്സ്, റികണ്‍സ്ട്രക്ഷന്‍ , ലാന്‍ഡ്സ്കേപ് ഇന്‍ ദ മിസ്റ്റ്, ദ വീപിങ് മെഡോ തുടങ്ങിയ പ്രധാന ചിത്രങ്ങളാണ്.

deshabhimani 260112

1 comment:

  1. വിഖ്യാത ഗ്രീക്ക് ചലച്ചിത്ര സംവിധായകന്‍ തിയോ ആഞ്ചലോപൗലോ (76) വാഹനാപകടത്തില്‍ മരിച്ചു. ഏതന്‍സിലെ തുറമുഖപട്ടണമായ പിരായുസില്‍ തന്റെ പുതിയ സിനിമയായ "ദ അദര്‍ സീ"യുടെ സെറ്റിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കവേ പൗലോയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു.

    ReplyDelete