Monday, January 2, 2012

മുല്ലപ്പെരിയാര്‍ : വിദഗ്ധാംഗങ്ങള്‍ ജസ്റ്റിസ് ആനന്ദിനെ കണ്ടു

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ വിദഗ്ധാംഗങ്ങളായ സി ഡി തട്ടെ, ഡി കെ മെഹ്ത എന്നിവരുമായി സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദ് കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ആനന്ദിന്റെ വസതിയില്‍ നടന്ന ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കാനെത്തിയ തട്ടെയും മെഹ്തയും തമിഴ്നാടിന് അനുകൂലമായ സമീപനം സ്വീകരിച്ചെന്ന് ആരോപിച്ച് കേരളം പരാതി നല്‍കാനിരിക്കെയാണ് കൂടിക്കാഴ്ച. സംഭവത്തിന്റെ വിശദാംശം അറിയാന്‍ ജസ്റ്റിസ് ആനന്ദ് ഇരുവരെയും വിളിപ്പിച്ചതായാണ് സൂചന.

വിദഗ്ധസമിതി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ച തന്നെ കേരളം പരാതി സമര്‍പ്പിക്കും. തട്ടെയും മെഹ്തയും തമിഴ്നാടിന്റെ മാത്രം അഭിപ്രായങ്ങള്‍ കേട്ടു മടങ്ങിയെന്ന ആക്ഷേപമാണ് കേരളം ഉന്നയിക്കുക. കേരളത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വിദഗ്ധര്‍ ചെവികൊടുത്തില്ല. കേരളത്തിലെ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുംവിധം പെരുമാറി. ഇതേ തുടര്‍ന്ന് കേരളത്തിന് വിദഗ്ധസമിതി അംഗങ്ങളുടെ സന്ദര്‍ശനം ബഹിഷ്കരിക്കേണ്ടിവന്നു. ഇത്തരം കാര്യങ്ങള്‍ പരാതിയില്‍ വിശദീകരിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം ഉന്നതാധികാരസമിതിക്ക് പരാതി നല്‍കുന്നത്. തിങ്കളാഴ്ചത്തെ യോഗം കേരളത്തിന്റെ പരാതി പരിശോധിക്കും. കേരളത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സമിതി മുമ്പാകെ ഹാജരാകും. കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദം സമിതി കേള്‍ക്കും. ജലനിരപ്പ് അടിയന്തരമായി 120 അടിയായി താഴ്ത്തണമെന്ന വാദമാണ് കേരളം മുഖ്യമായും ഉന്നയിക്കുക. അണക്കെട്ട് സന്ദര്‍ശിച്ച് വിദഗ്ധസമിതി അംഗങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവയ്ക്കും. റിപ്പോര്‍ട്ട് പരിശോധിച്ച് വാദങ്ങള്‍ തയ്യാറാക്കുന്നതിനാണ് ഈ ആവശ്യം.

തുടര്‍ച്ചയായ ഭൂചലനങ്ങളുടെയും മറ്റും സാഹചര്യത്തില്‍ കേരളം നല്‍കിയ പരാതിയിലാണ് ഉന്നതാധികാരസമിതി അംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. തുടര്‍ച്ചയായ ഭൂചലനങ്ങളും ക്രമാതീതമായ മഴയും കാരണം ജനങ്ങള്‍ പരിഭ്രാന്തിയിലായതിനെ തുടര്‍ന്നാണ് കേരളം പരാതി സമര്‍പ്പിച്ചത്. സന്ദര്‍ശനം പെട്ടെന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിസംബര്‍ 24നു മാത്രമാണ് തട്ടെയും മെഹ്തയും അണക്കെട്ട് കാണാനെത്തിയത്. ഈ ഘട്ടത്തില്‍ മഴ മാറിയതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നു.

deshabhimani 020112

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ വിദഗ്ധാംഗങ്ങളായ സി ഡി തട്ടെ, ഡി കെ മെഹ്ത എന്നിവരുമായി സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദ് കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ആനന്ദിന്റെ വസതിയില്‍ നടന്ന ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കാനെത്തിയ തട്ടെയും മെഹ്തയും തമിഴ്നാടിന് അനുകൂലമായ സമീപനം സ്വീകരിച്ചെന്ന് ആരോപിച്ച് കേരളം പരാതി നല്‍കാനിരിക്കെയാണ് കൂടിക്കാഴ്ച. സംഭവത്തിന്റെ വിശദാംശം അറിയാന്‍ ജസ്റ്റിസ് ആനന്ദ് ഇരുവരെയും വിളിപ്പിച്ചതായാണ് സൂചന.

    ReplyDelete