Monday, January 2, 2012

സിപിഐ എം ജില്ലാസമ്മേളനം ബത്തേരിക്ക് പുതുചരിത്രമായി

വളര്‍ച്ചയില്‍ ഒരുനാഴികക്കല്ല്

കല്‍പ്പറ്റ: സംഘാടനംകൊണ്ടും ഉള്‍പ്പാര്‍ടി ജനാധിപത്യത്തില്‍ ഊന്നിയ ചര്‍ച്ചകള്‍കൊണ്ടും മാതൃകാപരമായിരുന്നു സിപിഐ എം ജില്ലാസമ്മേളനം. അരലക്ഷത്തിലേറെ പേര്‍ ഒഴുകിയെത്തിയിട്ടും പാര്‍ടി ഐക്യത്തിന്റേയും അച്ചടക്കത്തിന്റെ ആള്‍രൂപമായി മാറി പ്രകടനം. ഡിസംബര്‍ 29 മുതല്‍ 31 വരെ ബത്തേരിയില്‍ നടന്ന ജില്ലാസമ്മേളനം വിപ്ലവപ്രസ്ഥാനത്തിന്റെ ജില്ലയിലെ ചരിത്രത്തിലേക്ക് സുവര്‍ണ അധ്യായം എഴുതിച്ചേര്‍ത്തപ്പോള്‍ അനുകരണീയമായ മാതൃകയെന്ന് ജനങ്ങളാകെ വാഴ്ത്തി.

ബത്തേരിക്ക് പുതിയ അനുഭവമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളായി നടന്ന സമ്മേളനം സമ്മാനിച്ചത്. ജില്ലയിലെ വികസനപ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ചചെയ്ത സമ്മേളനം വിവിധ പ്രശ്നങ്ങളിലുള്ള പ്രക്ഷോഭങ്ങള്‍ക്കും രൂപം നല്‍കി. തോട്ടം, ആദിവാസി മേഖലയിലെ വിവിധ വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭം അനിവാര്യമാണ് എന്ന് സമ്മേളനം ചര്‍ച്ചചെയ്തു. ആദിവാസികള്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നതിനും ശക്തമായ സമരം നടത്താന്‍ സമ്മേളനം തീരുമാനിച്ചു. ജില്ലയെ ബാധിക്കുന്ന വിവിധ വികസനപ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള ക്രിയാത്മകമായ ചര്‍ച്ചയും അതിനനുസരിച്ചുള്ള തീരുമാനങ്ങളുമാണ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. സംഘാടകരുടെ കണക്കുകൂട്ടലുകള്‍പോലും തെറ്റിച്ച് അരലക്ഷത്തിലേറെ പേര്‍ ബത്തേരിയിലേക്ക് ഒഴുകിയെത്തി. മൂന്നുവരിയായി അച്ചടക്കത്തോടെ നീങ്ങിയ പ്രകടനം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ക്കാനാകാത്ത ശക്തി വിളിച്ചോതി. ആദിവാസികളും മറ്റ് ജനവിഭാഗങ്ങളും യുവജനങ്ങളും സ്ത്രീകളും പ്രായംചെന്നവരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരും പ്രകടനത്തിലും സമാപനസമ്മേളനത്തിലും എത്തി.

സെപ്തംബര്‍ 10 നാണ് ബത്തേരിയില്‍ ജില്ലാസമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചത്. സി ഭാസ്കരന്‍ ചെയര്‍മാനും കെ ശശാങ്കന്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തിച്ചത്. ഇരുപതാം കോണ്‍ഗ്രസ്സ് കോഴിക്കോട് നടക്കുന്നതിന്റെ മുന്നോടിയായുള്ള ജില്ലാസമ്മേളനം വിജയിപ്പിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളായിരുന്നു സ്വാഗതസംഘം രൂപീകരണയോഗംതന്നെ ആസൂത്രണംചെയ്തത്. ഇരുപത് വര്‍ഷത്തിനുശേഷം ആതിഥ്യമരുളുന്ന സമ്മേളനം ബത്തേരിയിലെ പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വമാണ് ഏറ്റെടുത്തത്. ബ്രാഞ്ച്തലംവരെ സംഘാടകസമിതികള്‍ രൂപീകരിച്ചു. സമ്മേളനത്തിന്റെ പ്രചാരണമെത്താത്ത ഒരുവീടുപോലും ബത്തേരി ഏരിയയില്‍ ഉണ്ടായിരുന്നില്ല. ആറ് ഏരിയയിലും വിവിധ സെമിനാറുകള്‍ , കലാകായിക മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കപ്പെട്ടു. ബത്തേരി ഏരിയയില്‍ മുന്നൂറിലേറെ കുടുംബയോഗങ്ങള്‍ ചേര്‍ന്നു. പതിനായിരത്തിലേറെപേര്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. ബത്തേരി ഏരിയയില്‍നിന്ന് മാത്രം പതിനഞ്ചായിരത്തിലേറെപ്പേര്‍ പ്രകടനത്തില്‍ അണിനിരന്നു.

ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് കാര്‍ഷികമേഖലക്ക് പ്രയോജനപ്പെടുത്തണം

ബത്തേരി: വയനാട്ടിലെ വന്‍കിട ജലസേചന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്പെടുത്തണമെന്ന് ബത്തേരിയില്‍ സമാപിച്ച സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കോടികള്‍ മുടക്കിയ കാരാപ്പുഴ, ബാണാസുരസാഗര്‍ പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പലപദ്ധതികളും നിര്‍മാണം പൂര്‍ത്തിയാകാതെയോ, പൂര്‍ത്തിയായവ തന്നെ ലക്ഷ്യത്തില്‍ എത്തുന്നുമില്ല. 1976 ല്‍ 7.6 കോടി അടങ്കലില്‍ 10 വര്‍ഷംകൊണ്ട് പൂര്‍തീകരിച്ച് 5221 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താന്‍ ആരംഭിച്ച കാരാപ്പുഴ ജലസേചനപദ്ധതി 281 കോടി രൂപ ചെലവാക്കിയിട്ടും ഇന്നും പ്രയോജനപ്പെടുത്താനായിട്ടില്ല. ഭാഗികമായി കമീഷന്‍ ചെയ്തിട്ടും ഒരു തുള്ളിവെള്ളംപോലും കൃഷിക്ക് പ്രയോജനപ്പെടുത്താനായിട്ടില്ല. മാത്രമല്ല നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കനാലുകള്‍ പലതും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് അണക്കെട്ടിലെ ചോര്‍ച്ച സംബന്ധിച്ച് കേരള ഡാം സേഫ്റ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ജസ്റ്റിസ് രാജേന്ദ്രബാബു ചെയര്‍മാനായ സമിതി മാര്‍ച്ച് 24ന് ഡാം സന്ദര്‍ശിച്ച് അണക്കെട്ടിലെ റോക്ക് റ്റോ ഏരിയയിലാണ് ക്രമാതീതമായി ചോര്‍ച്ച കണ്ടെത്തിയിരുന്നു. കരാറുകാരന്റെയും മറ്റും ആസ്തി വര്‍ദ്ധിപ്പിച്ചതല്ലാതെ ജനങ്ങള്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. 2800 ഹെക്ടര്‍ കൃഷി ഭൂമിക്ക് ജലസേചനത്തിനാണ് ബാണാസുര സാഗര്‍ പദ്ധതിയും ലക്ഷ്യമിട്ടത്. എന്നാല്‍ ജലസേചനം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്റെ വേഗതയാണ്. കൂടാതെ ഒമ്പത് പദ്ധതികളായി മൊത്തം 29775 ഹെക്ടര്‍ ജലംവിനിയോഗിക്കുന്നതിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

1990 ജൂണ്‍ രണ്ടിന് രൂപീകൃതമായ കാവേരി ട്രിബ്യൂണല്‍ 17 വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം കേരളത്തിന് 30 ടിഎംസി ജലം അനുവദിച്ചത് ഇന്നും നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലത്തില്‍ 21 ടിഎംസി ജലം കബനീ നദി വഴി കാവേരിയില്‍ എത്തിച്ചേരുന്നു. ഇത് പ്രയോജനപ്പെടുത്തുന്നതിനും സാധിച്ചിട്ടില്ല. മാത്രമല്ല ജലസേചന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വയനാട്ടില്‍ ആരംഭിച്ച കാവേരി സെക്ഷന്‍ ഓഫീസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുട്ടനാട് പാക്കേജിന്റെ ഭാഗമാക്കിമാറ്റാന്‍ കോട്ടയത്തേക്ക് മാറ്റി ഉത്തരവും പുറപ്പെടുവിച്ചു. കാര്‍ഷികാഭിവൃദ്ധി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികള്‍ കൃഷിക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിര്‍മാണത്തിലെ അപാകതകള്‍ക്ക് കുറ്റക്കാരായ കാരാറുകാരനെതിരേയും ഉദ്ദ്യോഗസ്ഥന്‍മാരുടേയും പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പദ്ധതി വയനാട്ടിലെ ജനതക്ക് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി മേഖലയിലുള്ള നൂല്‍പ്പുഴ, വരള്‍ച്ചാബാധിത പ്രദേശമായ മുള്ളന്‍ കൊല്ലി, പ്രദേശത്തുകൂടി ഒഴുകുന്ന കടമാന്‍തോട് വെള്ളത്തിനടിയിലാകുന്ന വനപ്രദേശങ്ങളില്ലാത്ത ചുണ്ടേലി പുഴ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. വയനാട്ടിലെ ജലസേചനപദ്ധതികളും പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിനതീതമായി അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

deshabhimani 020112

1 comment:

  1. സംഘാടനംകൊണ്ടും ഉള്‍പ്പാര്‍ടി ജനാധിപത്യത്തില്‍ ഊന്നിയ ചര്‍ച്ചകള്‍കൊണ്ടും മാതൃകാപരമായിരുന്നു സിപിഐ എം ജില്ലാസമ്മേളനം. അരലക്ഷത്തിലേറെ പേര്‍ ഒഴുകിയെത്തിയിട്ടും പാര്‍ടി ഐക്യത്തിന്റേയും അച്ചടക്കത്തിന്റെ ആള്‍രൂപമായി മാറി പ്രകടനം. ഡിസംബര്‍ 29 മുതല്‍ 31 വരെ ബത്തേരിയില്‍ നടന്ന ജില്ലാസമ്മേളനം വിപ്ലവപ്രസ്ഥാനത്തിന്റെ ജില്ലയിലെ ചരിത്രത്തിലേക്ക് സുവര്‍ണ അധ്യായം എഴുതിച്ചേര്‍ത്തപ്പോള്‍ അനുകരണീയമായ മാതൃകയെന്ന് ജനങ്ങളാകെ വാഴ്ത്തി.

    ReplyDelete