Thursday, January 12, 2012

വിശപ്പും പോഷകാഹാര ദൗര്‍ലഭ്യവും ദേശീയ അപമാനം

ഇന്ത്യയില്‍ അഞ്ചുവയസ്സിനു താഴെ പ്രായമുള്ള 42 ശതമാനം കുട്ടികള്‍ പോഷകാഹാര കുറവുമൂലം വളര്‍ച്ച മുരടിച്ചവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാന്ദി ഫൗണ്ടേഷന്‍ ആറു സംസ്ഥാനങ്ങളിലെ ഒരുലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുകൊണ്ടുവന്നത്. വളര്‍ച്ച മുരടിച്ച കുട്ടികളില്‍ തന്നെ 59 ശതമാനം പേര്‍ വളരെ ഗുരുതരമായ വളര്‍ച്ചാ മുരടിപ്പിനെയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 'വിശപ്പും പോഷകാഹാരക്കുറവു'മെന്ന പ്രസ്തുത റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഈ സ്ഥിതിവിശേഷത്തെ 'ദേശീയ അപമാനം' എന്നാണ് വിശേഷിപ്പിച്ചത്. 2004ല്‍ നടന്ന സമാനമായ സര്‍വേയില്‍ ഇത്തരം കുട്ടികള്‍ 53 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ആ സംഖ്യയില്‍ കുറവുവന്നതില്‍ പ്രധാനമന്ത്രി ആശ്വാസം കണ്ടെത്തുന്നു. പക്ഷേ, ഇപ്പോഴത്തെ 42 ശതമാനമെന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാവുന്നതല്ല എന്ന വസ്തുത ഭരണാധികാരികള്‍ക്ക് മറച്ചുവയ്ക്കാനാവില്ല.

കുട്ടികളില്‍ കാണുന്ന പോഷകാഹാരക്കുറവും അതു മൂലമുണ്ടാകുന്ന വളര്‍ച്ചാമുരടിപ്പും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ദൗര്‍ലഭ്യത്തിന്റെ പ്രതിഫലനവുമാണെന്നത് പ്രധാനമന്ത്രിയും കേന്ദ്രഭരണകൂടവും ഇനിയെങ്കിലും അംഗീകരിക്കാന്‍ തയ്യാറാവുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോഴാണ് ഈ വിരോധാഭാസം സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്ന വസ്തുത ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിക്കുക. കഴിഞ്ഞ ഇരുപതുവര്‍ഷക്കാലമായി നടപ്പാക്കിവരുന്ന നവ ഉദാരീകരണ-സാമ്പത്തികനയങ്ങള്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് വഴിവച്ചുവെന്ന ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ നിലനില്‍ക്കെ തന്നെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിന്റേയും ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്തിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഈ യാഥാര്‍ഥ്യം മറ്റാരേക്കാളും ഗവണ്‍മെന്റും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും തിരിച്ചറിയുന്നുമുണ്ട്. അതിന്റെ പ്രതിഫലനമാണല്ലോ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും മൂന്നുരൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കുമെന്ന തിരഞ്ഞെടുപ്പുവാഗ്ദാനത്തില്‍ വ്യക്തമാകുന്നത്. പക്ഷേ, ആ വാഗ്ദാനം നടപ്പിലാക്കാന്‍ സമയബന്ധിതമായി നിയമനിര്‍മ്മാണം നടത്താനും കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാനും ഗവണ്‍മെന്റ് സന്നദ്ധമാകുന്നില്ലെന്നത് ഗവണ്‍മെന്റിന്റെ സമീപനത്തിന്റെ പ്രശ്‌നമാണ് വെളിവാക്കുന്നത്.

ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആ രാജ്യത്തിന്റെ ആരോഗ്യമുള്ള പുതുതലമുറയാണ്. ആ തലമുറ വാര്‍ത്തെടുക്കുന്നതില്‍ ഗവണ്‍മെന്റിന് വലിയ ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത്. കേന്ദ്ര ഭരണം നടത്തുന്ന യു പി എയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് തുടര്‍ന്നുവരുന്നത്. രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ വിസമ്മതിക്കുന്ന ഗവണ്‍മെന്റ് അതിസമ്പന്നരോടും കോര്‍പ്പറേറ്റുകളോടും അതീവ ഉദാരസമീപനമാണ് സ്വീകരിച്ചുപോരുന്നത്. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വാഗ്ദാനം ചെയ്ത ഭക്ഷ്യധാന്യം നല്‍കാന്‍ പ്രതിവര്‍ഷം ഒരുലക്ഷം കോടിയില്‍ താഴെ പണം ചെലവിട്ടാല്‍ മതിയാവുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. എന്നാല്‍ അതിന് പണം ചെലവിടാന്‍ സാമ്പത്തികക്ലേശം നിരത്തുന്ന സര്‍ക്കാര്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക് കഴിഞ്ഞ ആറുവര്‍ഷക്കാലം നല്‍കിയ നികുതിയിളവുകള്‍ ഇരുപത്തിയൊന്ന് ലക്ഷം കോടിരൂപ വരും. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്ന് ഈ സമീപനം വ്യക്തമാക്കുന്നു.

വളര്‍ച്ചമുരടിച്ച കുട്ടികള്‍ 'ദേശീയ അപമാന'മാണെന്ന് തിരിച്ചറിയുന്ന പ്രധാനമന്ത്രി ഈ അപമാനത്തിന് അറുതിവരുത്താന്‍ എന്തെന്തു നടപടികളാണ് സ്വീകരിക്കുക എന്നത് രാജ്യം ഉറ്റുനോക്കുന്നു. കുട്ടികളുടെ വിശപ്പും പോഷകാഹാരക്കുറവും പരിഹരിക്കാനുള്ള ഒന്നാമത്തെ നടപടി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യമെങ്കിലും ഉറപ്പുവരുത്തുക എന്നതാണ്. രാജ്യത്ത് വ്യാപകമായി കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണസംവിധാനത്തിലൂടെ നല്‍കാന്‍ നടപടി സ്വീകരിക്കുകയാണ് ഈ ദിശയില്‍ ആദ്യമായി സ്വീകരിക്കേണ്ട നടപടി. എന്നാല്‍ ദാരിദ്ര്യരേഖ നിര്‍ണയത്തിലും ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം പണം നല്‍കുന്നതു മറ്റുമായി ഇക്കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് കേന്ദ്രത്തില്‍ നിലനില്‍ക്കുന്നത്. ദേശീയ ഉപദേശകസമിതിയും കേന്ദ്ര ആസൂത്രണ കമ്മിഷനും ഭക്ഷ്യസുരക്ഷയ്ക്കായുള്ള മന്ത്രിസഭാ ഉപസമിതിയുമെല്ലാം ഈ ആശയക്കുഴപ്പത്തേയാണ് പ്രതിഫലിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇതിനോടകം നടന്ന പഠനങ്ങള്‍ ഒന്നാകെ വ്യക്തമാക്കുന്നത് സാര്‍വത്രികവും നിയമാധിഷ്ഠിതവുമായ പൊതുവിതരണ സംവിധാനത്തിലൂടെ മാത്രമേ പാവപ്പെട്ടവരുടെ വിശപ്പടക്കാന്‍ പര്യാപ്തമായ റേഷനിംഗ് നടപ്പാക്കാനാവൂ എന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വളര്‍ച്ച മുരടിച്ച പൗരന്മാരുടെ രാഷ്ട്രമായി മുദ്രകുത്തപ്പെടാതിരിക്കാന്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വരനടപടികള്‍ക്ക് സന്നദ്ധമാവണം.

janayugom editorial 120112

1 comment:

  1. ഇന്ത്യയില്‍ അഞ്ചുവയസ്സിനു താഴെ പ്രായമുള്ള 42 ശതമാനം കുട്ടികള്‍ പോഷകാഹാര കുറവുമൂലം വളര്‍ച്ച മുരടിച്ചവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാന്ദി ഫൗണ്ടേഷന്‍ ആറു സംസ്ഥാനങ്ങളിലെ ഒരുലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുകൊണ്ടുവന്നത്. വളര്‍ച്ച മുരടിച്ച കുട്ടികളില്‍ തന്നെ 59 ശതമാനം പേര്‍ വളരെ ഗുരുതരമായ വളര്‍ച്ചാ മുരടിപ്പിനെയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 'വിശപ്പും പോഷകാഹാരക്കുറവു'മെന്ന പ്രസ്തുത റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഈ സ്ഥിതിവിശേഷത്തെ 'ദേശീയ അപമാനം' എന്നാണ് വിശേഷിപ്പിച്ചത്. 2004ല്‍ നടന്ന സമാനമായ സര്‍വേയില്‍ ഇത്തരം കുട്ടികള്‍ 53 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ആ സംഖ്യയില്‍ കുറവുവന്നതില്‍ പ്രധാനമന്ത്രി ആശ്വാസം കണ്ടെത്തുന്നു. പക്ഷേ, ഇപ്പോഴത്തെ 42 ശതമാനമെന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാവുന്നതല്ല എന്ന വസ്തുത ഭരണാധികാരികള്‍ക്ക് മറച്ചുവയ്ക്കാനാവില്ല.

    ReplyDelete