Thursday, January 12, 2012

മെട്രോ അനുബന്ധനിര്‍മാണങ്ങള്‍ക്ക് സഹകരണം കിട്ടുന്നില്ല: ശ്രീധരന്‍

മെട്രോ റെയിലിനായി ഇപ്പോള്‍ നടക്കുന്ന അനുബന്ധ നിര്‍മാണപ്രവര്‍ത്തനവുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) കെഎസ്ഇബിയും സഹകരിക്കുന്നില്ലെന്ന് ഡിഎംആര്‍സി മുന്‍ എംഡി ഇ ശ്രീധരന്‍ . അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നോര്‍ത്ത് മേല്‍പ്പാലം, മണപ്പാട്ടിപ്പറമ്പ്, കെഎസ്ആര്‍ടിസി മേല്‍പ്പാലം എന്നിവിടങ്ങള്‍ ശ്രീധരന്‍ സന്ദര്‍ശിച്ചു. കെഎസ്ഇബി കേബിളുകളും വാട്ടര്‍ അതോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കാത്തത് നിര്‍മാണത്തെ ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

കേബിളുകള്‍ മാറ്റുന്നതു സംബന്ധിച്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് കെഎസ്ഇബി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ഡിഎംആര്‍സിക്ക് പദ്ധതിയില്‍ നേരിട്ടു പങ്കാളിയാകാന്‍ കഴിയില്ലെന്നും ആഗോള ടെന്‍ഡര്‍വഴി നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നും അറിയിച്ച് കെഎംആര്‍എല്‍ കത്തു നല്‍കിയതോടെയാണ് ഏറ്റെടുത്ത അഞ്ച് അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നോര്‍ത്ത്, കെഎസ്ആര്‍ടിസി മേല്‍പ്പാലങ്ങള്‍ ഒഴികെയുള്ളവയില്‍നിന്ന് ഡിഎംആര്‍സി പിന്മാറിയതെന്ന് ശ്രീധരന്‍ പറഞ്ഞു. നോര്‍ത്ത് മേല്‍പ്പാലം പണി വൈകി. എങ്കിലും 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. നഗരത്തില്‍ ബാനര്‍ജി റോഡില്‍ മാത്രമേ പദ്ധതിക്കു മുന്നോടിയായി നിര്‍മാണം ആവശ്യമുള്ളൂ. എംജി റോഡ് ഉള്‍പ്പെടെ മറ്റിടങ്ങളിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ പദ്ധതിയോടൊപ്പം നടപ്പാക്കിയാല്‍ മതി. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പൊതുവെയുള്ള പുരോഗതിയില്‍ ശ്രീധരന്‍ സംതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യയില്‍ പദ്ധതി നടപ്പാക്കിയ മറ്റുള്ള നഗരങ്ങളെ അപേക്ഷിച്ച് കൊച്ചി ചെറിയ നഗരമാണ്. മറ്റു നഗരങ്ങളില്‍ 3.2 മീറ്റര്‍ വീതിയുള്ള കോച്ചുകളായിരുന്നു. എന്നാല്‍ , 2.8 മീറ്റര്‍ വീതിയുള്ള കോച്ചായിരിക്കും കൊച്ചിയില്‍ ഉപയോഗിക്കുക. ട്രെയിന്‍ ഓടാന്‍ കാന്തികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ജപ്പാനിലും ദക്ഷിണകൊറിയയിലും ഉപയോഗിക്കുന്ന കാന്തിക ട്രെയിനുകള്‍ക്ക് പ്രവര്‍ത്തന, അറ്റകുറ്റപ്പണി ചെലവ് കുറവാണ്. ഇങ്ങനെ 30 ശതമാനം ചെലവ് കുറയ്ക്കുകവഴി പദ്ധതി ലാഭകരമാക്കാം. ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളിലെ നിര്‍ദിഷ്ട മേല്‍പ്പാലങ്ങളും മെട്രോ പാതയും സംബന്ധിച്ച ആശയക്കുഴപ്പം ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ചചെയ്യും. സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നത് പദ്ധതിയെ ബാധിക്കില്ല. 100 ശതമാനം സ്ഥലം ഏറ്റെടുത്തശേഷം ഒരു പദ്ധതിയും തുടങ്ങാനാവില്ല. കൊച്ചി മെട്രോയുടെ 90 ശതമാനം ഭാഗത്തും സ്ഥലം ഏറ്റെടുക്കേണ്ടതില്ല. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ സ്ഥലം ഏറ്റെടുക്കലില്‍ വരുന്ന കാലതാമസം നിര്‍മാണത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് വൈദ്യുതി ഉപയോഗം കൂടുതലാണെന്ന വാദം ശരിയല്ല. ഡല്‍ഹി നഗരത്തിലെ മൊത്തം ഉപയോഗത്തിന്റെ മൂന്നു ശതമാനംമാത്രമാണ് മെട്രോ റെയിലിനു വേണ്ടത്. കൊച്ചിയിലും ഇത് മൂന്നോ നാലോ ശതമാനമേ വരൂ എന്നും ശ്രീധരന്‍ പറഞ്ഞു.

deshabhimani 120112

No comments:

Post a Comment