Thursday, January 12, 2012

മസ്ദൂര്‍ തസ്തികയില്‍ ഒഴിവ്-2619 റിപ്പോര്‍ട്ട് ചെയ്തത്-206

വൈദ്യുതി ബോര്‍ഡില്‍ മസ്ദൂര്‍ തസ്തികയില്‍ മാത്രം 2619 ഒഴിവുകള്‍ നിലനില്‍ക്കെ ബോര്‍ഡ് റിപ്പോര്‍ട്ടുചെയ്തത് 206 എണ്ണം മാത്രം. സര്‍ക്കാരിന്റെ നിയമന നിരോധന നയത്തിന്റെ ഭാഗമായാണിത്. ജീവനക്കാരില്ലാത്തതിനാല്‍ പരാതി പരിഹാരങ്ങള്‍ നീളും. അങ്ങനെ ജനങ്ങളെ ബോര്‍ഡിന് എതിരാക്കി സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുകയെന്ന ഗൂഡോദ്യേശവും ഇതിന് പിന്നിലുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. മസ്ദൂര്‍മാരും ലൈന്മാന്മാരും ഇല്ലാത്തതിനാല്‍ പുതുതായി ആരംഭിച്ച 33 സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മരവിച്ചിരിക്കുകയാണ്. ഒന്നും രണ്ടും ജീവനക്കാരെവച്ചാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ജനങ്ങളുടെയാകെ പ്രശംസ പിടിച്ചുപറ്റിയ മോഡല്‍ സെക്ഷന്‍ പ്രവര്‍ത്തനവും തകര്‍ന്നു തുടങ്ങി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ട് മണ്ഡലത്തിന് മാത്രമായി തുടങ്ങിയ ഡിവിഷന്‍ ഓഫീസും ജീവനക്കാരുടെ കുറവുമൂലം പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനായിട്ടില്ല.

വരുന്ന മാര്‍ച്ചില്‍ വിരമിക്കല്‍മൂലം ഉണ്ടാകുന്ന ഒഴിവടക്കം കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യാമെന്നിരിക്കെയാണ് ഉള്ളതുപോലും റിപ്പോര്‍ട്ടുചെയ്യാതെ വൈദ്യുതിബോര്‍ഡ് സര്‍ക്കാരിന്റെ നയം നടപ്പാക്കിയത്. ബോര്‍ഡില്‍ 1999 മുതല്‍ 2004 വരെ ജോലിചെയ്ത കരാര്‍ തൊഴിലാളികള്‍ക്ക് മസ്ദൂര്‍ നിയമനത്തില്‍ 25 ശതമാനം സംവരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ 704 തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഡിസംബറില്‍ 505 മസ്ദൂര്‍മാര്‍ക്ക് സെക്കന്‍ഡ് ഗ്രേഡ് ലൈന്മാന്മാരായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. 505 മസ്ദൂര്‍ തസ്തിക ഇതോടെ ഒഴിവിലായി. വിതരണ, ഉല്‍പ്പാദനമേഖലയിലടക്കം വിവിധ സെക്ഷനുകളില്‍ 250 അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ ഇല്ല. ഇതില്‍ 110 എണ്ണം പ്രൊമോഷന്‍ തസ്തികയാണ്. ഓവര്‍സിയര്‍മാര്‍ക്കും ലൈന്മാന്മാര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയാല്‍ മസ്ദൂര്‍ തസ്തികയില്‍ 110 പേരുടെ ഒഴിവുണ്ടാകും. ഹരിപ്പാട് മണ്ഡലത്തിലടക്കം പ്രവര്‍ത്തനം തുടങ്ങിയ 33 പുതിയ സെക്ഷനുകളിലേക്ക് 192 മസ്ദൂര്‍ , 384 ലൈന്മാന്‍ , 192 ഓവര്‍സിയര്‍ , 126 സീനിയര്‍ സൂപ്രണ്ട്, 200 സീനിയര്‍ അസിസ്റ്റന്റ്, 192 ജൂനിയര്‍ അസിസ്റ്റന്റ്, 96 സബ് എന്‍ജിനിയര്‍ തസ്തികകള്‍ ബോര്‍ഡ് അംഗീകരിച്ചു. ഇതില്‍ മറ്റു തസ്തികകള്‍ പ്രൊമോഷന്‍വഴി നികത്തുമ്പോള്‍ മസ്ദൂര്‍ തസ്തികയില്‍ ആകെ 600 ഒഴിവുകൂടി ഉണ്ടാകും. മാതൃക സെക്ഷനുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ലൈന്മാന്മാരെ നിയമിച്ചാല്‍ 700 മസ്ദൂര്‍ ത്സതികയിലും ഒഴിവുണ്ടാകും. ഇവയാകെ കണക്കുകൂട്ടി റിപ്പോര്‍ട്ട് ചെയ്യാമെന്നിരിക്കെയാണ് 224 തസ്തിക മാത്രം റിപ്പോര്‍ട്ടുചെയ്തത്. തിരു വനന്തപുരം 103, കൊല്ലം-6, ആലപ്പുഴ-6, മലപ്പുറം-87, എറണാകുളം-4 എന്നിങ്ങനെയാണ് ഒഴിവ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.
(ഡി ദിലീപ്)

deshabhimani 120112

1 comment:

  1. വൈദ്യുതി ബോര്‍ഡില്‍ മസ്ദൂര്‍ തസ്തികയില്‍ മാത്രം 2619 ഒഴിവുകള്‍ നിലനില്‍ക്കെ ബോര്‍ഡ് റിപ്പോര്‍ട്ടുചെയ്തത് 206 എണ്ണം മാത്രം. സര്‍ക്കാരിന്റെ നിയമന നിരോധന നയത്തിന്റെ ഭാഗമായാണിത്. ജീവനക്കാരില്ലാത്തതിനാല്‍ പരാതി പരിഹാരങ്ങള്‍ നീളും. അങ്ങനെ ജനങ്ങളെ ബോര്‍ഡിന് എതിരാക്കി സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുകയെന്ന ഗൂഡോദ്യേശവും ഇതിന് പിന്നിലുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. മസ്ദൂര്‍മാരും ലൈന്മാന്മാരും ഇല്ലാത്തതിനാല്‍ പുതുതായി ആരംഭിച്ച 33 സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മരവിച്ചിരിക്കുകയാണ്. ഒന്നും രണ്ടും ജീവനക്കാരെവച്ചാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ജനങ്ങളുടെയാകെ പ്രശംസ പിടിച്ചുപറ്റിയ മോഡല്‍ സെക്ഷന്‍ പ്രവര്‍ത്തനവും തകര്‍ന്നു തുടങ്ങി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ട് മണ്ഡലത്തിന് മാത്രമായി തുടങ്ങിയ ഡിവിഷന്‍ ഓഫീസും ജീവനക്കാരുടെ കുറവുമൂലം പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനായിട്ടില്ല.

    ReplyDelete