Wednesday, January 11, 2012

ഡിഎംആര്‍സി: ശ്രീധരന് ഉറപ്പ് നല്‍കാതെ മുഖ്യമന്ത്രി

കൊച്ചി മെട്രോ നടത്തിപ്പില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) പങ്കാളിത്തം ഉറപ്പാക്കിയാലേ പദ്ധതിയുമായി സഹകരിക്കൂ എന്ന് ഇ ശ്രീധരന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയോട് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹി കേരള ഹൗസില്‍ ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് ശ്രീധരന്‍ നിലപാട് അറിയിച്ചത്. എന്നാല്‍ , ഇതിന് വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഉരുണ്ടുകളി തുടര്‍ന്നു. ഇതോടെ കൊച്ചി മെട്രോയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി കൂടുതല്‍ വ്യക്തമായി.

ഡിഎംആര്‍സി ഉണ്ടെങ്കില്‍ കൊച്ചി മെട്രോയില്‍ പങ്കാളിയാകുമെന്ന് യോഗശേഷം മാധ്യമങ്ങളോടു പറഞ്ഞ ശ്രീധരന്‍ മറ്റുകാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുമെന്ന് അറിയിച്ചു. എന്നാല്‍ , കൃത്യതയില്ലാത്ത നിലപാട് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കൊച്ചി മെട്രോപദ്ധതിയില്‍ ഡിഎംആര്‍സിയെ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി നല്‍കിയില്ല. കൂടുതല്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ആസൂത്രണബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍ 12ന് കേരളത്തില്‍ എത്തുമ്പോള്‍ ചര്‍ച്ച നടത്തി കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാം 12നു ശേഷം പറയാം. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ശ്രീധരനെക്കൂടി വിശ്വാസത്തിലെടുത്താകും മുന്നോട്ടുപോകുക. ഒരുതരത്തിലുള്ള വിവാദവുമുണ്ടാക്കാന്‍ അനുവദിക്കില്ല. ശ്രീധരന്റെ കഴിവ് കൊച്ചി മെട്രോയുടെ കാര്യത്തില്‍ മാത്രമല്ല കേരളത്തിന്റെ മറ്റു സ്വപ്നപദ്ധതികളുടെ കാര്യത്തിലും ഉപയോഗപ്പെടുത്തും- മുഖ്യമന്ത്രി അവകാശപ്പെട്ടു. കൊച്ചി മെട്രോപദ്ധതിയെക്കുറിച്ച് റിലയന്‍സ് അടക്കമുള്ള കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തതെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

5000 കോടി രൂപയുടെ സ്വപ്നപദ്ധതിയില്‍നിന്ന് ഏതുവിധേനയും പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിയെ ഒഴിവാക്കി ഇത് സ്വകാര്യകമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയെന്ന വ്യഗ്രതയിലാണ് യുഡിഎഫ് സര്‍ക്കാര്‍ . അതിനായി ഡിഎംആര്‍സി സ്വയം ഒഴിയുന്ന അവസ്ഥയുണ്ടാക്കിയിരുന്നു. ഡിഎംആര്‍സി മേധാവിയായിരിക്കെ ഇ ശ്രീധരന്‍ താല്‍പ്പര്യപൂര്‍വം അയച്ച പത്തോളം കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൂഴ്ത്തിയിരുന്നു. കത്തുകള്‍ക്ക് മറുപടി നല്‍കാത്തതിലുള്ള അതൃപ്തി ഡിഎംആര്‍സിക്ക് നേരത്തെതന്നെയുണ്ട്. മാത്രമല്ല, കൊച്ചി പദ്ധതി മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ തുടരേണ്ടതില്ലെന്ന സൂചനയും ഡിഎംആര്‍സിക്ക് സര്‍ക്കാര്‍ നല്‍കി. അണിയറയില്‍ ഉപജാപം നടക്കുമ്പോഴും ഇ ശ്രീധരന്‍ കൊച്ചി മെട്രോയ്ക്ക് നേതൃത്വം നല്‍കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പുറത്ത് പറഞ്ഞുകൊണ്ടിരുന്നു.

deshabhimani 110112

2 comments:

  1. കൊച്ചി മെട്രോ നടത്തിപ്പില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) പങ്കാളിത്തം ഉറപ്പാക്കിയാലേ പദ്ധതിയുമായി സഹകരിക്കൂ എന്ന് ഇ ശ്രീധരന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയോട് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹി കേരള ഹൗസില്‍ ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് ശ്രീധരന്‍ നിലപാട് അറിയിച്ചത്. എന്നാല്‍ , ഇതിന് വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഉരുണ്ടുകളി തുടര്‍ന്നു. ഇതോടെ കൊച്ചി മെട്രോയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി കൂടുതല്‍ വ്യക്തമായി.

    ReplyDelete
  2. വ്യക്തിയെന്ന നിലയില്‍ കൊച്ചിമെട്രോ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയില്ലെന്ന് ഇ ശ്രീധരന്‍ . വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ മെട്രോ ജോലി പൂര്‍ത്തിയാക്കാന്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള കമ്പനിയും മികച്ച ടീമും ആവശ്യമാണ്. ഡിഎംആര്‍സിയെ പണിയേല്‍പ്പിച്ചാല്‍ മാത്രമേ പദ്ധതിയുമായി സഹകരിക്കാന്‍ തനിക്ക് സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെട്രോനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാങ്കേതികസൗകര്യവും ശേഷിയും ഡിഎംആര്‍സിക്കുണ്ട്. കൊച്ചിമെട്രോ റെയില്‍ കോര്‍പ്പറേഷന് ഇക്കാര്യത്തില്‍ സ്വയം പര്യാപ്തമാവണമെങ്കില്‍ കുറേ സമയം ആവശ്യമാണ്. വ്യക്തിയെന്ന നിലയില്‍ ഉപദേശകസ്ഥാനത്തിരുന്നാല്‍ ഒന്നും ചെയ്യാനാവില്ല. വിവാദമുണ്ടാക്കി പദ്ധതി വൈകിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോയുടെ ജോലി തുടങ്ങാന്‍ കൊച്ചി കോര്‍പ്പറേഷന് ഒന്നര വര്‍ഷത്തെ സമയം ആവശ്യമാണ്. എന്നാല്‍ ഡിഎംആര്‍സിയ്ക്ക് രണ്ട് മാസം കൊണ്ട് ജോലി തുടങ്ങാനാകും. ഡിഎംആര്‍സിയെ പണി ഏല്‍പ്പിച്ചാല്‍ ജപ്പാന്‍ കമ്പനി "ജെയ്ക"യുടെ വായ്പ എളുപ്പം ലഭിക്കും. ഡിഎംആര്‍സി ഏറ്റെടുത്ത മെട്രോയുടെ പ്രാരംഭ ജോലികള്‍ തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുന്നത്. എന്നാല്‍ കൊച്ചി മെട്രോ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും വൈദ്യുതി ബോര്‍ഡില്‍ നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി മെട്രോയുടെ പ്രാരംഭനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ അദ്ദേഹം രാവിലെ സന്ദര്‍ശിച്ചു. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. കൊച്ചിമെട്രോയുടെ കാര്യത്തില്‍ മന്ത്രിസഭ ഇതുവരെ കൃത്യമായ തീരുമാനമെടുത്തിട്ടില്ല. ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോളടെണ്ടര്‍ വിളിക്കാനാണ് കേരളസര്‍ക്കാര്‍ ശ്രമിക്കുന്നത്.

    ReplyDelete