വയലാറിലെ രക്തസാക്ഷിമണ്ഡപം നിലകൊള്ളുന്ന പ്രദേശത്തിന് ഇന്ന് പേര് വെടിക്കുന്ന്. അത് അങ്ങനെ അറിയപ്പെടുംമുമ്പ് അവിടെയൊരു കുളമുണ്ടായിരുന്നുവെന്ന് പഴമക്കാര്‍ . കുളം എങ്ങനെ വെടിക്കുന്നായെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയില്‍ നാമെത്തുക 1946 ഒക്ടോബര്‍ 27ന്റെ രാത്രിയിലേക്ക്. ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡലിനെതിരെ വാരിക്കുന്തവുമായി പോരാടിയ ധീരന്മാരുടെ ചേതനയറ്റ ശരീരങ്ങളാണ് കുളത്തെ കുന്നാക്കിയത്. എത്രപേര്‍ ആ രാത്രിയില്‍ പട്ടാളത്തിന്റെ നിറതോക്കിനു മുന്നില്‍ രക്തസാക്ഷികളായെന്നതിന് ചരിത്രരേഖകളിലൊന്നും കണക്കില്ല. പക്ഷേ ഒന്നറിയാം, വയലാറില്‍ രക്തസാക്ഷികളില്ലാത്ത വീടുകള്‍ ചുരുക്കം. കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയവരാണ് ഇന്നും അദൃശ്യസാന്നിധ്യമായി വെടിക്കുന്നിലുറങ്ങുന്നത്. നരകപീഡകളെ പുറങ്കാല്‍കൊണ്ട് തൊഴിച്ച് പുതുപുലരി സ്വപ്നംകണ്ട് പൊരുതാനിറങ്ങുന്നവര്‍ക്കുമുന്നില്‍ വിളക്കുമരമായി അവരിന്നും.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കൊടിയ ദാരിദ്ര്യവും പട്ടിണിയുമാണ് കയര്‍ത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും പോരാട്ടത്തിലേക്കു നയിച്ചത്. കടുത്ത ചൂഷണത്തിനു വിധേയരായ കാലം. ന്യായമായ കൂലിയില്ല. അവകാശങ്ങള്‍ ചോദിച്ചാല്‍ ഭീഷണിയും മര്‍ദനവും. ഒടുവില്‍ അവര്‍ സംഘടിച്ചു. അമ്പലപ്പുഴ, ചേര്‍ത്തല, മുഹമ്മ എന്നിവിടങ്ങളിലെ കയര്‍ഫാക്ടറി തൊഴിലാളികളും പുന്നപ്ര മേഖലയിലെ മത്സ്യത്തൊഴിലാളികളും നിലനില്‍പ്പിനായി ഒരുമിക്കുകയായിരുന്നു. പി കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളുടെ സാന്നിധ്യവും ഇടപെടലുകളും പോരാട്ടത്തിന് ഊര്‍ജമേകി. വേലയുടെയും കൂലിയുടെയും ഇത്തിരിവട്ടത്തില്‍ മാത്രമൊതുങ്ങുമായിരുന്ന ഈ സമരം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമാനതകളില്ലാത്ത മുന്നേറ്റമായിമാറി. അതാണ് പുന്നപ്ര-വയലാര്‍ സമരമെന്ന ദേശാഭിമാനപ്രചോദിതമായ പോരാട്ടമായി ചരിത്രത്തില്‍ ഇടം നേടിയത്.
പാവപ്പെട്ട മനുഷ്യരായിരുന്നു സമരസജ്ജരായി തെരുവുകളില്‍ ഇറങ്ങിയ കയര്‍ത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും. അവര്‍ ഹൃദയത്തില്‍ സൂക്ഷിച്ചത് വലിയ മുദ്രാവാക്യങ്ങളായിരുന്നുവെന്ന് വാരിക്കുന്തവുമേന്തി ദിവാന്റെ പട്ടാളത്തോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പി കെ ചന്ദ്രാനന്ദന്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ സി പിയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തിന് മേലെ ദിവാന് അധികാരം നല്‍കുന്ന "അമേരിക്കന്‍ മോഡല്‍" അറബിക്കടലില്‍ എന്ന് അവര്‍ വിളിച്ചുപറഞ്ഞു. മുദ്രാവാക്യങ്ങള്‍ എഴുതാനോ മുഴക്കാനോ മാത്രമുള്ളതായിരുന്നില്ല പുന്നപ്ര-വയലാര്‍ സേനാനികള്‍ക്ക്. ഹൃദയവും സ്വപ്നങ്ങളും പോരാട്ടങ്ങളും ഉണര്‍ത്താനുള്ള ഊര്‍ജസ്രോതസ്സായിരുന്നു. ആ ഇന്ധനം സിരകളില്‍ പടര്‍ത്തി ദിവാന്റെ പൊലീസിനോടും പട്ടാളത്തോടും പൊരുതി. 1946 ഒക്ടോബര്‍ 23ന് പുന്നപ്രയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ പിന്നീട് മേനാശേരിയിലും ഒളതലയിലും മാരാരിക്കുളത്തും ഒടുവില്‍ ഒക്ടോബര്‍ 27ന് വയലാറിലും. യന്ത്രത്തോക്കുകള്‍ക്കു മുന്നില്‍ വാരി കൂര്‍പ്പിച്ചെടുത്ത കുന്തങ്ങള്‍ മാത്രമായിരുന്നു തൊഴിലാളികളുടെ ആയുധം. പക്ഷേ, അതുപയോഗിച്ച് ഒരു ജനതയുടെ മോചനസ്വപ്നങ്ങള്‍ക്ക് പുതിയ പാഠങ്ങള്‍ സമ്മാനിച്ചു അവര്‍ . നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് കണക്കില്ല. മരിച്ചവരെയോര്‍ത്ത് അസൂയപ്പെടുന്ന തരത്തില്‍ എല്ലുപൊട്ടിയും ചങ്കുതകര്‍ന്നും ജീവിച്ചിരിക്കുന്നവര്‍ നിരവധി. പോരാട്ടങ്ങളുടെ ചരിത്രത്തിലെ അത്യപൂര്‍വ ജനമുന്നേറ്റമാണ് പുന്നപ്ര-വയലാര്‍ . ദേശീയസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവഴികളിലെ ദീപ്തമായ ഏടെന്ന നിലയില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കേന്ദ്രഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു.
എന്നിട്ടും ചില അക്കാദമിക് പണ്ഡിതരും മാധ്യമവണിക്കുകളും അതിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കുന്നു. "ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ ഒരു കാലം" പുതിയ ജീവിതത്തിനും സമൂഹസൃഷ്ടിക്കും സ്വയം സമര്‍പ്പിച്ചവരായിരുന്നു പുന്നപ്ര-വയലാര്‍ സേനാനികളെന്ന് പി കെ ചന്ദ്രാനന്ദന്‍ എന്ന പി കെ സി പറയുന്നു. അവരുടെ സ്വപ്നങ്ങളും ജീവത്യാഗവുമാണ് കേരളത്തിന് ദിശാബോധം നല്‍കിയത്. സമരം കഴിഞ്ഞ് അല്‍പ്പനാളുകള്‍ക്കുള്ളില്‍ സര്‍ സിപിക്ക് വെട്ടുകൊണ്ട് നാടു വിടേണ്ടിവന്നു. പ്രായപൂര്‍ത്തി വോട്ടവകാശവും ജനായത്തഭരണവും നിലവില്‍വന്നു. ഒരു പതിറ്റാണ്ടിനുള്ളില്‍ ഐക്യകേരളം സാക്ഷാത്കൃതമായി. തുടര്‍ന്ന് ലോകത്തെ അത്ഭുതപ്പെടുത്തി കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണം ജനജീവിതത്തെ എങ്ങനെ പുതുക്കിപ്പണിയുമെന്ന് ലോകം കണ്ടു.
(കെ വി സുധാകരന്‍)
deshabhimani 060112

ReplyDelete