Sunday, January 8, 2012

സംഘടന രൂപീകരിക്കാന്‍ ശ്രമിച്ച നേഴ്സുമാരെ തടഞ്ഞുവച്ചു

കോലഞ്ചേരി: സംഘടനാ രൂപീകരണത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അമ്പതോളം നേഴ്സുമാരെ മാനേജ്മെന്റ് തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം. ശനിയാഴ്ച രാവിലെ എട്ടോടെയാണ് രാത്രി ഡ്യൂട്ടികഴിഞ്ഞെത്തിയ നേഴ്സുമാരെ നേഴ്സിങ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തടഞ്ഞുവച്ചത്. സംഘടനയില്‍ അംഗമാകില്ലെന്ന് വെള്ളപേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് നേഴ്സുമാരെ തടഞ്ഞത്. എന്നാല്‍ , സംഭവമറിഞ്ഞ് സംഘടനാ ഭാരവാഹികളും വിവിധ നേതാക്കളുമെത്തിയതോടെ സംഘര്‍ഷത്തിലെത്തി. ദൃശ്യമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞ് പ്രതിഷേധവുമായി കൂടുതല്‍പേര്‍ എത്തിയതോടെയാണ് തടഞ്ഞുവച്ച നേഴ്സുമാരെ വിട്ടയക്കാന്‍ ആശുപത്രിഅധികൃതര്‍ തയ്യാറായത്.

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് അസോസിയേഷനില്‍ അംഗമാകില്ലെന്ന് വെള്ളപേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കാന്‍ എച്ച്ആര്‍ മാനേജര്‍ അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചിരുന്നതായി നേഴ്സുമാര്‍ പറഞ്ഞു. ഇതിനുശേഷം ജോലിയില്‍കയറിയാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ നേഴ്സുമാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച ഡ്യൂട്ടികഴിഞ്ഞിറങ്ങിയ നേഴ്സുമാരോട് വെള്ളപേപ്പറില്‍ ഒപ്പിട്ടുനല്‍കാന്‍ മാനേജ്മെന്റ് അധികൃതര്‍ നിര്‍ബന്ധിച്ചത്. ഇതിനു വിസമ്മതിച്ച നേഴ്സുമാരെയാണ് തടഞ്ഞുവച്ചത്. ഇതിനിടെ തങ്ങളുടെ കൈയില്‍നിന്ന് ഒപ്പിട്ടുവാങ്ങിയ പേപ്പര്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നേഴ്സിങ് സൂപ്രണ്ടിന്റെ മുറിക്കുമുന്നില്‍ നേഴ്സുമാര്‍ സംഘടിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ , ഇങ്ങനെയൊരു പേപ്പര്‍ തങ്ങള്‍ വാങ്ങിയിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്സിങ് ജീവനക്കാരെ മാനേജ്മെന്റ് ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്യുന്ന നേഴ്സുമാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് നല്‍കുന്നത്. 36 വര്‍ഷമായി ഇവിടെ നേഴ്സായി ജോലിചെയ്യുന്നവര്‍ക്കുപോലും പതിനായിരത്തില്‍ താഴെ മാത്രമാണ് ശമ്പളം. ഇതേസമയം ആശുപത്രിയെ തകര്‍ക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മെഡിക്കല്‍ കോളേജ് സെക്രട്ടറി ജോയി പി ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആശുപത്രിയിലെ ആയിരത്തോളം സ്ഥിരം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച വേതനമാണ് നല്‍കുന്നത്. ഇതിനു പുറമെ പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളും മെഡിക്കല്‍ ഇന്‍ഷറുന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 080112

1 comment:

  1. സംഘടനാ രൂപീകരണത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അമ്പതോളം നേഴ്സുമാരെ മാനേജ്മെന്റ് തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം. ശനിയാഴ്ച രാവിലെ എട്ടോടെയാണ് രാത്രി ഡ്യൂട്ടികഴിഞ്ഞെത്തിയ നേഴ്സുമാരെ നേഴ്സിങ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തടഞ്ഞുവച്ചത്. സംഘടനയില്‍ അംഗമാകില്ലെന്ന് വെള്ളപേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് നേഴ്സുമാരെ തടഞ്ഞത്. എന്നാല്‍ , സംഭവമറിഞ്ഞ് സംഘടനാ ഭാരവാഹികളും വിവിധ നേതാക്കളുമെത്തിയതോടെ സംഘര്‍ഷത്തിലെത്തി. ദൃശ്യമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞ് പ്രതിഷേധവുമായി കൂടുതല്‍പേര്‍ എത്തിയതോടെയാണ് തടഞ്ഞുവച്ച നേഴ്സുമാരെ വിട്ടയക്കാന്‍ ആശുപത്രിഅധികൃതര്‍ തയ്യാറായത്.

    ReplyDelete