Thursday, January 12, 2012

കാലം കരുതിവച്ച കമ്മ്യൂണിസ്റ്റുകാരിലൊരാള്‍

ജനകീയ പ്രക്ഷോഭങ്ങളുടെ തീയലകളില്‍ സ്ഫുടം ചെയ്‌തെടുത്ത ആദര്‍ശ വിശുദ്ധിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചകളായ ഒരു പറ്റം കമ്മ്യൂണിസ്റ്റുകാരുണ്ടായിരുന്നു. തൃശൂരില്‍ എ എം പരമനൊപ്പം. സി അച്യുതമേനോന്‍, കെ കെ വാര്യര്‍, ഇ ഗോപാലകൃഷ്ണമേനോന്‍, സി ജനാര്‍ദ്ദനന്‍, കെ പി പ്രഭാകരന്‍, ജോര്‍ജ് ചടയംമുറി, പി എസ് നമ്പൂതിരി, ടി കെ കരുണന്‍, വി വി രാഘവന്‍, ആര്‍ വി രാമന്‍കുട്ടിവാര്യര്‍ തുടങ്ങി. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തവിധം സമ്പന്നമായ ഒരു നേതൃനിര. പിന്‍തലമുറ എന്നെന്നും ആദരവോടെ ആവേശപൂര്‍വം ഓര്‍ത്തുവയ്ക്കുംവിധം ദൗത്യം പൂര്‍ത്തിയാക്കി അവര്‍ ചരിത്രത്തിലേയ്ക്ക് പിന്‍വാങ്ങിയത്, ജില്ലയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ തേര്‍ തെളിക്കാനുള്ള ചുമതല എ എം പരമനെ ഏല്‍പിച്ചുകൊണ്ടാണ്. ആ നിയോഗമേറ്റെടുത്ത് തൊഴിലാളികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും സ്‌നേഹധനനായ പരമേട്ടനായി, അവരുടെ വഴികളിലെ വിളക്കായി മുന്‍പേ നടക്കുന്നു, ഈ 86 കാരന്‍.

പന്ത്രണ്ടാം വയസ്സില്‍, അമ്മയും താനും അടങ്ങുന്ന കുടുംബത്തിന്റെ കാലയാപനത്തിനായി തൃശൂര്‍ സീതാറാം ടെക്സ്റ്റയില്‍സിലെ സ്പിന്നിംഗ് വിഭാഗത്തില്‍ തൊഴിലാളിയായി ക്ഷയിച്ചുപോയ ജന്മികുടുംബത്തിലെ ഇളയ സന്തതി. കൂലി പ്രതിമാസം രണ്ടുരൂപ.

1944-45 കാലഘട്ടം. സീതാറാം മില്ലിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ്. 15 ദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. 46 ല്‍, അന്തിക്കാട്ട് ചെത്തുതൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സീതാറാം മില്ലില്‍ ഒരു ദിവസത്തെ പണിമുടക്കുണ്ടായി. കൊച്ചി സംസ്ഥാനത്തെ തൊഴില്‍ മന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോന്റെ അഡ്ജൂഡിക്കേഷന്‍ നടപടിക്കെതിരെ പരമന്‍ പ്രസംഗിച്ചു. പ്രസംഗം രാജ്യദ്രോഹമായി. പൊലീസ് അറസ്റ്റുചെയ്തു. ജാമ്യം കിട്ടിയില്ല. കോടതി ശിക്ഷിച്ചു. മൂന്നര മാസം വിയ്യൂരില്‍. രാജ്യംസ്വാതന്ത്ര്യം നേടിയപ്പോള്‍ 1947 ല്‍ ഓഗസ്റ്റ് 14 നു രാത്രി വിട്ടയച്ചു. പ്രായം 18-19.

ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കേള്‍ക്കുന്നത് സീതാറാം മില്ലില്‍ നിന്ന് 600 തൊഴിലാളികളെ അകാരണമായി പിരിച്ചുവിട്ടെന്ന വാര്‍ത്ത. പാര്‍ട്ടി സെക്രട്ടറി കെ കെ വാര്യര്‍ എന്ന കീരനാണ്. കീരന്‍ പറഞ്ഞു, പരമന്‍ ഇനി പണിക്കു കയറണ്ടാ. നിര്‍ദേശം ശിരസ്സാവഹിച്ച് പരമന്‍ ജോലിയുപേക്ഷിച്ചു.

1948 ല്‍ സീതാറാം മില്ലിലുണ്ടായ സമരത്തെ മില്ലുടമയും സര്‍ക്കാരും പൈശാചികമായി നേരിട്ടു. സ്ത്രീത്തൊഴിലാളികളോടുപോലും ആ പരിഗണന കാണിച്ചില്ല. അവരില്‍ പലരുടെയും കാല്‍ തല്ലിയൊടിച്ചു. ഗേറ്റിനു പുറത്ത് കമ്പനിവക വാഹനത്തിലിരുന്ന്, കമ്പനിയിലെ മറ്റൊരു തൊഴിലാളി യൂണിയന്റെ നേതാവായ കെ കരുണാകരന്‍ ആ നരനായാട്ടിന് ചുക്കാന്‍ പിടിച്ചു.
കെ കരുണാകരന്റെ ശല്യം സഹിക്കാനാവാത്ത സ്ഥിതിയായപ്പോള്‍ പരമനില്‍ ഒരു ചിന്ത പ്രബലമായി, കരുണാകരനെ കൊന്നുകളയുക!

നിരന്തരമായ ബഹുജന സമരങ്ങളുടേതായിരുന്നു ആ കാലയളവെന്ന് പരമേട്ടന്‍ ഓര്‍ക്കുന്നു. ഈ സമരങ്ങളുടെയൊക്കെ മുമ്പില്‍ നിറഞ്ഞുനിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളികളുടെയുമൊക്കെ മുമ്പില്‍ നിറഞ്ഞുനിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി സംഘടനകളും.

രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞുവന്നു. സി പി ഐ യുടെയും ഇന്ദിരാകോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഒരുമുന്നണി രൂപപ്പെട്ടു. കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്കായി. സീതാറാം മില്ലിനു മുമ്പില്‍ ഒരു ഇലക്ഷന്‍ പ്രചാരണയോഗം. സി അച്യുതമേനോനും കെ കരുണാകരനുമുണ്ട് വേദിയില്‍. മുഖ്യപ്രാസംഗികന്‍ എ എം പരമന്‍. പ്രസംഗത്തിനിടയ്ക്ക് പരമന്‍ 'ഒരധികപ്രസംഗം' നടത്തി. അതിങ്ങനെ. അച്യുതമേനോന്‍ ജയിക്കും; മുഖ്യമന്ത്രിയാകും. അപ്പോള്‍ 1959 മുതല്‍ പ്രവര്‍ത്തിക്കാത്ത ഈ സീതാറാം മില്ലൊന്നു തുറന്നുതരണം.
പരമന്റെ പ്രവചനം അച്ചട്ടായി! '1971 മെയ് 1 ന്, പന്ത്രണ്ടു' വര്‍ഷമായി ഒച്ചയില്ലാതിരുന്ന സീതാറാം മില്ലില്‍ നിന്ന് നീണ്ട വിസിലടി മുഴങ്ങി. ചൈതന്യം ചോര്‍ന്നുപോയ രണ്ടായിരത്തിലേറെ തൊഴിലാളി കുടുംബങ്ങളിലേയ്ക്ക് തൊഴിലാളിവര്‍ഗ സംസ്‌ക്കാരത്തിന്റെ ഉണര്‍ത്തുപാട്ടുപോലെ ആ ചൂളമടി അലയടിച്ചെത്തി.

1963 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ, ചരിത്രമായ ഒരു സമരം കൂടിയാകുമ്പോഴേ പരമേട്ടന്റെ സമരപ്പട്ടിക പൂര്‍ണമാകുന്നുള്ളു. അതിന്, അരനാഴിക നേരത്തേക്കെങ്കിലും കോടതിമുറിയില്‍ പരമേട്ടന്‍ വക്കീല്‍വേഷം കെട്ടിയതിന്റെ സവിശേഷതയുമുണ്ട്. ഇതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എ ഐ ടി യു സിയുടെയും നേതൃനിരയിലേയ്ക്കുയര്‍ന്നു കഴിഞ്ഞിരുന്നു എ എം പരമന്‍. 1987 ലെ തിരഞ്ഞെടുപ്പില്‍ ഒല്ലൂരില്‍ പരമന്‍ സി പി ഐ സ്ഥാനാര്‍ഥിയായി. അന്നത്തെ നിയോജകമണ്ഡലം കുറെക്കൂടി വിസ്തൃതിയേറിയതാണ്. പണ്ട്, ഒരു ലാത്തിപ്രയോഗം പരമന്റെ തണ്ടല്ലെനുണ്ടാക്കിയ ക്ഷതത്തെക്കുറിച്ചറിയാവുന്ന പാര്‍ട്ടി സെക്രട്ടറി സി ജനാര്‍ദ്ദനന്‍ അച്യുതമേനോനോട് സ്വാഭാവികമായും സന്ദേഹം പ്രകടിപ്പിച്ചു: മണ്ഡലത്തില്‍ അയാള്‍ ഓടി എത്തുമോ? എത്തിക്കോളും എന്ന് അച്യുതമേനോന്റെ മറുപടി. പരമന്‍ ഓടിയെത്തി. കോണ്‍ഗ്രസിലെ രാഘവന്‍ പുഴേക്കടവിലിനോടു മത്സരിച്ചു ജയിച്ചു. 1991 ല്‍ രണ്ടാംവട്ടം ഫലം മറിച്ചായി. ഇന്നത്തെപ്പോലെ എം എല്‍ എ ഫണ്ടില്ല. ടി എ യും മറ്റാനുകൂല്യങ്ങളുമില്ല. വാഹനമില്ല. അതായിരുന്നു അന്നത്തെ സ്ഥിതി.

1968 ലാണ് വിവാഹം. ഭാര്യ മുതുപുറം ചിറ്റത്തുപറമ്പില്‍ നാരായണന്റെയും പാര്‍വ്വതിയമ്മയുടെയും മകള്‍ മാധവി. (ഈയിടെ അന്തരിച്ച സി പി ഐ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സി എന്‍ അയ്യപ്പന്റെ സഹോദരി). മൂന്നു മക്കള്‍: സുരേഷ്‌കുമാര്‍, സുനിത, സരിത. സുരേഷ്‌കുമാര്‍ കൊച്ചി ദേവസ്വം ഓഫീസറായും സുനിത അയ്യന്തോള്‍ സഹകരണ സംഘം ഉദ്യോഗസ്ഥയായും സരിത ചേറൂരില്‍ ടീച്ചറായും ജോലി നോക്കുന്നു. 67 വര്‍ഷമായി തൃശൂരില്‍ പരമേട്ടന്റെ സജീവസാന്നിധ്യമില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ എ ഐ ടി യു സിയുടെയോ ഒരു ചടങ്ങോ പരിപാടിയോ കടന്നുപോയിട്ടില്ല. ഇപ്പോള്‍ എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്. 62 മുതല്‍ 29 കൊല്ലം തുടര്‍ച്ചയായി തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

പോരാട്ടവഴികളില്‍ കൈപിടിച്ചു നടത്തിയ പ്രസ്ഥാനവും ഒപ്പം നടന്ന പ്രിയസഖാക്കളും കാതിലോതിയ മനുഷ്യന്റെ സ്‌നേഹത്തിന്റെ മന്ത്രണം ഉരുക്കഴിച്ച്, തന്റെ ചുവന്ന സ്വപ്‌നങ്ങളെ താലോലിച്ച് യാത്ര തുടരുന്നു, തൃശൂരിന്റെ പരമേട്ടനെന്ന കമ്മ്യൂണിസ്റ്റ് കാരണവര്‍.

( ബേബി ആലുവ) janayugom

1 comment:

  1. ജനകീയ പ്രക്ഷോഭങ്ങളുടെ തീയലകളില്‍ സ്ഫുടം ചെയ്‌തെടുത്ത ആദര്‍ശ വിശുദ്ധിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചകളായ ഒരു പറ്റം കമ്മ്യൂണിസ്റ്റുകാരുണ്ടായിരുന്നു. തൃശൂരില്‍ എ എം പരമനൊപ്പം. സി അച്യുതമേനോന്‍, കെ കെ വാര്യര്‍, ഇ ഗോപാലകൃഷ്ണമേനോന്‍, സി ജനാര്‍ദ്ദനന്‍, കെ പി പ്രഭാകരന്‍, ജോര്‍ജ് ചടയംമുറി, പി എസ് നമ്പൂതിരി, ടി കെ കരുണന്‍, വി വി രാഘവന്‍, ആര്‍ വി രാമന്‍കുട്ടിവാര്യര്‍ തുടങ്ങി. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തവിധം സമ്പന്നമായ ഒരു നേതൃനിര. പിന്‍തലമുറ എന്നെന്നും ആദരവോടെ ആവേശപൂര്‍വം ഓര്‍ത്തുവയ്ക്കുംവിധം ദൗത്യം പൂര്‍ത്തിയാക്കി അവര്‍ ചരിത്രത്തിലേയ്ക്ക് പിന്‍വാങ്ങിയത്, ജില്ലയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ തേര്‍ തെളിക്കാനുള്ള ചുമതല എ എം പരമനെ ഏല്‍പിച്ചുകൊണ്ടാണ്. ആ നിയോഗമേറ്റെടുത്ത് തൊഴിലാളികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും സ്‌നേഹധനനായ പരമേട്ടനായി, അവരുടെ വഴികളിലെ വിളക്കായി മുന്‍പേ നടക്കുന്നു, ഈ 86 കാരന്‍.

    ReplyDelete