Thursday, January 12, 2012

ജി വി ശ്രീരാം റെഡ്ഡി സിപിഐ എം കര്‍ണാടക സെക്രട്ടറി, അരുണ്‍മേത്ത ഗുജറാത്ത് സെക്രട്ടറി

ജി വി ശ്രീരാം റെഡ്ഡി സിപിഐ എം കര്‍ണാടക സെക്രട്ടറി

ചിക്ബല്ലാപുര്‍ : നാലുദിവസമായി ചിക്ബല്ലാപുരിലെ ജ്യോതിബസു നഗറില്‍ നടന്ന സിപിഐ എം കര്‍ണാടക സംസ്ഥാന സമ്മേളനം സമാപിച്ചു. പുതിയ സംസ്ഥാന സെക്രട്ടറിയായി ജി വി ശ്രീരാം റെഡ്ഡിയെ തെരഞ്ഞെടുത്തു. സമ്മേളനം തെരഞ്ഞെടുത്ത 33 അംഗ സംസ്ഥാനസമിതിയുടെ ആദ്യയോഗമാണ് മുന്‍ നിയമസഭാംഗമായ ശ്രീരാം റെഡ്ഡിയെ സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കെ വരദരാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി പത്തുപേരെയും രണ്ടു നിരീക്ഷകരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയില്‍ നാല് വനിതകളുണ്ട്. രണ്ടംഗങ്ങളെ പിന്നീട് ഉള്‍പ്പെടുത്തും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ രണ്ടുദിവസമായി 32 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ബുധനാഴ്ച രാവിലെ വി ജെ കെ നായര്‍ മറുപടി പറഞ്ഞു. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയ്ക്ക് കെ വരദരാജന്‍ മറുപടി നല്‍കി. രത്നാകര്‍ ഷേണായി ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടച്ചുപൂട്ടിയ കോലാര്‍ സ്വര്‍ണഖനി പൊതുമേഖലയില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഐക്യട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ഫെബ്രുവരി 28ന്റെ അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. മലയാളിയായ വി ജെ കെ നായരുടെ പിന്‍ഗാമിയായി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്ന ശ്രീരാം റെഡ്ഡി (58) ചിക്ബല്ലാപുര്‍ ജില്ലയിലെ ചിന്താമണി ബൈരാബണ്ട സ്വദേശിയാണ്. 1994ലും 2004ലും ബാഗേപ്പള്ളിയില്‍നിന്ന് നിയമസഭാംഗമായി. 2008ലെ തെരഞ്ഞെടുപ്പില്‍ 900 വോട്ടിന് മാത്രമാണ് പരാജയപ്പെട്ടത്. നിയമബിരുദധാരിയായ റെഡ്ഡി എസ്എഫ്ഐ സംസ്ഥാന ഘടകത്തിന്റെ സ്ഥാപക സെക്രട്ടറിയാണ്. 1984 മുതല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. എ കെ ജിയോടൊപ്പം ബാഗേപ്പള്ളിയിലെ ഭൂസമരത്തിന് നേതൃത്വം നല്‍കിയ അശ്വത് നാരായണ്‍ റെഡ്ഡിയുടെ ഇളയ സഹോദരനാണ്. ബെല്ലാരിയിലെ അനധികൃത ഖനനത്തിനെതിരെ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്നം ദേശീയ ശ്രദ്ധയിലെത്തിച്ചത്. ഭൂസമരങ്ങളില്‍ പങ്കെടുത്തതിന് രണ്ടു തവണ ജയില്‍വാസം അനുഭവിച്ചു. അവിവാഹിതനാണ്.
(എന്‍ എസ് സജിത്)

അരുണ്‍മേത്ത സിപിഐ എം ഗുജറാത്ത് സെക്രട്ടറി

രാജ്ക്കോട്ട്: സിപിഐ എം ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയായി അരുണ്‍മേത്തയെ വീണ്ടും തെരഞ്ഞെടുത്തു. 30 അംഗ സംസ്ഥാനകമ്മിറ്റിയെയും എട്ടംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടു ത്തു. മുതിര്‍ന്ന നേതാവ് സുബോദ് മേത്ത പതാക ഉയര്‍ത്തിയതോടെയാണ് രണ്ടുദിവസത്തെ സമ്മേളനം ആരംഭിച്ചത്. പൊളിറ്റ് ബ്യൂ റോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്തു. 214 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അരുണ്‍മേത്ത സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് വന്‍റാലിയും പൊതുയോഗവും നടന്നു. പൊതുയോഗം വൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്തു. സുധീര്‍ ജോഷി അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം സുകോമള്‍ സെന്‍ സംസാരിച്ചു. കര്‍ഷക ആത്മഹത്യ തടയണമെന്ന് ആവശ്യപ്പെട്ടും കോര്‍പറേറ്റുകളെ സഹായിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ആറ് പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍ : അരുണ്‍മേത്ത, സുബോദ് മേത്ത, എം രാമചന്ദ്രന്‍ , പ്രാഗ്ഞ്ചിബാബി, കുബൈര്‍ ബാബി, നഗീല്‍ പട്ടേല്‍ , നളിനി ജഡേജ, ബഠുക് മക്വാണ.

deshabhimani

No comments:

Post a Comment