Sunday, January 8, 2012

മായാവതിയുടെ പ്രതിമകള്‍ മൂടിവയ്ക്കാന്‍ ഉത്തരവ്

 യു പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുഖ്യമന്ത്രി മായാവതിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഹരം. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള മായാവതിയുടെയും ബി എസ് പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെയും പ്രതിമകള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ മൂടിവയ്ക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവിട്ടു.

പ്രതിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ എസ് വൈ ഖുറേഷി ഉത്തരവിട്ടത്. കഴിയുന്നത്ര വേഗം ഇത് നടപ്പിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി നാലിന് ആരംഭിക്കുകയാണ്.
തിരഞ്ഞെടുപ്പുകാലത്ത് ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള നേതാക്കന്മാരുടെ ഫോട്ടോകള്‍ പോലും നീക്കം ചെയ്യണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ഇലക്ഷന്‍ കമ്മിഷന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. ഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള മായാവതിയുടേയും ആനയുടേയും പ്രതിമകള്‍ അവര്‍ക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പരാതിപ്പെട്ടിരുന്നു.

ജീവിതകാലത്തു തന്നെ സ്വന്തം പ്രതിമകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ട ഏക നേതാവാണ് മായാവതി. ശ്രീബുദ്ധന്റേയും ബി ആര്‍ അംബദ്കറുടേയും പ്രതിമകള്‍ക്കൊപ്പം തന്നെയാണ് മായാവതിയുടെ പ്രതിമകളും സ്ഥാപിച്ചിട്ടുള്ളത്.

janayugom 080112

1 comment:

  1. യു പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുഖ്യമന്ത്രി മായാവതിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഹരം. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള മായാവതിയുടെയും ബി എസ് പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെയും പ്രതിമകള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ മൂടിവയ്ക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവിട്ടു.

    ReplyDelete