Tuesday, January 10, 2012

പ്ലസ്ടു അധ്യാപക പരിശീലനം അലങ്കോലമായി

പരിശീലകര്‍ എത്താത്തതുമൂലം സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി ക്ലസ്റ്റര്‍ പരിശീലനം മുടങ്ങി. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് പരിശീലനം താറുമാറായത്. അധ്യയനവര്‍ഷം അവസാനം സ്കൂളുകളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കുന്നതിനും ആവര്‍ത്തനം, മാതൃകാപരീക്ഷ എന്നിവ നടത്തുന്നതിനും അധ്യാപകര്‍ പാടുപെടുന്നതിനിടയിലാണ് സ്കൂളുകളില്‍നിന്ന് അധ്യാപകരെ പരിശീലനത്തിനയക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചത്. മലയാളം, ഇംഗ്ലീഷ്, കണക്ക്, കൊമേഴ്സ്, ബോട്ടണി വിഷയങ്ങളിലെ അധ്യാപകര്‍ക്കാണ് മൂന്നുദിവസത്തെ പരിശീലനം നിശ്ചയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ആറ് സ്കൂളുകളിലാണ് പരിശീലനം നടത്തുന്നത്. ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് പരിശീലനത്തിനായി എത്തിയ 150 അധ്യാപകരും പഠിപ്പിക്കാന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എത്താത്തതിനാല്‍ ഒരുദിവസം മുഴുവന്‍ സ്കൂളിലിരുന്ന് മടങ്ങി. മറ്റു പരിശീലനകേന്ദ്രങ്ങളിലും കാര്യമായ പഠനം നടന്നില്ല.

ഒരോ ജില്ലയില്‍നിന്നും 700 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. ഇതുപ്രകാരം പതിനായിരത്തോളം അധ്യാപകര്‍ മൂന്നുദിവസമായി സംഘടിപ്പിച്ച അധ്യാപകപരിശീലനത്തിനായി സ്കൂളുകളില്‍നിന്ന് വിട്ടുനില്‍ക്കണം. അടുത്ത ദിവസങ്ങളില്‍ മറ്റു വിഷയങ്ങളിലും പരിശീലനം നടക്കും. അവധി ദിവസങ്ങളിലോ അധ്യയനവര്‍ഷം തുടക്കത്തിലോ നടത്തേണ്ട പരിശീലനക്ലാസ് ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി പ്രവര്‍ത്തിച്ചിരുന്ന റിസോഴ്സ് പേഴ്സണ്‍മാരില്‍ ഭൂരിഭാഗം അംഗങ്ങളെയും പിരിച്ചുവിട്ട് ഭരണാനുകൂല സംഘടനകളിലെ അധ്യാപകരെ കുത്തിനിറച്ചു. ഇവര്‍ക്ക് ഫാക്വല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്നപേരില്‍ വന്‍തുക ചെലവഴിച്ച് പരിശീലനവും നല്‍കി. ഇങ്ങനെ പരിശീലനം ലഭിച്ച അധ്യാപകരാണ് മൂന്നുദിവസത്തെ പരിശീലന പരിപാടിയില്‍ അധ്യാപകര്‍ക്ക് ക്ലസെടുക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരീക്ഷാകലണ്ടര്‍ പ്രകാരം ഹയര്‍സെക്കന്‍ഡറി വാര്‍ഷികപരീക്ഷയോടനുബന്ധിച്ച് ഫെബ്രുവരി ആദ്യവാരം മോഡല്‍ പരീക്ഷയും 20ന് പ്രാക്ടിക്കലും തുടങ്ങും. ഇതിനിടെ കലോത്സവങ്ങളും സ്കൂള്‍ വാര്‍ഷികാഘോഷങ്ങളും കഴിഞ്ഞാല്‍ പിന്നീട് ലഭിക്കുന്നത് ചുരുങ്ങിയ അധ്യയനദിനങ്ങള്‍ മാത്രം. ഫെബ്രുവരി 15ന് ക്ലാസ് അവസാനിപ്പിക്കണമെന്നിരിക്കേയാണ് കോടിക്കണക്കിന് രൂപ ചെലവാക്കി സ്കൂളുകളില്‍ അധ്യാപകപരിശീലനം എന്നപേരില്‍ പരിപാടികള്‍ തല്ലിക്കൂട്ടുന്നത്. വര്‍ഷാവസാനം പൊതുവിദ്യാലയങ്ങളില്‍ അധ്യാപകരില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന പരിശീലന പരിപാടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അധ്യാപകപരിശീലനം അപഹാസ്യമാക്കിയതില്‍ കെഎസ്ടിഎ സംസ്ഥാനകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

deshabhimani 100112

2 comments:

  1. പരിശീലകര്‍ എത്താത്തതുമൂലം സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി ക്ലസ്റ്റര്‍ പരിശീലനം മുടങ്ങി. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് പരിശീലനം താറുമാറായത്. അധ്യയനവര്‍ഷം അവസാനം സ്കൂളുകളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കുന്നതിനും ആവര്‍ത്തനം, മാതൃകാപരീക്ഷ എന്നിവ നടത്തുന്നതിനും അധ്യാപകര്‍ പാടുപെടുന്നതിനിടയിലാണ് സ്കൂളുകളില്‍നിന്ന് അധ്യാപകരെ പരിശീലനത്തിനയക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചത്. മലയാളം, ഇംഗ്ലീഷ്, കണക്ക്, കൊമേഴ്സ്, ബോട്ടണി വിഷയങ്ങളിലെ അധ്യാപകര്‍ക്കാണ് മൂന്നുദിവസത്തെ പരിശീലനം നിശ്ചയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ആറ് സ്കൂളുകളിലാണ് പരിശീലനം നടത്തുന്നത്. ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് പരിശീലനത്തിനായി എത്തിയ 150 അധ്യാപകരും പഠിപ്പിക്കാന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എത്താത്തതിനാല്‍ ഒരുദിവസം മുഴുവന്‍ സ്കൂളിലിരുന്ന് മടങ്ങി. മറ്റു പരിശീലനകേന്ദ്രങ്ങളിലും കാര്യമായ പഠനം നടന്നില്ല.

    ReplyDelete
  2. പൊതുവിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റ്വല്‍ക്കരിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കാന്‍ കെഎസ്ടിഎ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ഫെബ്രുവരി 28ന്റെ പണിമുടക്ക് വിജയിപ്പിക്കുക, വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമ നിര്‍ദേശം പിന്‍വലിക്കുക, ശമ്പളപരിഷ്കരണ അപാകം പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം ഉന്നയിച്ചു. മയ്യില്‍ ഐഎംഎന്‍എസ് ജിഎച്ച്എസ്എസിലെ ഐ വി ദാസ് നഗറിലായിരുന്നു സമ്മേളനം.

    ReplyDelete