Tuesday, January 10, 2012

ജില്ലാ ആശുപത്രിയില്‍ രക്തവും "വില്‍പ്പനക്ക് "

മാനന്തവാടി: രക്തദാനം മഹാദാനമെന്ന സന്ദേശം ജില്ലാ ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷായി. ഇവിടുത്തെ രക്തബാങ്കില്‍ നിന്നും രോഗികള്‍ക്ക് രക്തം ലഭിക്കണമെങ്കില്‍ ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 125 രൂപയും എപിഎല്‍ വിഭാഗത്തിലുള്ളവര്‍ 250 രൂപയും അടക്കണം. രോഗി പേ വാര്‍ഡിലാണ് കിടക്കുന്നതെങ്കില്‍ രക്തത്തിന്റെ വില ഇരട്ടിയാവും. 500 രൂപയാണ് പേ വാര്‍ഡിലെ രോഗികളില്‍ നിന്നും ഈടാക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്കടക്കം രക്തദാതാക്കള്‍ സൗജന്യമായി നല്‍കുന്ന രക്തം ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലാണ് ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. ഇക്കാലമത്രയും രക്തം രോഗികള്‍ക്ക് നല്‍കുന്നതിന് പണം സ്വീകരിച്ചിരുന്നില്ല. ഇപ്പോഴാവട്ടെ രക്തംദാനം ചെയ്തവര്‍ പോലുമറിയാതെ രക്തബാങ്കിലുള്ളവര്‍ ദാനം ലഭിച്ച രക്തവും വിറ്റ് കാശാക്കുകയാണ്.

ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ നിന്നുമായിരുന്നു രക്തം ശേഖരിക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍ക്കുള്ള പണം ലഭിച്ചിരുന്നത്. ഈ പണം ലഭിക്കാതായതിനെ തുടര്‍ന്നാണ് രക്തബാങ്കധികൃതര്‍ രക്തം വില്‍ക്കാന്‍ തുടങ്ങിയത്. ആദിവാസികള്‍ അടക്കമുള്ള രോഗികള്‍ക്ക് രക്തം ആവശ്യമായി വന്നാല്‍ സ്വന്തം പണം മുടക്കിയാണ് പലരും രക്തബാങ്കിലെത്തി രക്തംദാനം ചെയ്യുന്നത്. ഇവര്‍ ദാനം ചെയ്യുന്ന രക്തമാണ് വിലക്ക് വില്‍ക്കുന്നത്.

രക്തബാങ്കില്‍ നിന്നും രക്തം പണം വാങ്ങി വില്‍ക്കുന്നത് തടയുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പാവപ്പെട്ട ആദിവാസികളുള്‍പ്പെടെ ചികിത്സക്കായി ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലെ രക്തബാങ്ക് അധികൃതരുടെ നടപടി കാടത്തമാണ് എന്‍ആര്‍എച്ച്എം പണം നല്‍കുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പണം ലഭ്യമാക്കുന്നതിന് പകരം രോഗികളില്‍ നിന്നും പണം ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. പണമുള്ളവന് മാത്രം ചികിത്സ എന്നതിലേക്ക് ആരോഗ്യവകുപ്പ് മാറുന്നതിന്റെ തുടക്കമാണിത് കാണിക്കുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ലക്ഷക്കണക്കിന് രൂപ ആശുപത്രി വികസന സമിതി രോഗികളില്‍ നിന്നും മറ്റുമായി ശേഖരിച്ച് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ പണമൊന്നും ഉപയോഗിക്കാതെ രോഗികളെ വലക്കുകയും രക്തദാതാക്കള്‍ പോലും അറിയാതെ അവരുടെ രക്തം വില്‍ക്കുകയും ചെയ്യുന്നതിനെതിരെ മുഴുവന്‍ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു.

deshabhimani 100112

1 comment:

  1. രക്തദാനം മഹാദാനമെന്ന സന്ദേശം ജില്ലാ ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷായി. ഇവിടുത്തെ രക്തബാങ്കില്‍ നിന്നും രോഗികള്‍ക്ക് രക്തം ലഭിക്കണമെങ്കില്‍ ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 125 രൂപയും എപിഎല്‍ വിഭാഗത്തിലുള്ളവര്‍ 250 രൂപയും അടക്കണം. രോഗി പേ വാര്‍ഡിലാണ് കിടക്കുന്നതെങ്കില്‍ രക്തത്തിന്റെ വില ഇരട്ടിയാവും. 500 രൂപയാണ് പേ വാര്‍ഡിലെ രോഗികളില്‍ നിന്നും ഈടാക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്കടക്കം രക്തദാതാക്കള്‍ സൗജന്യമായി നല്‍കുന്ന രക്തം ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലാണ് ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. ഇക്കാലമത്രയും രക്തം രോഗികള്‍ക്ക് നല്‍കുന്നതിന് പണം സ്വീകരിച്ചിരുന്നില്ല. ഇപ്പോഴാവട്ടെ രക്തംദാനം ചെയ്തവര്‍ പോലുമറിയാതെ രക്തബാങ്കിലുള്ളവര്‍ ദാനം ലഭിച്ച രക്തവും വിറ്റ് കാശാക്കുകയാണ്.

    ReplyDelete