Thursday, January 26, 2012

എസ് ബാന്‍ഡ് ഇടപാട് ഇങ്ങനെ

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സും ബംഗളൂരു കേന്ദ്രമാക്കിയുള്ള ദേവാസ് മള്‍ട്ടി മീഡിയയും തമ്മില്‍ 2005ലാണ് വിവാദ കരാറില്‍ ഒപ്പിട്ടത്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്ര ഉപദേശകന്‍ ഡോ. എം ജി ചന്ദ്രശേഖരനാണ് ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍ . ഇതിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും നേരത്തെ ഐഎസ്ആര്‍ഒയില്‍ ജോലിചെയ്തിരുന്നവരാണ്. ദേവാസിന് ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സര്‍വീസുകള്‍ നടത്തുന്നതിന് അനിവാര്യമായ ട്രാന്‍സ്പോണ്ടറുകള്‍ ലഭ്യമാക്കാന്‍ ഐഎസ്ആര്‍ഒ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്നായിരുന്നു കരാര്‍ . ഓരോ ഉപഗ്രഹത്തില്‍നിന്ന് 10 ട്രാന്‍സ്പോണ്ടറുകള്‍ വീതം ദേവാസിന് ലഭിക്കും. ഇതില്‍നിന്നുള്ള 190 മെഗാഹെഡ്സ് സ്പെക്ട്രത്തില്‍ 70 മെഗാഹെട്സാണ് സൗജന്യമായി ദേവാസിന് ലഭിക്കുക.

ടെന്‍ഡര്‍ വിളിക്കാതെ അതീവ രഹസ്യമായാണ് ഏറ്റവും വിലയേറിയതും ദുര്‍ലഭവുമായ 70 മെഗാഹെട്സ് എസ് ബാന്‍ഡ് സ്പെക്ട്രം ഇവര്‍ക്ക് അനുവദിച്ചത്. പരസ്യമായ ടെന്‍ഡര്‍ വിളിച്ച് 3 ജി സ്പെക്ട്രം അനുവദിച്ചതുപോലെ എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കിയിരുന്നുവെങ്കില്‍ രണ്ടു ലക്ഷം കോടി രൂപ ലഭിക്കുമായിരുന്നുവെന്നാണ് സിഎജി കണക്കാക്കിയിട്ടുള്ളത്. എസ് ബാന്‍ഡ് അഴിമതി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ദേവാസ് മള്‍ട്ടി മീഡിയയുമായി ഉണ്ടാക്കിയ കരാറില്‍നിന്ന് ഐഎസ്ആര്‍ഒ പിന്മാറി. കരാര്‍ റദ്ദാക്കിയതിനെതിരെ ദേവാസ് മള്‍ട്ടി മീഡിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് മാധവന്‍നായര്‍

ന്യൂഡല്‍ഹി/തിരു: തനിക്കെതിരായുള്ള നടപടിയെപ്പറ്റി പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍നായര്‍ . പ്രധാനമന്ത്രിക്ക് എല്ലാം അറിയാം. തനിക്കും മൂന്ന് ശാസ്ത്രജ്ഞര്‍ക്കുമെതിരെയുള്ള നടപടി നീതീകരിക്കാനാകില്ല. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാലുടന്‍ കോടതിയെ സമീപിക്കും.

നടപടിക്ക് പിന്നില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനാണ്. അദ്ദേഹം സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. രാധാകൃഷ്ണന് വ്യക്തിപരമായ അജന്‍ഡയുണ്ട്. ദേവാസിനെ ഒതുക്കാന്‍ രാധാകൃഷ്ണന് താല്‍പ്പര്യം ഉണ്ടായിരുന്നു. ഇടപാട് തടഞ്ഞതുകൊണ്ട് നിലവിലുള്ള ഐഎസ്ആര്‍ഒ ചെയര്‍മാന് നേട്ടങ്ങളുണ്ടായിരിക്കാമെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി. പട്ടാളഭരണത്തില്‍ പോലും നടക്കാത്ത നടപടിയാണ് തങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്. അന്വേഷണം പ്രഹസനമായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അന്വേഷണം നടത്തിയത്. ഒരു ആരോപണം ഉണ്ടായാല്‍ ചാര്‍ജ്ഷീറ്റ് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തലത്തിലെങ്കിലും അന്വേഷണം നടത്തണം. അത്തരമൊരു നടപടിക്രമവും ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നും മാധവന്‍ നായര്‍ പറഞ്ഞു.

deshabhimani 260112

1 comment:

  1. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സും ബംഗളൂരു കേന്ദ്രമാക്കിയുള്ള ദേവാസ് മള്‍ട്ടി മീഡിയയും തമ്മില്‍ 2005ലാണ് വിവാദ കരാറില്‍ ഒപ്പിട്ടത്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്ര ഉപദേശകന്‍ ഡോ. എം ജി ചന്ദ്രശേഖരനാണ് ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍ . ഇതിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും നേരത്തെ ഐഎസ്ആര്‍ഒയില്‍ ജോലിചെയ്തിരുന്നവരാണ്. ദേവാസിന് ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സര്‍വീസുകള്‍ നടത്തുന്നതിന് അനിവാര്യമായ ട്രാന്‍സ്പോണ്ടറുകള്‍ ലഭ്യമാക്കാന്‍ ഐഎസ്ആര്‍ഒ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്നായിരുന്നു കരാര്‍ . ഓരോ ഉപഗ്രഹത്തില്‍നിന്ന് 10 ട്രാന്‍സ്പോണ്ടറുകള്‍ വീതം ദേവാസിന് ലഭിക്കും. ഇതില്‍നിന്നുള്ള 190 മെഗാഹെഡ്സ് സ്പെക്ട്രത്തില്‍ 70 മെഗാഹെട്സാണ് സൗജന്യമായി ദേവാസിന് ലഭിക്കുക.

    ReplyDelete