Monday, January 9, 2012

അമേരിക്കയില്‍ 'തിരിച്ചുവിളിക്കല്‍' പ്രസ്ഥാനം വിജയത്തിലേക്ക്

മാഡിസന്‍: അമേരിക്കയിലെ വിസ്‌കോന്‍സിന്‍ സംസ്ഥാനത്ത് തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള ബഹുജനപ്രസ്ഥാനം കരുത്താര്‍ജ്ജിക്കുന്നു.

ഗവര്‍ണര്‍ സ്‌കോട്ട് വാക്കറെ തിരിച്ചുവിളിക്കാന്‍ വേണ്ടിയുള്ള ''റീകാള്‍ വാക്കര്‍ കാമ്പയിന്‍''2011 നവംബര്‍ 14 നാണ് ആരംഭിച്ചത്. വിസ്‌കോന്‍സിന്‍ സംസ്ഥാനത്തെ നിയമമനുസരിച്ച് 2010 ലെ പൊതുതിരഞ്ഞെടുപ്പില്‍ ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 25 ശതമാനം വരുന്ന വോട്ടര്‍മാര്‍ ഒപ്പിട്ടാല്‍ മാത്രമെ ഇങ്ങനെയൊരു പ്രസ്ഥാനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ. അതനുസരിച്ച് 540,208 ഒപ്പുകളാണ് വേണ്ടിയിരുന്നത്. എന്നാല്‍ കാമ്പയില്‍ ആരംഭിച്ച് 12 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മൂന്നുലക്ഷം ഒപ്പുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞു. ഇതിനകം 507,533 പേര്‍ ഇതില്‍ പങ്കുചേര്‍ന്നു. ജനുവരി 17 ന് കാമ്പയിന്‍ അവസാനിക്കുമ്പോഴേക്കും 720,277 ഒപ്പുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഇത് ആവശ്യമായതിലും രണ്ടുലക്ഷം അധികമാണ്.

വിസ്‌കോന്‍സിന്‍ സംസ്ഥാനത്തിന്റെ 72 കൗണ്ടികളിലും ആവേശകരമായ പ്രതികരണമാണ് തിരിച്ചുവിളിക്കല്‍ കാമ്പയിന് ലഭിക്കുന്നത്. പ്രത്യേകിച്ചും തൊഴിലാളികള്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍. പ്രസ്ഥാനത്തിനെതിരെ തീവ്രവലതുപക്ഷക്കാര്‍ പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ വന്‍നുണ പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍ ഒരു പരസ്യത്തെയും ആശ്രയിക്കാതെയാണ് പ്രസ്ഥാനത്തിന്റെ മുന്നേറ്റം.വോട്ടര്‍ ഐ ഡി നിയമം കര്‍ക്കശമാക്കിക്കൊണ്ട് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും ആഫ്രിക്കന്‍ - അമേരിക്കക്കാരുമുള്‍പ്പെടെ വലിയൊരു ഭാഗം വാക്കര്‍ വിരുദ്ധന്മാരെ തടയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

ഗവര്‍ണര്‍ വാക്കറുടെ നയങ്ങള്‍ 2011 ല്‍ മാത്രം 18,000 പേരെ തൊഴില്‍ രഹിതരാക്കിയിരുന്നു. പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടിയുള്ള ഫണ്ടുകളില്‍ വന്‍തോതില്‍ വെട്ടിക്കുറവ് വരുത്തിയ വാക്കര്‍ അതേസമയം കോര്‍പ്പറേറ്റ് മേഖലയ്ക്ക് വന്‍നികുതിയിളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

വിസ്‌കോന്‍സിന്‍ സംസ്ഥാന നിയമസഭയിലെ രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങളെ നേരത്തെ തിരിച്ചുവിളിച്ചിരുന്നു. ഇപ്പോള്‍ കേവലം ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമെ റിപ്പബ്ലിക്കന്മാര്‍ക്കുള്ളൂ
തിരിച്ചുവിളിക്കല്‍ പ്രസ്ഥാനത്തിന്റെ വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ പുതിയ ഗവര്‍ണറെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സമീപകാലത്ത് ഒഹിയൊ സംസ്ഥാനത്ത് തൊഴിലാളി വിരുദ്ധമായ നിയമങ്ങളെ പരാജയപ്പെടുത്താന്‍ ജനകീയ മുന്നേറ്റത്തിന് കഴിഞ്ഞിരുന്നു.

janayugom 090112

1 comment:

  1. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ സംസ്ഥാനത്ത് തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള ബഹുജനപ്രസ്ഥാനം കരുത്താര്‍ജ്ജിക്കുന്നു.

    ReplyDelete