Thursday, January 12, 2012

ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ എല്ലാ ചുമതലയും ഏറ്റെടുക്കും

കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പ്പിച്ചാല്‍ മുഖ്യ ഉപദേഷ്ടാവായി എല്ലാ ചുമതലയും ഏറ്റെടുക്കുമെന്ന് ഡിഎംആര്‍സി മുന്‍ എംഡി ഇ ശ്രീധരന്‍ . ഉപദേശകനായിമാത്രം കൊച്ചി മെട്രോയുമായി സഹകരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗോള ടെന്‍ഡര്‍ വിളിച്ചാലേ ജപ്പാനില്‍നിന്നു വായ്പ ലഭിക്കൂവെന്ന സംസ്ഥാനസര്‍ക്കാരിന്റെയും കെഎംആര്‍എല്ലിന്റെയും വാദം തെറ്റാണ്. കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്ന മെട്രോ അനുബന്ധ നിര്‍മാണ പ്രവൃത്തികളില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന്റെയോ വൈദ്യുതി ബോര്‍ഡിന്റെയോ സഹകരണം ലഭിക്കുന്നില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

വന്‍പദ്ധതി ആയതിനാല്‍ തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ടീം വര്‍ക്കാണ് വേണ്ടത്. അതിന് ഡിഎംആര്‍സിയുടെ സഹായം വേണം. കെഎംആര്‍എല്ലിന് ഇക്കാര്യത്തില്‍ മുന്‍പരിചയമില്ല. അതിനാല്‍ അവര്‍ക്ക് സഹായിക്കാനാവില്ല. ഈ സാഹചര്യത്തില്‍ താന്‍ ഉപദേശകനായോ കണ്‍സള്‍ട്ടന്റായോ വന്നിട്ട് കാര്യമില്ല. പദ്ധതിക്ക് സാങ്കേതിക വൈദഗ്ധ്യവും മുന്‍പരിചയവുമുള്ള മികച്ച ടീം ആവശ്യമാണ്. അതുകൊണ്ടുതന്നെ പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതാണ് നല്ലത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലും അനിശ്ചിതത്വം മാറിയതായി കരുതുന്നില്ല. ഡിഎംആര്‍സിക്ക് പദ്ധതി കൈമാറുന്നതുസംബന്ധിച്ച് അന്തിമതീരുമാനം വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ , സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല.

പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. അതിസങ്കീര്‍ണമായ സാങ്കേതികവിദ്യ ആവശ്യമുള്ള പദ്ധതിയില്‍ ഇന്ത്യയിലെ മറ്റൊരു ഏജന്‍സിക്കും മുന്‍പരിചയമില്ല. രൂപരേഖ തയ്യാറാക്കാനും നടത്തിപ്പ്, റെയിലിന്റെ റോളിങ്, സിഗ്നലിങ്, ടിക്കറ്റ്, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവയ്ക്കെല്ലാം ഡിഎംആര്‍സിക്ക് സാങ്കേതികവിദഗ്ധരുണ്ട്. ഡിഎംആര്‍സി ഏറ്റെടുത്താല്‍ കൃത്യം മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. കെഎംആര്‍എല്‍ ചെയ്താല്‍ അതിനേക്കാള്‍ ഒന്നരക്കൊല്ലമെങ്കിലും വൈകും. മുന്‍പരിചയമില്ലാത്തതിനാല്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് കണ്‍സള്‍ട്ടന്റ്സിനെ നിയമിക്കാനും പദ്ധതിരേഖയും ടെന്‍ഡര്‍ജോലികളും പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാനും ഒന്നരവര്‍ഷമെങ്കിലും വേണ്ടിവരും. എന്നാല്‍ , ഡിഎംആര്‍സി രണ്ടുമാസംകൊണ്ട് നിര്‍മാണം തുടങ്ങും. ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞചെലവില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഡിഎംആര്‍സിക്കു കഴിയുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെങ്കില്‍ ജൈക്ക (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി)യുടെ വായ്പ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണ്. ഡിഎംആര്‍സിയിലും തന്റെ നേതൃത്വത്തിലും ജൈക്കയ്ക്ക് വിശ്വാസമുണ്ട്. ജൈക്ക അധികൃതരുമായി കഴിഞ്ഞദിവസം സംസാരിച്ചു. ഡിഎംആര്‍സി ആണെങ്കില്‍ വായ്പയ്ക്ക് ഒരു തടസ്സവുമില്ലെന്ന് അവര്‍ പറഞ്ഞു. കെഎംആര്‍എല്‍ ആണെങ്കില്‍ ശേഷി പരിശോധിച്ച ശേഷമേ തരൂ. ടെന്‍ഡര്‍ വിളിക്കാതെതന്നെ ഒട്ടേറെ പദ്ധതികള്‍ ഡിഎംആര്‍സി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കമ്പനിയായതിനാല്‍ ഇതില്‍ നിയമപ്രശ്നങ്ങളില്ല. ഡിഎംആര്‍സി ഏറ്റെടുത്താല്‍ കെഎംആര്‍എല്ലുമായി കരാറുണ്ടാക്കിയാകും പ്രവര്‍ത്തിക്കുക. ഡിഎംആര്‍സിക്ക് ബിസിനസ് ലഭിക്കാനല്ല താന്‍ ഇക്കാര്യം പറയുന്നത്. നാലു കോടിയിലേറെയാണ് ഡിഎംആര്‍സിയുടെ പ്രതിദിന വരുമാനം. കൊച്ചി മെട്രോ റെയില്‍ നിര്‍മിച്ചിട്ട് അവര്‍ക്ക് ലാഭമുണ്ടാക്കേണ്ട കാര്യമില്ല. ഡിഎംആര്‍സി ഏറ്റെടുത്താല്‍ കെഎംആര്‍എല്ലിന്റെ എന്‍ജിനിയര്‍മാര്‍ക്ക് മെട്രോയുടെ തുടര്‍നടത്തിപ്പിനുള്ള തൊഴില്‍വൈദഗ്ധ്യം ലഭിക്കില്ലെന്ന വാദം തെറ്റാണ്. പദ്ധതിയുടെ ആദ്യഘട്ടം മുതല്‍ അവരുടെ എന്‍ജിനിയര്‍മാര്‍ക്ക് സഹകരിക്കാനും പദ്ധതിയെക്കുറിച്ചു പഠിക്കാനും അവസരമുണ്ടാകും. പിന്നീട് നെടുമ്പാശേരിയിലേക്ക് മെട്രോ പാത നീട്ടാനാവശ്യമായ സാങ്കേതിക വൈദഗ്ധ്യം അവര്‍ക്കു ലഭിക്കും. പിന്നീട് ചെയ്യാനുള്ള ഇക്കാര്യം പറഞ്ഞ് പദ്ധതി വൈകിക്കുന്നത് ശരിയല്ല. ആദ്യഘട്ടം പൂര്‍ത്തിയായാലും ഡിഎംആര്‍സിയുടെ സഹായമുണ്ടാകും. - ശ്രീധരന്‍ വ്യക്തമാക്കി.

deshabhimani 120112

1 comment:

  1. കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പ്പിച്ചാല്‍ മുഖ്യ ഉപദേഷ്ടാവായി എല്ലാ ചുമതലയും ഏറ്റെടുക്കുമെന്ന് ഡിഎംആര്‍സി മുന്‍ എംഡി ഇ ശ്രീധരന്‍ . ഉപദേശകനായിമാത്രം കൊച്ചി മെട്രോയുമായി സഹകരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗോള ടെന്‍ഡര്‍ വിളിച്ചാലേ ജപ്പാനില്‍നിന്നു വായ്പ ലഭിക്കൂവെന്ന സംസ്ഥാനസര്‍ക്കാരിന്റെയും കെഎംആര്‍എല്ലിന്റെയും വാദം തെറ്റാണ്. കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്ന മെട്രോ അനുബന്ധ നിര്‍മാണ പ്രവൃത്തികളില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന്റെയോ വൈദ്യുതി ബോര്‍ഡിന്റെയോ സഹകരണം ലഭിക്കുന്നില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

    ReplyDelete