Thursday, January 12, 2012

ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ 42,307; അനുവദിച്ചത് 45


കുഞ്ഞുമുഹമ്മദിന് കിട്ടിയത് ഉറപ്പ് മാത്രം

കോഴിക്കോട്: "ഇനി ആരോട് ചോദിക്കണമെന്ന് അറിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിസാറിനെ വരെ കണ്ടു യാചിച്ചു. ഉടന്‍ പരിഹാരമുണ്ടാവുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുക്കം ഭീഷണിയും. ഒരുനേരത്തെ ഭക്ഷണത്തിനെങ്കിലും സഹായം നല്‍കാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാ ഇവരൊക്കെ"...വിറയാര്‍ന്ന ശബ്ദത്തില്‍ കുഞ്ഞുമുഹമ്മദ് ചോദിക്കുന്നു. കൊട്ടിഘോഷിച്ച് നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിട്ടും ശരീരം തളര്‍ന്ന് കിടപ്പിലായ തനിക്ക് ചെറിയ സഹായം പോലും ലഭിച്ചില്ലെന്നതാണ് കുഞ്ഞുമുഹമ്മദിനെ രോഷാകുലനാക്കുന്നത്.

രണ്ടു വര്‍ഷം മുമ്പാണ് അത്തോളി മീത്തല്‍ വീട്ടിലെ 52കാരനായ കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തില്‍ ദുരിതം പെയ്ത് തുടങ്ങിയത്. ഓട്ടോ ഡ്രൈവറായിരുന്നു. പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞു വീണു. കഴുത്തിന് പിന്നില്‍ കശേരുക്കള്‍ വളര്‍ന്നതിനാല്‍ നട്ടെല്ലിലുണ്ടായ ചതവായിരുന്നു രോഗം. മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും എഴുന്നേല്‍ക്കാനായില്ല. ആന്ധ്രയിലെ സായിബാബ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍കോളേജിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓട്ടോ വിറ്റ രണ്ടരലക്ഷം രൂപ ചെലവാക്കിയാണ് ചികിത്സ നടത്തിയത്. 80ശതമാനം വികലാംഗനെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുഞ്ഞുമുഹമ്മദ് നിത്യവൃത്തിക്കും മരുന്ന് വാങ്ങുന്നതിനും മറ്റു വഴികളില്ലാതായപ്പോള്‍ അത്തോളി പഞ്ചായത്തില്‍ വികലാംഗ പെന്‍ഷന് അപേക്ഷ നല്‍കി. 2011 ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ അനുവദിച്ചുഅറിയിപ്പ് ലഭിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

പ്രതീക്ഷയോടെ കഴിഞ്ഞ നവംബര്‍ അഞ്ചിന് കോഴിക്കോട്ട് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കി. 10 ദിവസം കൊണ്ട് തുക ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്ന് കലക്ടറെ സമീപിച്ചപ്പോള്‍ ഉടന്‍ പണം നല്‍കാന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. പക്ഷേ പണം കിട്ടുമ്പോള്‍ തരാം എന്ന നിരുത്തരവാദ സമീപനമായിരുന്നു പഞ്ചായത്ത് അധികൃതരുടേതെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. ഇതിനെ ചോദ്യംചെയ്തതിന് പഞ്ചായത്ത് സെക്രട്ടറിയും വൈസ് പ്രസിഡന്റും കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മൂന്നര മാസമായി വെസ്റ്റ്ഹില്‍ ചുങ്കത്തെ ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സ. 35,000രൂപ ചികിത്സയ്ക്കായി ഇവിടെയും ചെലവായി. നട്ടെല്ല് തേയ്മാനത്തെതുടര്‍ന്ന് ഭാര്യ നബീസയും ഇവിടെ ചികിത്സയിലാണ്. മരുന്നിനും മറ്റുമായി ഇരുവര്‍ക്കും ദിവസം 200 രൂപ വേണം. മൂത്ത മകന്‍ റംഷീദ് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായമാണ് ഇപ്പോള്‍ ആശ്രയം. ഇനിയെന്തെന്ന് അറിയാതെ ആശങ്കയിലാണ് കുഞ്ഞുമുഹമ്മദ്.

ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ 42,307; അനുവദിച്ചത് 45

മലപ്പുറം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ അപേക്ഷ നല്‍കിയ അരലക്ഷത്തോളം പേരില്‍ അനുവദിച്ചത്് 45 പേര്‍ക്ക് മാത്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് കഴിഞ്ഞ നവംബറില്‍ നടന്ന പരിപാടിയുടെ ഗുണം ലഭിച്ചത് നാമമാത്ര അപേക്ഷകര്‍ക്ക് മാത്രമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിപിഎല്‍ കാര്‍ഡിനായി 42,307 പേരാണ് അപേക്ഷ നല്‍കിയത്. അതില്‍ 45 പേര്‍ക്കാണ് കാര്‍ഡ് അനുവദിച്ച് ഉത്തരവായത്. ആര്‍ക്കും കാര്‍ഡ് കൈയില്‍ കിട്ടിയിട്ടില്ല. എന്ന് ലഭിക്കുമെന്നതിന് അധികൃതര്‍ക്കും കൃത്യമായ മറുപടിയില്ല. പരിപാടി കൊഴുപ്പിക്കാന്‍ 3,74,900 രൂപ ചെലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അപേക്ഷകള്‍ അച്ചടിക്കാന്‍ മാത്രം 59,735 രൂപ ചെലവഴിച്ചു. പരിപാടിക്ക് ആളെക്കൂട്ടാന്‍ 8500 രൂപയുടെ ക്ഷണക്കത്തടിച്ചു. ബാനര്‍ (7136), സ്റ്റേഷനറി (2487), സ്റ്റേജ് അലങ്കരിക്കല്‍ (15,970), ഗ്യാസ് സിലിണ്ടര്‍ (12,380) എന്നിങ്ങനെയാണ് മറ്റുചെലവുകള്‍ . ചടങ്ങിനെത്തിയ മന്ത്രിമാരെയും നേതാക്കളെയും സ്വീകരിക്കാന്‍ 6560 രൂപയുടെ ഖാദി ഷാള്‍ വാങ്ങി. പരിപാടിയുടെ തത്സമയ ചിത്രങ്ങള്‍ക്കും വീഡിയോക്കുമായി 23,300 രൂപ ചെലവിട്ടു. റിഫ്രഷ്മെന്റ് ചാര്‍ജ് എന്ന പേരില്‍ 2,38,652 രൂപ വകയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് എംഎസ്പി കാന്റീനില്‍ സൗജന്യ ഭക്ഷണമാണ് ഒരുക്കിയത്. വ്യാപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും സംഭാവനയായാണ് ഇതിനുള്ള പണം കണ്ടെത്തിയത്. എന്നിട്ടും റിഫ്രഷ്മെന്റ് ഇനത്തില്‍ ഇത്രയധികം തുക ചെലവഴിച്ചതും ദുരൂഹമാണ്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭിക്കുമെന്ന് വ്യാജപ്രചാരണം നടത്തിയാണ് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും പരിപാടിക്ക് ആളെക്കൂട്ടിയത്. സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ പതിനായിരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കിലോമീറ്ററുകള്‍ താണ്ടി പരിപാടിക്കെത്തിയത്. മണിക്കൂറുകളോളം വെയിലത്ത് വരിനിന്ന ഇവര്‍ വഞ്ചിക്കപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. 2009ലെ ബിപിഎല്‍ പട്ടിക പ്രകാരമുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റുന്നതിന് കലക്ടര്‍ക്ക് അധികാരമുണ്ട്. പ്രത്യേക അപേക്ഷ കൂടാതെത്തന്നെ അര്‍ഹരായ ആളുകളുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ബിപിഎല്‍ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ പ്രത്യേക സര്‍വെ നടത്തിയാണ് കണ്ടെത്തുന്നത്. ഫലത്തില്‍ നിലവില്‍ കാര്‍ഡ് ലഭിച്ച 45 കുടുംബങ്ങള്‍ക്കും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തില്ലായിരുന്നെങ്കിലും കാര്‍ഡ് ലഭിക്കുമായിരുന്നു.

deshabhimani 120112

1 comment:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ അപേക്ഷ നല്‍കിയ അരലക്ഷത്തോളം പേരില്‍ അനുവദിച്ചത്് 45 പേര്‍ക്ക് മാത്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് കഴിഞ്ഞ നവംബറില്‍ നടന്ന പരിപാടിയുടെ ഗുണം ലഭിച്ചത് നാമമാത്ര അപേക്ഷകര്‍ക്ക് മാത്രമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

    ReplyDelete