Monday, January 9, 2012

ആദ്യ മാതൃകാ മത്സ്യഗ്രാമമാകാന്‍ മതിപ്പുറം


വിഴിഞ്ഞം മതിപ്പുറം കോളനി സംസ്ഥാനത്തെ മാതൃകാ മത്സ്യഗ്രാമമാക്കുന്ന പദ്ധതിക്ക് അംഗീകാരമായി. ദേശീയതലത്തില്‍ നടപ്പാക്കുന്ന "ചേരിരഹിത ഭാരതം" പദ്ധതിയില്‍ തെരഞ്ഞെടുത്ത നാല് കോളനികളിലൊന്നാണ് മതിപ്പുറം. കോളനിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള 100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തിരുവനന്തപുരം കോര്‍പറേഷന്‍ പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് പിന്നോക്കം നില്‍ക്കുന്ന കോളനികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ചേരിരഹിത ഭാരതം പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ഓരോ സംസ്ഥാനത്തുനിന്നും ഓരോ കോളനിയെയാണ് തെരഞ്ഞെടുത്തത്. ഇതിനായി 22 സംസ്ഥാനങ്ങള്‍ പദ്ധതിറിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മഹാരാഷ്ട്ര, കേരളം, ഒഡിഷ, രാജസ്ഥാന്‍ എന്നിവയുടെ പദ്ധതികള്‍ക്കുമാത്രമാണ് അംഗീകാരമായത്. ഇതില്‍ ഏറ്റവും വലിയ പദ്ധതി മതിപ്പുറത്തേതാണ്. കോളനി നിവാസികളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നതിന് പദ്ധതി സഹായകമാകും.

1038 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇവര്‍ 480 കുടിലുകളിലായാണ് താമസിക്കുന്നത്. ഈ കുടുംബങ്ങള്‍ക്കെല്ലാം സുരക്ഷിതമായ വീട് പദ്ധതിയുടെ ഭാഗമായി ലഭിക്കും. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അതില്‍ വീട് നിര്‍മിക്കും. മറ്റുള്ളവര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഖരമാലിന്യ സംസ്കരണ പ്ലാന്റ്, ഓവുചാല്‍ സംവിധാനം, കുടിവെള്ളവിതരണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കമ്യൂണിറ്റി സെന്റര്‍ , ഓഡിറ്റോറിയം, മത്സ്യസംസ്കരണ യൂണിറ്റ്, ആരോഗ്യകരമായ സാഹചര്യത്തില്‍ മത്സ്യം ഉണക്കുന്നതിനുള്ള സംവിധാനം, മത്സ്യക്കച്ചവടകേന്ദ്രം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 15 ഏക്കറോളം ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭവനപദ്ധതിക്കായി മതിപ്പുറം ജമാഅത്തിന്റെ വക രണ്ടര ഏക്കര്‍ ഭൂമി വിട്ടുകൊടുക്കും. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ അധീനതയിലുള്ള രണ്ടര ഏക്കര്‍ ഭൂമിയും വിനിയോഗിക്കും.

സംസ്ഥാന സര്‍ക്കാര്‍ 82 കോടി രൂപയുടെ വിശദ പദ്ധതിരേഖയ്ക്കാണ് അംഗീകാരം നല്‍കിയത്. ഭാവിയിലെ പദ്ധതിച്ചെലവ് വര്‍ധനകൂടി കണക്കിലെടുക്കണമെന്ന് കേന്ദ്ര നഗരകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടും. ഇതോടെ, പദ്ധതി അടങ്കല്‍ 100 കോടി രൂപയാകുമെന്നാണ് പ്രതീക്ഷ. ഒന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. ഇതിന്റെ 50 ശതമാനം കേന്ദ്രം വഹിക്കും. 30 ശതമാനം സംസ്ഥാനവും 10 ശതമാനംവീതം നഗരസഭയും ഗുണഭോക്താക്കളും വഹിക്കും. വിശദ പദ്ധതിരേഖ ഉടന്‍ കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് മേയര്‍ കെ ചന്ദ്രിക പറഞ്ഞു.

deshabhimani 090112

1 comment:

  1. വിഴിഞ്ഞം മതിപ്പുറം കോളനി സംസ്ഥാനത്തെ മാതൃകാ മത്സ്യഗ്രാമമാക്കുന്ന പദ്ധതിക്ക് അംഗീകാരമായി. ദേശീയതലത്തില്‍ നടപ്പാക്കുന്ന "ചേരിരഹിത ഭാരതം" പദ്ധതിയില്‍ തെരഞ്ഞെടുത്ത നാല് കോളനികളിലൊന്നാണ് മതിപ്പുറം. കോളനിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള 100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തിരുവനന്തപുരം കോര്‍പറേഷന്‍ പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് പിന്നോക്കം നില്‍ക്കുന്ന കോളനികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ചേരിരഹിത ഭാരതം പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ഓരോ സംസ്ഥാനത്തുനിന്നും ഓരോ കോളനിയെയാണ് തെരഞ്ഞെടുത്തത്. ഇതിനായി 22 സംസ്ഥാനങ്ങള്‍ പദ്ധതിറിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മഹാരാഷ്ട്ര, കേരളം, ഒഡിഷ, രാജസ്ഥാന്‍ എന്നിവയുടെ പദ്ധതികള്‍ക്കുമാത്രമാണ് അംഗീകാരമായത്. ഇതില്‍ ഏറ്റവും വലിയ പദ്ധതി മതിപ്പുറത്തേതാണ്. കോളനി നിവാസികളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നതിന് പദ്ധതി സഹായകമാകും.

    ReplyDelete