സമത്വസുന്ദര നവലോകം എന്ന ആദര്‍ശം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരാള്‍. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മധുരമായ പുഞ്ചിരി. അളന്നുമുറിച്ചെടുത്ത വാക്കുകള്‍. ലളിതവും മാതൃകയാക്കാവുന്നതുമായ ജീവിതം. വിശ്വസാഹോദര്യത്തിന്റെ ചിമിഴില്‍ നിറച്ചുവച്ച വിപ്ലവത്തെ പി വി കൃഷ്ണന്‍കുട്ടി എന്നു വിളിക്കാം. ഞങ്ങള്‍ തൃശൂരുകാരുടെ പി വി; വിപ്ലവത്തറവാട്ടിലെ കാരണവര്‍.
1925 ജൂണ്‍ ഒന്‍പതിന് വടൂക്കര പഴങ്കുളങ്ങര വീട്ടില്‍ വേലായുധന്റെയും ചക്കിയുടെയും എട്ടുമക്കളില്‍ രണ്ടാമനായി ജനിച്ച കൃഷ്ണന്‍കുട്ടിയുടെ പഠനം വടൂക്കര ഗുരുവിജയം സ്കൂളിലായിരുന്നു. പിന്നീട് ഹിന്ദി രാഷ്ട്രഭാഷ പാസായതിനുശേഷം ഹിന്ദിപ്രചാരകനായി. മദിരാശി ഹിന്ദി പ്രചാരക സഭയില്‍ ഹിന്ദി കംപോസിറ്ററായി കുറേക്കാലം ജോലി നോക്കി. കമ്മ്യൂണിസ്റ്റുകാരനായ ജ്യേഷ്ഠന്റെ വഴിയേ അനുജന് കൃഷ്ണന്‍കുട്ടിയും വിപ്ലവത്തറവാടിന്റെ പടികയറി.
1945ല്‍ സി അച്യുതമേനോന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് പി വി പാര്‍ട്ടി അംഗമാകുന്നത്. സി ജനാര്ദ്ദനന് പി വി യിലെ വിപ്ലവകാരിയെ കണ്ടെത്തുകയായിരുന്നു. ആ വര്‍ഷം തന്നെ ഉത്തരവാദഭരണത്തിനുവേണ്ടി അന്നത്തെ കൊച്ചി സംസ്ഥാനത്ത് പ്രക്ഷോഭം ആരംഭിച്ചു. ആയിടയ്ക്ക് പ്രസ് വര്‍ക്കേഴ്സ് യൂണിയന് എന്ന പേരില്‍ ഒരു തൊഴിലാളി സംഘടന രൂപീകരിച്ചിരുന്നു. സി അച്യുതമേനോന് പ്രസിഡന്റ്, പി വി കൃഷ്ണന്‍കുട്ടി സെക്രട്ടറി. ഉത്തരവാദഭരണത്തിനായി നടത്തിയ സമരം 'കര്‍ക്കിടകം 13ന്റെ സമരം' എന്നാണ് അറിയപ്പെട്ടിരുന്നത്. എല്ലാവരും സമരരംഗത്തിറങ്ങിയപ്പോഴും തൃശൂരിലെ വിദ്യാവിനോദിനി പ്രസ്സു മാത്രം പണിമുടക്കാന്‍ തയ്യാറായില്ല. പി വി യുടെ നേതൃത്വത്തില്‍ പ്രസ് ഉപരോധിച്ചു. അതായിരുന്നു പി വിയുടെ സമരജീവിതത്തിന്റെ ആരംഭം. പിറ്റേവര്‍ഷം 1946ല്‍ വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി പാലിയം സമരം ആരംഭിച്ചു. എം എസ് കുമാരന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പി വിയും കൂട്ടരും തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് കാല്‍നടയായി സമരം നയിച്ചു. പൊലീസിന്റെ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജാണ് ആ സമരഭടന്മാരെ കാത്തിരുന്നത്. കിസാന്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച പി വി ഇരിങ്ങാലക്കുട സബ് ജയിലില്‍ ശിക്ഷയനുഭവിച്ചു.
1948ല്‍ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുമ്പോള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്ഥീകോര്ണറില് നടന്ന പൊതുയോഗത്തില്‍ പി വി രാജവാഴ്ചയ്ക്കെതിരെ പ്രസംഗിച്ചു. കേള്‍വിക്കാരില്‍ വലിയ ചലനമുണ്ടാക്കിയ ആ പ്രസംഗം ഭരണകൂടത്തെ അസ്വസ്ഥമാക്കി. രാജാവിനെതിരെ സംസാരിച്ചതിന് പിറ്റേന്ന് പി വിയെ അറസ്റ്റുചെയ്തു. നഗരസഭാ ഓഫീസിനു മുന്‍വശത്തെ കെട്ടിടത്തിലായിരുന്നു അന്നത്തെ പൊലീസ് സ്റ്റേഷന്. പി വിയെ ലോക്കപ്പിലിട്ട് അതിക്രൂരമായി പൊലീസ് മര്‍ദ്ദിച്ചു. കാല്‍മുട്ടുകളില്‍ ബൂട്സിട്ട് ചവിട്ടുകയും കൈകള്‍ പിടിച്ച് ചുമരില്‍ ചേര്‍ത്തുനിര്‍ത്തി ഇടിക്കുകയുമാണുണ്ടായത്. 15 ദിവസം നന്നായി പ്രഹരിച്ചതിനുശേഷം പി വിയെ അവര്‍ വിട്ടയച്ചു. ആ സംഭവത്തിനു പിന്നാലെ മംഗളോദയം പ്രസ്സിലെ ജോലി അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതോടെ പി വി പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തകനായി. 1953 മുതല്‍ അദ്ദേഹം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ അംഗമാണ്. 20 വര്‍ഷക്കാലം പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. ബോംബെയില്‍ നടന്ന ഏഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി വി പ്രതിനിധിയായിരുന്നു. പിന്നീട് പാറ്റ്ന, ബട്ടിണ്ട, വിജയവാഡ, വാരണാസി, കൊച്ചി, തിരുവനന്തപുരം, മദ്രാസ്, ഹൈദരാബാദ് എന്നീ പാര്‍ട്ടി കോണ്‍ഗ്രസുകളിലും പി വി പ്രതിനിധിയായി. 1950 ല്‍ ടി കെ നാരായണപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമേര്‍പ്പെടുത്തി. പാര്‍ട്ടി നേതാക്കളെല്ലാം ഒളിവില്‍ പോയി. സഖാക്കള്‍ കെ കെ വാരിയര്‍, സി ജനാര്ദ്ദനന്, കെ പി പ്രഭാകരന്, ആര് വി രാമന്‍കുട്ടി വാര്യര്‍, പി എസ് നമ്പൂതിരി തുടങ്ങി നിരവധി നേതാക്കള്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുന്ന സമയം.
അങ്ങനെയിരിക്കെ സി അച്യുതമേനോന് ഒഴികെയുള്ള നേതാക്കള്‍ അറസ്റ്റുചെയ്യപ്പെട്ടു. ആ സമയത്താണ് ആമ്പല്ലൂര്‍ അളഗപ്പ ടെക്സ്റ്റൈല്‍സിലെ തൊഴിലാളികള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരത്തിന് ആര് നേതൃത്വം നല്‍കുമെന്ന ചോദ്യമുയര്‍ന്നു. പി എസ് നമ്പൂതിരി സമരത്തിന് നേതൃത്വം നല്‍കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഒളിവില്‍ കഴിയുന്ന പി എസ് നമ്പൂതിരിയെ അളഗപ്പ ടെക്സ്റ്റയില്സിനടുത്തുള്ള ഏതെങ്കിലും ഒളിസങ്കേതത്തിലേക്ക് കൊണ്ടുവന്ന് പിറ്റേന്ന് സമരം നയിക്കാന്‍ പുറത്തിറക്കാമെന്നായിരുന്നു പാര്‍ട്ടിക്കാരുടെ കണക്കുകൂട്ടല്‍. പി വിയാണ് ഇതിനെല്ലാം വേണ്ട അണിയറനീക്കങ്ങള്‍ നടത്തിയത്. ഈ തന്ത്രം മണത്തറിഞ്ഞ പൊലീസും അവരുടെ ഗുണ്ടകളും ചേര്‍ന്ന് പി എസ് നമ്പൂതിരിയെ വളയാന്‍ തയ്യാറെടുത്തുകൊണ്ട് സമരകേന്ദ്രത്തിന് കുറച്ചകലെ മാറി നിലയുറപ്പിച്ചു. പി എസ് നമ്പൂതിരിയാകട്ടെ പുറത്തിറങ്ങി ഒരു ചെങ്കൊടിയുമേന്തി ഒറ്റയ്ക്ക് സമരം നയിച്ചു. അതിക്രൂരമായ മര്‍ദ്ദനമാണ് അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. ഈ രംഗങ്ങള്‍ പി വിയെ വല്ലാതെ ഉലച്ചുകളഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനവും ഒളിവിലെ ജീവിതവും മുന്നോട്ടുപോകുന്നതിനിടെ മരണത്തെ മുഖാമുഖം കണ്ട ഒരു സംഭവം പി വി ഓര്‍ത്തെടുക്കുന്നു: സീതാറാം മില്‍ ട്രേഡ് യൂണിയന് നേതാവായിരുന്ന അമ്പാടി ശങ്കരന്‍കുട്ടി ഒളിവില്‍ പോയകാലം. അദ്ദേഹത്തെ പിടികൂടുന്നതിനുവേണ്ടി പൊലീസ് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയെ അറസ്റ്റുചെയ്തു. അമ്പാടി കീഴടങ്ങി. അമ്പാടിക്ക് അറിയാവുന്ന ഒളിസങ്കേതങ്ങളില്‍ നിന്ന് സഖാക്കളെ മാറ്റുകയാണ്. കെ കെ വാരിയരെ തൃശൂരില്‍ നിന്ന് മനക്കൊടിയിലേക്കാണ് മാറ്റുന്നത്. രാത്രിയില്‍ വഞ്ചിയിലാണ് യാത്ര. തുഴക്കാരനായി കോടന്നൂരിലെ എം ആര് ഷണ്മുഖന്. കൊക്കാലെ വഴി മനക്കൊടിയിലേക്ക് വഞ്ചി നീങ്ങുകയാണ്. കെ കെ വാരിയരും പി വിയും വഞ്ചിയില്‍ ഇരിക്കുന്നു. കര്‍ക്കിടകം തകര്‍ത്തുപെയ്യാന്‍ തുടങ്ങി. വഞ്ചിയിലേക്ക് വെള്ളം കയറി മുങ്ങുമെന്ന സ്ഥിതിയായി. പക്ഷെ ഭയന്നതുപോലെ ഒന്നും സംഭവിച്ചില്ല. മരണത്തെ മുഖാമുഖം കണ്ട് അവര്‍ സുരക്ഷിതരായി മനക്കൊടിയിലെത്തി.
ഒളിവിലെ അനുഭവങ്ങള്‍ തീരുന്നില്ല. ജോര്‍ജ് ചടയംമുറി ആനന്ദപുരത്ത് ഒളിവില്‍ കഴിയുന്ന സമയത്ത് മറ്റൊരു അപകടം പി വിയെ തേടിയെത്തി. ചടയംമുറിയെ ഒരു വിവരം ധരിപ്പിക്കുന്നതിന് പി വി പോവുകയാണ്. മുത്രത്തിക്കര പാടത്തുകൂടിയാണ് യാത്ര. ഇടയ്ക്കുവച്ച് പൊലീസും ഗുണ്ടകളും ചേര്‍ന്ന് പി വിയെ വളഞ്ഞു. അവര്‍ ആക്രമിക്കുമെന്ന ഘട്ടം വന്നപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന സ്ഫോടകവസ്തു അവര്‍ക്കുനേരെ പ്രയോഗിക്കാന്‍ പി വി നിര്‍ബന്ധിതനായി. അത് പൊട്ടിത്തെറിച്ച് ഗുണ്ടകളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അയാളാകട്ടെ വലിയ വായില്‍ കരയാന്‍ തുടങ്ങി. രാത്രിയാണ്. കൂട്ടത്തില്‍ ഒരാളുടെ കരച്ചില് കേട്ടതോടെ പൊലീസിന്റെയും ഗുണ്ടകളുടെയും ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു. ആ അവസരം ഉപയോഗിച്ച് പി വി അവിടെ നിന്ന് രക്ഷപ്പെട്ടു. നെല്ലായി റെയില്‍വേ പാലത്തിനടിയിലൂടെ ഊര്‍ന്നിറങ്ങി കുറെ നടന്നു. നെല്ലായി രജിസ്ട്രാഫീസിനു മുന്നില്‍ കിടന്നു വിശ്രമിച്ചു. കുറെ കഴിഞ്ഞ് നടന്ന് പന്തല്ലൂരെത്തുകയാണുണ്ടായത്. മൂന്നു വര്‍ഷക്കാലം പി വി ഒളിവില്‍ കഴിഞ്ഞു(1949,50,51). അതില്‍ ഒരു വര്‍ഷം മദിരാശിയിലായിരുന്നു. അന്നത്തെ ജീവിതദുരിതം ഓര്‍ക്കാന്‍ പോലുമാകിലെന്ന് പി വി. അത്രയും കഠിനമായിരുന്നു ഭക്ഷണവും വെള്ളവും അഭയവുമില്ലാതിരുന്ന പകലിരവുകള്‍. പി വിയുടെ സംഭവബഹുലമായ ജീവിതത്തിലേക്ക് എം തങ്കം കടന്നുവന്നത് നിശബ്ദമായ ഒരു പ്രണയമായിട്ടായിരുന്നു. പ്രസവത്തോടെ അമ്മയും ചെറുപ്പത്തിലേ അച്ഛനും നഷ്ടപ്പെട്ട തങ്കത്തെ മഹിളാ പ്രവര്‍ത്തകരുടെ പരിപാടികള്‍ക്കിടെയാണ് പി വി ശ്രദ്ധിച്ചത്. ആരോരുമില്ലാതിരുന്ന ആ യുവതിക്ക് പി വി നാഥനായി. അങ്ങനെ തങ്കം സനാഥയായി. 1957 ജൂണ്‍ ഒന്‍പതിനായിരുന്നു ആ മാംഗല്യം. അന്ന് പി വിയുടെ 32-ാം ജന്മദിനമായിരുന്നു. തങ്കത്തിന് 25. അവര്‍ പിന്നീട് കൂര്‍ക്കഞ്ചേരി ബോധാനന്ദ സ്കൂളില്‍ അധ്യാപികയായി വിരമിച്ചു. പി വി- തങ്കം ദമ്പതികള്‍ക്ക് നാലു മക്കളാണ്. അവരെല്ലാം സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.
തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച പി വി തലപ്പിള്ളി താലൂക്കിലും ഒല്ലൂര്‍,പഴയ ചേര്‍പ്പ്, തൃശൂര്‍ മണ്ഡലങ്ങളിലും വിശ്രമമില്ലാതെ ഓടിനടന്നു പ്രവര്‍ത്തിച്ചു. ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ട്രേഡ് യൂണിയന് രംഗത്തും പി വിയുടെ സാന്നിധ്യവും നിരന്തര ഇടപെടലുകളും ശ്രദ്ധേയമാണ്. 1952ല്‍ എം എ കാക്കു രൂപീകരിച്ച ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന് (എ ഐ ടി യൂ സി) സെക്രട്ടറിയാണ് പി വി. ഹോട്ടല്‍ വര്‍ക്കേഴ്സ് യൂണിയന്, മുനിസിപ്പല്‍ വര്‍ക്കേഴ്സ് യൂണിയന്, പീടിക തൊഴിലാളി യൂണിയന്, എന്‍ജിനിയറിംഗ് വര്‍ക്കേഴ്സ് യൂണിയന് തുടങ്ങി പി വിയുടെ കയ്യൊപ്പ് പതിയാത്ത മേഖലകള്‍ ജില്ലയില്‍ കുറവാണ്. ഇപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ അംഗം, എ ഐ ടി യു സി ജില്ലാ കമ്മിറ്റിയംഗം, സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിക്കുന്നു. 1980ല്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം പി വിയുള്‍പ്പെടെ 18 പേര് സോവ്യറ്റ്യൂണിയന് സന്ദര്‍ശിച്ചു. അവിസ്മരണീയമാണ് ആ യാത്ര നല്കിയ അനുഭവങ്ങളെന്ന് പി വിയുടെ സാക്ഷ്യം.
വിപ്ലവത്തറവാട്ടിലെ കാരണവരാണെങ്കിലും ഉമ്മറകോലായില് ഒരു ചാരുകസേരയില്‍ കിടന്ന് വിശ്രമിക്കാനൊന്നും പി വിയെ കിട്ടില്ല. ജില്ലയിലെ ഏതു പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പി വിയുടെയും ടീച്ചറിന്റെയും നിറസാന്നിധ്യമുണ്ട്. പാര്‍ട്ടിയുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും മുന്നണിപ്പോരാളിയായി വിപ്ലവത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കുന്ന കര്‍മ്മയോഗിയായി പി വി കൃഷ്ണന്‍കുട്ടി എന്ന ഞങ്ങളുടെ പി വി മുന്നോട്ടുപോകുന്നു തങ്കം ടീച്ചറിന്റെ കയ്യുംപിടിച്ച്........
സിജോ പുറത്തൂര്‍ janayugom 090112
സമത്വസുന്ദര നവലോകം എന്ന ആദര്‍ശം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരാള്‍. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മധുരമായ പുഞ്ചിരി. അളന്നുമുറിച്ചെടുത്ത വാക്കുകള്‍. ലളിതവും മാതൃകയാക്കാവുന്നതുമായ ജീവിതം. വിശ്വസാഹോദര്യത്തിന്റെ ചിമിഴില്‍ നിറച്ചുവച്ച വിപ്ലവത്തെ പി വി കൃഷ്ണന്‍കുട്ടി എന്നു വിളിക്കാം. ഞങ്ങള്‍ തൃശൂരുകാരുടെ പി വി; വിപ്ലവത്തറവാട്ടിലെ കാരണവര്‍.
ReplyDelete