Thursday, January 26, 2012

ഹസാരികയ്ക്കും മരിയോ മിറാന്‍ഡയ്ക്കും പത്മവിഭൂഷണ്‍ ; ശബാനക്ക് പത്മഭൂഷണ്‍

ഇതിഹാസ സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും വിഖ്യാത കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ . ഇവര്‍ക്കു പുറമെ ചിത്രകാരനും ശില്‍പ്പിയുമായ കെ ജി സുബ്രഹ്മണ്യന്‍ , ഓര്‍ത്തോപീഡിക്സ് വിദഗ്ധന്‍ ഡോ. കാന്തിലാല്‍ ഹസ്തിമാല്‍ സചേതി, ടി വി രാജേശ്വര്‍ (സിവില്‍ സര്‍വീസ്) എന്നിവരെയും പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. ഭാരതരത്നയ്ക്ക് ഈവര്‍ഷം ആരെയും നാമനിര്‍ദേശം ചെയ്തില്ല. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ വിത്തലിന് പത്മഭൂഷണ്‍ ലഭിക്കും. ചലച്ചിത്രതാരം ശബാന അസ്മി, സംവിധായിക മീരാ നായര്‍ എന്നിവരും പത്മഭൂഷണ് അര്‍ഹയായി. സംവിധായകന്‍ പ്രിയദര്‍ശന്‍ , വിഎസ്എസ്സി അസോസിയറ്റ് ഡയറക്ടര്‍ ഡോ. വി ആദിമൂര്‍ത്തി, ആയുര്‍വേദ വിദഗ്ധന്‍ ഡോ. ജെ ഹരീന്ദ്രന്‍നായര്‍ , സാഹിത്യകാരി പെപിത സേത്ത്, കൂടിയാട്ടം വിദഗ്ധന്‍ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, വ്യവസായി ഗോപിനാഥ്പിള്ള എന്നിവര്‍ക്ക് പത്മശ്രീ നല്‍കും. 19 വനിതകളടക്കം 109 പേര്‍ക്കാണ് അവാര്‍ഡുകള്‍ .

ചലച്ചിത്രതാരം ധര്‍മേന്ദ്ര, ചിത്രകാരന്‍ ജതിന്‍ദാസ്, ശില്‍പ്പി അനീഷ് കപൂര്‍ , കര്‍ണാട സംഗീതജ്ഞന്‍ ഡോ. ടി വി ഗോപാലകൃഷ്ണന്‍ , വയലിന്‍ വിദ്വാന്‍ എം എസ് ഗോപാലകൃഷ്ണന്‍ , ഹൃദ്രോഗ വിദഗ്ധന്‍ ദേവിപ്രസാദ് ഷെട്ടി, അര്‍ബുദ വിദഗ്ധന്‍ സുരേഷ് എച്ച് അദ്വാനി, ടാറ്റാ സ്റ്റീല്‍ എംഡി ബി മുത്തുരാമന്‍ , വ്യവസായി സുബ്ബയ്യ വേലയ്യന്‍ , യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ റോണെന്‍സെന്‍ , സരോദ് വാദകന്‍ പണ്ഡിറ്റ് ബുദ്ധദേവ് ദാസ് ഗുപ്ത, നാടകകാരന്‍ ഖാലിദ് ചൗധരി, സാമൂഹ്യപ്രവര്‍ത്തകന്‍ സത്യനാരായണ്‍ ഗോയങ്ക, ശാസ്ത്രജ്ഞരായ പ്രൊഫ. ശശികുമാര്‍ ചിത്രെ, ഡോ. എം എസ് രഘുനാഥന്‍ , ന്യൂറോളജി വിദഗ്ധന്‍ ഡോ. നൊഷിര്‍ എച്ച് വാഡിയ, സാഹിത്യ-വിദ്യാഭ്യാസമേഖലകളില്‍ നിന്നായി ഡോ. എസ് ബി മജുംദാര്‍ , പ്രൊഫ. വിദ്യദഹേജിയ, അരവിന്ദ് പനഗരിയ, ജോസ്പെരേര, ഹോമി കെ ഭാവ, സിവില്‍ സര്‍വീസില്‍ നിന്ന് മാതാപ്രസാദ് എന്നിവര്‍ക്കും പത്മഭൂഷണ്‍ ലഭിച്ചു. സിത്താര്‍ വിദ്വാന്‍ ഷഹീദ് പര്‍വേസ്ഖാന്‍ , രാമചന്ദ്ര സുബ്രയ ഹെഗ്ഡെ (യക്ഷഗാനം), ജോയ് മൈക്കല്‍(നാടകം), സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. പി കെ ഗോപാല്‍ , കായികതാരങ്ങളായ അജീത് ബജാജ് (സ്കീയിങ്), ജുലന്‍ ഗോസ്വാമി (വനിതാ ക്രിക്കറ്റ്), സഫര്‍ ഇഖ്ബാല്‍ (ഹോക്കി), ദേവേന്ദ്ര ജജ്രിജ (പാരാലിമ്പിക്സ്), ലിംബറാം (അമ്പെയ്ത്ത്), സയ്യദ് മുഹമ്മദ് ആരിഫ് (ബാഡ്മിന്റണ്‍) എന്നിവര്‍ക്കും പത്മശ്രീ ലഭിക്കും.

സമൂഹം പരിഹസിച്ചു; ശിവന്‍ നമ്പൂതിരി കുലുങ്ങിയില്ല

കൊല്ലങ്കോട്: നമ്പൂതിരി സമുദായത്തില്‍ പിറന്ന് കൂടിയാട്ടം കലാകാരനായി ജീവിതം തുടങ്ങിയ കലാമണ്ഡലം ശിവന്‍ നമ്പൂതിരിക്ക് പത്മശ്രീ പുരസ്കാരം തേടിയെത്തിയപ്പോള്‍ അത് സമൂഹത്തിനുള്ള മറുപടി. കൂടിയാട്ടത്തിലൂടെ സാമൂഹ്യവീക്ഷണവും പുരാണകഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവിതവുമേകിയ ശിവന്‍ നമ്പൂതിരിയെ പലരും കളിയാക്കിയിരുന്നു. നമ്പൂതിരിക്ക് എങ്ങനെയാണ് ചാക്യാരുടെ വേഷം ചേരുക, വേറെ പണിക്ക് പൊയ്ക്കൂടെ എന്നൊക്കെ പലരും ചോദിച്ചിരുന്നു. എന്നാല്‍ ഈ പരിഹാസത്തെയാകെ എതിരിട്ട് കൂടിയാട്ടത്തിന് അദ്ദേഹം പുതിയ മാനങ്ങള്‍ തീര്‍ത്തു. അദ്ദേഹത്തിന്റെ കലാസപര്യകൊണ്ട് കൊടുവായൂരിലെ കാക്കയൂര്‍ എന്ന ഗ്രാമം ഇന്ന് കേരളമറിയുന്നു.

ഷൊര്‍ണൂര്‍ കണയം അമ്മങ്കോട്ട് മനയ്ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1950ല്‍ ജനിച്ച ശിവന്‍ നമ്പൂതിരി തന്റെ 15-ാം വയസ്സില്‍ കൂടിയാട്ടംവിദ്യാര്‍ഥിയായി ചേര്‍ന്നു. ചാക്യാര്‍ സമുദായത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ വിദ്യാര്‍ഥിയായിരുന്നു ശിവന്‍ നമ്പൂതിരി. ഇത് പലര്‍ക്കും ദഹിച്ചില്ല. പലരും കളിയാക്കി, ചോദ്യങ്ങളുന്നയിച്ചു. ഏതെങ്കിലും ക്ഷേത്രത്തില്‍ പൂജാരിയായി പോകാതെ കൂത്ത് പഠിക്കാനിറങ്ങിയത് ശരിയായില്ലെന്നും പലരും പറഞ്ഞു. എന്നാല്‍ , പൈങ്കുളം രാമചാക്യാരുടെ ശിക്ഷണത്തില്‍ ചിട്ടയായ പരിശീലനത്തിലൂടെ അദ്ദേഹം കല സ്വായത്തമാക്കി. പൈങ്കുളം രാമചാക്യാരാണ് ചാക്യാര്‍സമുദായത്തിന് പുറത്തുള്ള വിദ്യാര്‍ഥികളെ ആദ്യമായി കൂടിയാട്ടം പഠിപ്പിക്കാന്‍ ധൈര്യം കാട്ടിയത്. അദ്ദേഹത്തിന്റെ ആദ്യബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു ശിവന്‍നമ്പൂതിരി.

ആറുമാസം ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ കഥകളി അഭ്യസിച്ചു. അപ്പോഴാണ് കൂടിയാട്ടത്തിന് സ്കോളര്‍ഷിപ്പ് ലഭിച്ചത്. കഥകളിയില്‍നിന്ന് വീണ്ടും കൂടിയാട്ടത്തിലേക്കുള്ള ചുവടുമറ്റം "കര്‍മദോഷ"മാണെന്ന് പലരും പറഞ്ഞു. എന്നാല്‍ , ശിവന്‍നമ്പൂതിരി അതത്ര കാര്യമാക്കിയില്ല. സൗപര്‍ണഹാങ്കം കൂടിയാട്ടത്തില്‍ ശ്രീരാമന്റെ വേഷം അരങ്ങിലെത്തിച്ച് 1968ല്‍ അരങ്ങേറ്റവും ഗംഭീരമാക്കി. ആ വര്‍ഷംതന്നെ കലാമണ്ഡലം സംഘത്തില്‍ ചേര്‍ന്നു. പഠനത്തിനുശേഷം 1975ല്‍ കൂടിയാട്ടം അധ്യാപകനായി കലാമണ്ഡലത്തില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. ഒട്ടുമിക്ക യൂറോപ്യന്‍രാജ്യങ്ങളിലും കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ജഡായുവധത്തിലെ രാവണന്‍ , ബാലി, ശൂര്‍പ്പണഖ, സംന്യാസി തുടങ്ങിയ വേഷങ്ങളും മികവോടെ അരങ്ങിലെത്തിച്ച് കൂടിയാട്ടത്തെ ശ്രദ്ധേയമാക്കി.

നിരവധി പുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തെ തേടിയെത്തി. 1970 മുതല്‍ മൂന്നു തവണ മാര്‍ഗി സ്വര്‍ണമെഡല്‍ ലഭിച്ചു. 1992ല്‍ കൊല്‍ക്കത്ത മലയാളി അസോസിയേഷന്റെ നാട്യകലാരത്ന അവാര്‍ഡ്, 1995ല്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ്, 1998ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999ല്‍ മൃണാളിനി സാരാഭായ് അവാര്‍ഡ്, 2004ല്‍ കലാമണ്ഡലം അവാര്‍ഡ്, ആ വര്‍ഷംതന്നെ കലാകാര മഹാസംഗമത്തിന്റെ കലാകുലശ്രീ അവാര്‍ഡ്, 2007ല്‍ കൂടിയാട്ടത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 2009ല്‍ ഗുരുവായൂരപ്പന്‍ പുരസ്കാരം എന്നിവയും നേടി. കാക്കയൂര്‍ ഡിഎംഎസ്ബി സ്കൂളിലെ സംസ്കൃതം അധ്യാപിക ഇന്ദിരയെ 1979ല്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് 1986 മുതല്‍ കൊടുവായൂരിലെ കാക്കയൂരില്‍ സ്ഥിരതാമസമാക്കി. മക്കള്‍ : മനു, മഞ്ജു.

ബഹിരാകാശഗവേഷണ മികവിനുള്ള അംഗീകാരമായി ആദിമൂര്‍ത്തിക്ക് പത്മശ്രീ

ബഹിരാകാശ വാഹനങ്ങളുടെ ഗതിനിയന്ത്രണമടക്കമുള്ള ഗവേഷണ മികവിനുള്ള അംഗീകാരമായി ഡോ. വി ആദിമൂര്‍ത്തിയെ തേടി പത്മശ്രീ എത്തി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളില്‍ പ്രധാന പങ്കുവഹിച്ച മൂര്‍ത്തി ചന്ദ്രയാന്‍ - ഒന്ന് വിജയത്തിനുപിന്നിലെ മുഖ്യശില്‍പ്പികളിലൊരാളാണ്. ബഹിരാകാശ മാലിന്യങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ലോകശ്രദ്ധ നേടി. 2003-04ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ സ്പേയ്സ് ഡബ്രീസ് കോര്‍ഡിനേഷന്റെ ചെയര്‍മാനായിരുന്നു. 99 മുതല്‍ ഏജന്‍സിയില്‍ ഐഎസ്ആര്‍ഒയെ പ്രതിനിധീകരിക്കുന്നത് ആദിമൂര്‍ത്തിയാണ്. ഐഐടി കാണ്‍പൂരില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം അതേ വര്‍ഷംതന്നെ വിഎസ്എസ്സിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഡോ. എ പി ജെ അബ്ദുള്‍ കലാമിനൊപ്പവും പ്രവര്‍ത്തിച്ചു. എസ്എല്‍വിമുതല്‍ ജിഎസ്എല്‍വി മാര്‍ക്ക് ത്രീവരെയുള്ള എല്ലാ വിക്ഷേപണ വാഹനങ്ങളുടെയും ഗവേഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വിഎസ്എസ്സിയില്‍ ഡെപ്യൂട്ടി ഡയക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബംഗളൂരില്‍ ഐഎസ്ആര്‍ഒയുടെ ഗോളാന്തരപര്യവേഷണ പദ്ധതിയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്നു. ആന്ധ്ര രാജ്മുന്ധ്ര സ്വദേശിയായ മൂര്‍ത്തി തിരുവനന്തപുരം കുമാരപുരത്ത് താമസിക്കുന്നു. ഭാര്യ: സന്ധ്യ. മക്കള്‍ : രജിത, ആദിത്യ(ഗ്രാഫിക് ഡിസൈനര്‍)
(ദിലീപ് മലയാലപ്പുഴ)

പത്മപുരസ്കാര നിറവില്‍ ഡോ. ഹരീന്ദ്രന്‍നായര്‍

സാമൂഹ്യരംഗത്തെ സജീവപ്രവര്‍ത്തകനായ ഡോ. ഹരീന്ദ്രന്‍നായര്‍ക്ക് പത്മശ്രീ പുരസ്കാരം. നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ പഞ്ചായത്തില്‍ കണ്ടല പങ്കജകസ്തൂരിയില്‍ ജനാര്‍ദനന്‍ നായരുടെയും പങ്കജത്തിന്റെയും മൂന്നാമത്തെ മകനായ ഡോ. ഹരീന്ദ്രന്‍നായര്‍ (50) പങ്കജകസ്തൂരി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. കണ്ടല യുപി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹരീന്ദ്രന്‍നായര്‍ മാറനല്ലൂര്‍ ഹൈസ്കൂളില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് ബിഎഎംഎസും നേടി. 1986ല്‍ പൂജപ്പുര ആര്‍ആര്‍ഐയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1988ല്‍ പൂവച്ചലില്‍ ചെറിയ ക്ലിനിക് ആരംഭിച്ചാണ് ആയുര്‍വേദരംഗത്ത് സജീവമാകുന്നത്. അതേവര്‍ഷംതന്നെയാണ് ആസ്ത്മയുടെ മരുന്ന് പങ്കജകസ്തൂരി നിര്‍മിച്ചത്. രാജ്യത്തിനകത്തും പുറത്തും പങ്കജകസ്തൂരി മരുന്നിന് വന്‍പ്രചാരം ലഭിച്ചു. നിലവില്‍ റഷ്യ, മലേഷ്യ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പങ്കജകസ്തൂരി കയറ്റുമതി ചെയ്യുന്നു. 2002ല്‍ കിള്ളിയില്‍ പങ്കജകസ്തൂരി ആയുര്‍വേദ കോളേജ് ആരംഭിച്ചു. 2009ല്‍ പങ്കജകസ്തൂരി എന്‍ജിനിയറിങ് കോളേജ് തുടങ്ങി. 2007ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ആശ. മക്കള്‍ : കസ്തൂരി (രണ്ടാം വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥി), കാവേരി (പ്ലസ്ടു വിദ്യാര്‍ഥി). ജ്യേഷ്ഠന്‍ മഹേന്ദ്രന്‍ പങ്കജകസ്തൂരി ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. പ്രസന്നകുമാരിയാണ് സഹോദരി.

ആദരവേകിയത് ഭാഗവതര്‍മഠത്തിലെ സംഗീതസപര്യക്ക്

തൃപ്പൂണിത്തുറ: സംഗീതചക്രവര്‍ത്തി ടി വി ഗോപാലകൃഷ്ണന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചപ്പോള്‍ സംഗീതലോകത്തിനുമുന്നില്‍ ആദരിക്കപ്പെട്ടത് തൃപ്പൂണിത്തുറയില്‍ നാട്ടുകാര്‍ സ്നേഹപൂര്‍വം ഭാഗവതര്‍മഠമെന്നു വിളിക്കുന്ന വലിയപറമ്പത്തുമഠത്തിലെ സംഗീതപാരമ്പര്യത്തെ. പത്മഭൂഷണ്‍ ലഭിച്ച ടി വി ഗോപാലകൃഷ്ണന്‍ ഈ മഠത്തിലെ ഇപ്പോഴത്തെ തലമുറയിലെ മുതിര്‍ന്ന സംഗീതജ്ഞനാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ദക്ഷിണേന്ത്യയിലെ തഞ്ചാവൂരില്‍നിന്നെത്തിയവരാണ് ഈ മഠത്തിലെ പൂര്‍വികര്‍ . പ്രശസ്ത സംഗീജ്ഞനായിരുന്ന രാമസ്വാമി ഭാഗവതര്‍മുതല്‍ അഞ്ചുതലമുറയുടെ ചരിത്രംമാത്രമേ ഇന്നത്തെ തലമുറയ്ക്ക് ഓര്‍മയുള്ളു. രാമസ്വാമിഭാഗവതര്‍ക്കുശേഷം ഗോപാലകൃഷ്ണ ഭാഗവതര്‍ കൊച്ചി രാജകുടുംബത്തിലെ ആസ്ഥാന വിദ്വാനായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ നാരായണ ഭാഗവതര്‍ വയലിന്‍ പ്രതിഭയായിരുന്നു. ഗോപാലകൃഷ്ണ ഭാഗവതരുടെ മകന്‍ വിശ്വനാഥ ഭാഗവതരുടെ മകനാണ് ടി വി ഗോപാലകൃഷ്ണന്‍ . ഇദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ടി വി രമണി വയലിനിലും ടി വി വാസവന്‍ മൃദംഗത്തിലും കഴിവുതെളിയിച്ചവരാണ്. സഹോദരി രാജലക്ഷ്മി വീണയിലാണ് ശ്രദ്ധേയയായത്. മൃദംഗവിദ്വാന്‍ പരേതനായ ജി എന്‍ നാരായണസ്വാമി ഗോപാലകൃഷ്ണന്റെ ചെറിയച്ഛനാണ്. ജി എന്‍ നാരായണസ്വാമിയുടെ മക്കളായ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ ഘടത്തിലും എന്‍ ഗോപാലകൃഷ്ണന്‍ ഗഞ്ചിറയിലും എന്‍ വെങ്കിടേഷ് തബലയിലും ശ്രദ്ധേയരാണ്. ലോകപ്രശസ്ത വയലിന്‍ വാദകന്‍ ടി എന്‍ കൃഷ്ണനും ഈ കലാപരമ്പരയിലെ അംഗമാണ്.

ടി വി ഗോപാലകൃഷ്ണന്‍ ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചു. മൃദംഗത്തിലും പരിശീലനം നേടി. മഹാരാജാസ് കോളേജിലെ ബിരുദപഠനത്തിനുശേഷം ചെന്നൈയിലേക്കു പോയി. ഇവിടെ ഏജീസ് ഓഫീസില്‍ ഉദ്യോഗം നേടിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ചെന്നൈയില്‍ താമസിക്കുമ്പോഴും തൃപ്പൂണിത്തുറയിലെ സംഗീതപരിപാടിയില്‍ ഇദ്ദേഹം എത്തുമായിരുന്നു. ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവം സംഗീതസഭയുടെ പരിപാടികള്‍ , എം ഡി രാമനാഥന്‍ അനുസ്മരണം തുടങ്ങിയ പരിപാടികളില്‍ ഇദ്ദേഹം മുടക്കംവരുത്താറില്ല. രാധയാണ് ഭാര്യ. വിശ്വനാഥന്‍ , രാമനാഥന്‍ , യാമിനി എന്നിവരാണ് മക്കള്‍ . രാമനാഥന്‍ സാക്സഫോണ്‍കച്ചേരിയില്‍ ഇതിനകം ശ്രദ്ധേയനായി. യാമിനി അറിയപ്പെടുന്ന നര്‍ത്തകിയാണ്.

deshabhimani 260112

1 comment:

  1. ഇതിഹാസ സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും വിഖ്യാത കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ . ഇവര്‍ക്കു പുറമെ ചിത്രകാരനും ശില്‍പ്പിയുമായ കെ ജി സുബ്രഹ്മണ്യന്‍ , ഓര്‍ത്തോപീഡിക്സ് വിദഗ്ധന്‍ ഡോ. കാന്തിലാല്‍ ഹസ്തിമാല്‍ സചേതി, ടി വി രാജേശ്വര്‍ (സിവില്‍ സര്‍വീസ്) എന്നിവരെയും പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. ഭാരതരത്നയ്ക്ക് ഈവര്‍ഷം ആരെയും നാമനിര്‍ദേശം ചെയ്തില്ല. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ വിത്തലിന് പത്മഭൂഷണ്‍ ലഭിക്കും. ചലച്ചിത്രതാരം ശബാന അസ്മി, സംവിധായിക മീരാ നായര്‍ എന്നിവരും പത്മഭൂഷണ് അര്‍ഹയായി. സംവിധായകന്‍ പ്രിയദര്‍ശന്‍ , വിഎസ്എസ്സി അസോസിയറ്റ് ഡയറക്ടര്‍ ഡോ. വി ആദിമൂര്‍ത്തി, ആയുര്‍വേദ വിദഗ്ധന്‍ ഡോ. ജെ ഹരീന്ദ്രന്‍നായര്‍ , സാഹിത്യകാരി പെപിത സേത്ത്, കൂടിയാട്ടം വിദഗ്ധന്‍ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, വ്യവസായി ഗോപിനാഥ്പിള്ള എന്നിവര്‍ക്ക് പത്മശ്രീ നല്‍കും. 19 വനിതകളടക്കം 109 പേര്‍ക്കാണ് അവാര്‍ഡുകള്‍ .

    ReplyDelete